12 വർഷത്തോളമായി നാട്ടിൽ പോകാനാകാതെ ദുരിതത്തിലായ പ്രവാസി ഒടുവിൽ നാടണഞ്ഞു

12 വർഷം മുൻപാണ് എഴുപതുകാരനായ ഉത്തർപ്രദേശ് സ്വദേശി ആർ.എം. ശർമ്മ അവസാനമായി സ്വന്തം നാട്ടിൽ പോയത്. എല്ലാ തവണയും നാട്ടിൽ പോകണമെന്നും വീട്ടുകാരുമൊത്തു കഴിയണമെന്നാഗ്രഹിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ വഴിതടഞ്ഞു. ലക്നൗ ശിർശിയാൻ സാഗർ സ്വദേശിയായ ശർമ, സൗദിയിലെ കിഴക്കൻ പ്രവിശ്യയായ അൽഹസയിൽ എത്തിയിട്ട് 38 വർഷമായി. ആശാരിപ്പണി ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന ശർമ്മ ഒടുവിൽ സാമൂഹിക പ്രവർത്തകരുടെ കാരുണ്യത്താൽ കഴിഞ്ഞ ദിവസം നാട്ടിലെത്തി.

വീടണയാനുള്ള മോഹങ്ങളൊക്കെ വേദനയോടെ ഉള്ളിലൊതുക്കി ശർമ്മ നീറി നീറി സ്വയം എരിഞ്ഞ് തള്ളി നീക്കിയത് 12 വർഷങ്ങൾ. ഭാര്യയും ഒരു പെണ്ണും രണ്ടാണുമടക്കം മൂന്നു മക്കളുമുള്ള കുടുംബമായിരുന്നു ശർമ്മയ്ക്കുള്ളത്. രണ്ടു വർഷം മുൻപ് ഭാര്യ ജാനകി മരിച്ചു. മൂന്നര വർഷം മുമ്പ് ശർമ്മയുടെ സ്പോൺസർ മരണമടഞ്ഞതോടെ പിന്നെയും കാര്യങ്ങൾ കൈവിട്ടുപോയി. ഇഖാമ പുതുക്കാനാവാതെ ശരിയായ ജോലിയോ കൂലിയോ ഇല്ലാതെ സുഹൃത്തുക്കളുടെ സഹായത്താൽ തട്ടിമുട്ടിയുള്ള ജീവിതം. കാലാവധി കഴിഞ്ഞ ഇഖാമയുമായി പോകുന്നതും വരുന്നതുമൊക്കെ പൊലീസിനെയും തൊഴിൽ വകുപ്പിനേയുമൊക്കെ ഭയന്നും മറഞ്ഞും വേണമായിരുന്നു ഓരോ ദിവസവും കിട്ടുന്ന പണിക്കു പോകുവാൻ.

ഭാര്യയുടെ മരണത്തോടെ തികച്ചും നിരാശനായി മാറിയ ശർമ്മയെ പ്രമേഹവും മറ്റു രോഗങ്ങളും പിടികൂടി അവശനാക്കി. പ്രമേഹം കൂടി ഇടത് കാൽപാദത്തിലുണ്ടായ മുറിവ് പഴുത്ത് ആരോഗ്യം കുടുതൽ വഷളായതോടെ ഒന്നു നിവർന്നു നിൽക്കാൻപോലും കഴിയാതെയായി. കഴിഞ്ഞ മാസം 10ന് അൽ ഹസയിൽ എംബസി കോൺസൽ ഓഫീസർ പ്രകാശ് കുമാർ ഔദ്യോഗിക സന്ദർശനത്തിനെത്തിയപ്പോൾ അവശനായ ശർമ്മയെയും കൂട്ടി കൂടെതാമസിച്ചിരുന്ന സുഹൃത്ത് ബംഗ്ലാദേശ് സ്വദേശി മുഹമ്മദലി അവിടെ എത്തി. ‌രണ്ടു വർഷമായി കാലാവധി തീർന്നിരിക്കുന്ന ശർമ്മയുടെ പാസ്പോർട്ട് പുതുക്കാനാവുമോയെന്നും നാട്ടിലെത്തിക്കാനായി ഇന്ത്യൻ എംബസിയിൽ നിന്നും എന്തെങ്കിലും സഹായം ലഭിക്കുമോ എന്നറിയാനും ശ്രമം നടത്തി.

ഈ സമയം അവിടെയുണ്ടായിരുന്ന സാമൂഹിക, ജീവകാരുണ്യ പ്രവർത്തകരും ഹസയിലെ എംബസി സർവ്വീസ് വൊളന്റിയര്‍മാരുമായ ഹസ ഒഐസിസിയുടെ നേതാക്കളായ പ്രസാദ് കരുനാഗപ്പള്ളി, ഉമർ കോട്ടയിൽ, ഷാഫി കുദിർ എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും വിഷയം കോൺസിലർ പ്രകാശ് കുമാറിന്റെ മുന്നിലെത്തിച്ചു. ശർമ്മയുടെ കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് എംബസിയുടെ ഭാഗത്ത് നിന്ന് സഹായമഭ്യർഥിക്കുകയും ചെയ്തു. കാര്യങ്ങൾ നേരിട്ടു കണ്ട് ബോധ്യപ്പെട്ട കോൺസിൽ ഓഫീസർ പ്രകാശ് കുമാർ പാസ്പോർട്ട് പുതുക്കുന്നത് കാലതാമസമുണ്ടാക്കുമെന്നതിനാൽ ശർമ്മക്ക് തൽക്കാലം യാത്ര ചെയ്യുന്നതിന് എമർജൻസി സർട്ടിഫിക്കറ്റ് (ഔട്ട് പാസ്) ശരിയാക്കാമെന്നു ഉറപ്പ് നൽകി.

തൊട്ടടുത്ത ദിവസം തന്നെ ഷാഫി കുദിർ, ഉമർ കോട്ടയിൽ എന്നിവർ റിയാദിലെ ഇന്ത്യൻ എംബസിയിൽ പോയി കോൺസലർ പ്രകാശ് കുമാറിനെ കാണുകയും ശർമ്മക്ക് യാത്ര ചെയ്യുന്നതിനാവശ്യമായ രേഖകൾ കൈപ്പറ്റുകയും ചെയ്തു. അടുത്ത ദിവസം പ്രസാദ് കരുനാഗപ്പള്ളി ശർമ്മയെ ഡീപോർട്ടേഷൻ സെന്ററിലെ ജവാസാത്ത് സെക്ഷനിൽ നിന്നും ഫൈനൽ എക്സിറ്റും ശരിയാക്കി. തുടർന്ന് അൽ ഹുഫൂഫിലെ സംസം ക്ലിനിക്കിൽ നിന്ന് കാലിലെ മുറിവിന് ചികിത്സ നൽകി  മരുന്നും നൽകി. വെള്ളിയാഴ്ച (17) രാവിലെ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ലക്നൗവിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വീൽ ചെയറിന്റെ സഹായത്തോടെ ശർമ്മയെ യാത്രയാക്കി. നാട്ടിലെത്തിയ ഉടനെ ശർമ്മ ഒഐസിസി നേതാക്കളെ വിളിച്ച് നന്ദി അറിയിക്കുകയും ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!