പ്രണയദിനം ആഘോഷിക്കാനായി ഗോവയിലെത്തി; യുവാവും യുവതിയും കടലില്‍ മരിച്ചനിലയില്‍
പ്രണയദിനം ആഘോഷിക്കാനായി ഗോവയിലെത്തിയ യുവാവും യുവതിയും കടലില്‍ മരിച്ചനിലയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ വിഭു ശര്‍മ(27) സുപ്രിയ ദുബെ(26) എന്നിവരാണ് മുങ്ങിമരിച്ചത്. ഗോവയിലെ പാലോലിം ബീച്ചിലായിരുന്നു സംഭവം.
തിങ്കളാഴ്ച രാത്രി ഭക്ഷണത്തിന് ശേഷം കടലിലിറങ്ങിയ ഇരുവരും അപകടത്തില്‍പ്പെട്ടെന്നാണ് പോലീസ് കരുതുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ സുപ്രിയയുടെ മൃതദേഹമാണ് ബീച്ചില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവരുടെ മൊബൈല്‍ഫോണും ബീച്ചില്‍നിന്ന് കണ്ടെടുത്തു. ഫോണ്‍ പരിശോധിച്ചതോടെയാണ് ഇവരെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ ലഭിച്ചത്. ഇതിനുപിന്നാലെ ഉച്ചയോടെ വിഭു ശര്‍മയുടെ മൃതദേഹവും കണ്ടെത്തി. കടലില്‍ കുളിക്കുന്നതിനിടെ സുപ്രിയയാകും ആദ്യം മുങ്ങിപ്പോയതെന്നും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവും അപകടത്തില്‍പ്പെട്ടതാണെന്നുമാണ് പോലീസിന്റെ നിഗമനം.
സംഭവത്തില്‍ മറ്റുദുരൂഹതകളൊന്നും ഇല്ലെന്നാണ് പോലീസ് നല്‍കുന്നവിവരം. യുവാക്കളുടെ കൈവശമുണ്ടായിരുന്ന വിലപ്പിടിപ്പുള്ളവസ്തുക്കളെല്ലാം ഹോട്ടല്‍മുറിയില്‍ തന്നെയുണ്ടായിരുന്നു. യുവതിയുടെ ആഭരണങ്ങളെല്ലാം മൃതദേഹത്തില്‍നിന്ന് കണ്ടെടുത്തതായും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സൗത്ത് ഗോവ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് ഗോവയിലെത്തിയ ഇരുവരും നേരത്തെ നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഇതിനുശേഷമാണ് പാലോലിം മേഖലയിലെത്തിയത്. തിങ്കളാഴ്ച രാത്രി ഭക്ഷണവും കോക്ടെയിലും കഴിച്ചശേഷം ഇരുവരും ബീച്ചിലേക്ക് പോയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി ഏറെ വൈകി ബീച്ചില്‍നിന്ന് ആരോ സഹായം അഭ്യര്‍ഥിച്ച് വിളിക്കുന്നത് പോലെ കേട്ടിരുന്നതായി ചില വിദേശികളും മൊഴിനല്‍കിയിട്ടുണ്ട്.
മരിച്ച സുപ്രിയയും വിഭു ശര്‍മയും ബന്ധുക്കളാണെന്നാണ് പോലീസ് നല്‍കുന്നവിവരം. സുപ്രിയ ബെംഗളൂരുവിലും വിഭു ശര്‍മ മുംബൈയിലുമാണ് ജോലിചെയ്തിരുന്നത്. അതേസമയം, ഇരുവരും ഗോവയിലെത്തിയ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നും രണ്ടുപേരുടെയും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
സൗദി വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273