‘ഏഴാംക്ലാസ് മുതല്‍ MDMA, പിന്നെ കാരിയറായി’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒന്‍പതാംക്ലാസുകാരി

കോഴിക്കോട്: ലഹരിമാഫിയ കാരിയറാക്കിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോഴിക്കോട്ടെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി. ഏഴാംക്ലാസ് മുതല്‍ എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ലഹരിമാഫിയ പിന്നീട് തന്നെ കാരിയറാക്കി മാറ്റിയെന്നുമാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരിസംഘത്തിന്റെ കെണിയില്‍പ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു.

ലഹരിസംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പെണ്‍കുട്ടി മാതൃഭൂമി ന്യൂസിനോട് വിശദീകരിക്കുന്നത് ഇങ്ങനെ:

റിപ്പോര്‍ട്ടര്‍: എം.ഡി.എം.എ. സംഘത്തിന്റെ വലയില്‍ എങ്ങനെയാണ് മോള്‍ പെട്ടത്?

പെണ്‍കുട്ടി: ഇന്‍സ്റ്റഗ്രാമില്‍. മെസേജ് അയച്ചതാ ഫസ്റ്റ്. പിന്നെ ഞാന്‍ കുറച്ച് ഇഷ്യൂസ് ഒക്കെ ആയത് കൊണ്ട് വേണമെന്ന് പറഞ്ഞു. അങ്ങനെ യൂസ് ചെയ്തു. അഡിക്ട് ഒന്നും അല്ലായിരുന്നു. പിന്നെ കാരിയറാകണോ എന്ന് ചോദിച്ചപ്പോള്‍ ആകാലോ എന്ന് പറഞ്ഞതാ. അങ്ങനെ കാരിയറായതാ.

 

റിപ്പോര്‍ട്ടര്‍: എത്രാംക്ലാസില്‍ പഠിക്കുമ്പോളാണ് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് വന്നത്. ഇങ്ങോട്ടേക്ക് വന്നതാണോ മെസേജ്?

പെണ്‍കുട്ടി: ആ, ഇങ്ങോട്ടേക്ക് വന്നതാ. എന്റെ ഫ്രണ്ട് ഒരു ഗ്രൂപ്പില്‍ ആഡ് ചെയ്തിരുന്നു. അതില്‍ എന്റെ ഐഡിയുള്ളത് കാരണം എനിക്ക് അയാള്‍ മെസേജ് അയച്ചതാ.

 

റിപ്പോര്‍ട്ടര്‍: എന്ത് ഗ്രൂപ്പാണ്?

പെണ്‍കുട്ടി: റോയല്‍ ഡ്രഗ്‌സ് എന്ന ഗ്രൂപ്പാണ്

 

റിപ്പോര്‍ട്ടര്‍: ഗ്രൂപ്പില്‍ ആഡ് ചെയ്ത ഫ്രണ്ട്‌സ് കൂടെ പഠിക്കുന്നയാളാണോ?

പെണ്‍കുട്ടി: അല്ല, പഠിത്തമൊക്കെ കഴിഞ്ഞയാളാ. പ്ലസ്ടു കഴിഞ്ഞ ആണ്‍കുട്ടിയാണ്.

 

റിപ്പോര്‍ട്ടര്‍: എം.ഡി.എം.എ. എവിടെനിന്നാണ് തരാറുള്ളത്?

പെണ്‍കുട്ടി: സ്‌കൂളിന്റെ താഴെനിന്നുതന്നെയാണ് തരാറുള്ളത്. അത് കുഴപ്പമൊന്നുമില്ല. തന്നാലും ആരും ശ്രദ്ധിക്കുകയൊന്നുമില്ല.

 

റിപ്പോര്‍ട്ടര്‍: എത്രപേരാണ് ഈ സംഘത്തിലുണ്ടായിരുന്നത്?

പെണ്‍കുട്ടി: കുറേപരുണ്ട്. അങ്ങനെ വലിയ ആള്‍ക്കാരാണ്. ചെറിയ ആള്‍ക്കാരൊന്നുമില്ല. 20-25 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.

 

റിപ്പോര്‍ട്ടര്‍: എം.ഡി.എം.എ സ്‌കൂളില്‍ കൊണ്ടുതരുന്നത് ഏത് സമയത്തായിരുന്നു?

പെണ്‍കുട്ടി: ഈവ്‌നിങ്, ക്ലാസ് കഴിഞ്ഞ് വരുമ്പോള്‍ അവിടെയുണ്ടാകും. അവിടുന്ന് തരും. ആദ്യമൊന്നും പൈസയില്ലായിരുന്നു. ഫ്രീയായിട്ടാണ് എനിക്ക് തന്നത്. പിന്നെ കാരിയര്‍ ആയപ്പോ കുഴപ്പമില്ല.

 

റിപ്പോര്‍ട്ടര്‍: ഇത് ഉപയോഗിക്കാനും പഠിപ്പിച്ചുതന്നിരുന്നോ?

പെണ്‍കുട്ടി: ആ, ഫോണില്‍ നോക്കിയാല്‍ മതിയെന്ന് പറഞ്ഞ് ഒരു ലിങ്ക് തന്നിരുന്നു. ആ ലിങ്കില്‍ കയറി നോക്കിയാണ് പഠിച്ചത്.

 

റിപ്പോര്‍ട്ടര്‍: വേറെ കൂട്ടൂകാര്‍ ഇത് ഉപയോഗിക്കുന്നുണ്ടോ?

പെണ്‍കുട്ടി: എന്റെ ഫ്രണ്ട്‌സൊന്നും ഉപയോഗിക്കുന്നില്ല. പക്ഷേ, ഇവരെ കൂട്ടത്തില്‍തന്നെ കുറേ പെണ്‍കുട്ടികളുണ്ട്.

 

റിപ്പോര്‍ട്ടര്‍: കാരിയറായത് എന്നുമുതലാണ്. ഇത് എവിടെയാണ് കൊണ്ടുപോകേണ്ടത്?

പെണ്‍കുട്ടി: ഏഴാംക്ലാസ് അവസാനംമുതലാണ് കാരിയറായത്. വേറെ കുറേ ഫ്രണ്ട്‌സുണ്ട്. അവര്‍ക്കാണ് കൊടുക്കേണ്ടത്. ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ച്, ഞാന്‍ ഈ സ്ഥലത്തുണ്ടാകുമെന്ന് അവര്‍ പറയും. അവിടെ കൊണ്ടുനല്‍കിയാല്‍ മതിയെന്ന് പറയും.

 

റിപ്പോര്‍ട്ടര്‍: അതിന് പൈസ് കിട്ടിയിരുന്നോ?

പെണ്‍കുട്ടി: ഇല്ല. പൈസയുണ്ടായിരുന്നു, പക്ഷേ, ഞാന്‍ എന്റെ ഫ്രണ്ടിന് കൊടുക്കലാണ് പൈസ. വീട്ടില്‍ കൊണ്ടുപോകലില്ല.

 

റിപ്പോര്‍ട്ടര്‍: പൈസ ഫ്രണ്ടിന് കൊടുക്കാറാണോ?

പെണ്‍കുട്ടി: അതെ, വീട്ടിലേക്ക് കൊണ്ടുപോകില്ല. വീട്ടിലേക്ക് കൊണ്ടുപോയാല്‍ എന്താണെന്നൊക്കെ ചോദിക്കും. ഒരുഗ്രാമിന് 700 രൂപയൊക്കെയാണ് കിട്ടിയിരുന്നത്.

 

റിപ്പോര്‍ട്ടര്‍: കോഴിക്കോട് മാത്രമാണോ കാരിയറായി പ്രവര്‍ത്തിച്ചിരുന്നത്?

പെണ്‍കുട്ടി: കോഴിക്കോട് മാത്രമാണ്. ഒരാള്‍ എനിക്ക് തരും. ഞാന്‍ അത് വേറെ ആള്‍ക്ക് കൊടുക്കും. അത്രേയുള്ളൂ. സ്‌കൂള്‍ വിടുന്ന സമയത്തായിരുന്നു.

 

റിപ്പോര്‍ട്ടര്‍:സ്‌കൂള്‍വിട്ട് ഇത് എത്തിക്കാന്‍ പോകുമ്പോള്‍ വീട്ടിലെത്താന്‍ വൈകില്ലേ. അപ്പോള്‍ വീട്ടുകാര്‍ ചോദിക്കില്ലേ?

പെണ്‍കുട്ടി: ആ, വൈകുമ്പോള്‍ ചോദിക്കും. ഞാന്‍ ഫ്രണ്ട്‌സിന്റെ കൂടെ നടക്കുകയാണെന്ന് പറയും.

 

റിപ്പോര്‍ട്ടര്‍: എപ്പോളാണ് ഇതൊക്കെ പുറത്തുപറയണമെന്ന് തോന്നിയത്?

പെണ്‍കുട്ടി: എന്റെ കൈയിലെ വരയെല്ലാം കണ്ടപ്പോള്‍ ഉമ്മ എന്താണെന്ന് ചോദിച്ചു. ആദ്യം ഒന്നും പറഞ്ഞില്ല. ലൗവര്‍ തേച്ചപ്പോള്‍ അതിന്റെ ഫീലിങ് കൊണ്ട് വരച്ചതാണെന്നാണ് പറഞ്ഞത്. പിന്നീടും വരഞ്ഞത് കണ്ടപ്പോള്‍ വീണ്ടും ചോദിച്ചു. അപ്പോളാണ് ഇങ്ങനെ പ്രശ്‌നമുണ്ടെന്ന് പറഞ്ഞത്.

 

ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതതോന്നി മാതാവ് കാര്യങ്ങള്‍ തിരക്കിയതോടെയാണ് ലഹരിസംഘവുമായുള്ള ബന്ധം പുറത്തുവന്നത്. പെണ്‍കുട്ടി കൈയില്‍ ബ്ലേഡ് കൊണ്ട് വരച്ചതാണ് ആദ്യം മാതാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ മാതാവ് കാര്യങ്ങള്‍ തിരക്കിയതോടെ പെണ്‍കുട്ടി കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(കടപ്പാട്: മാതൃഭൂമി ന്യൂസ്)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!