ബസുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു; ഫെബ്രുവരി 28നകം എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണം

കേരളത്തിൽ എല്ലാ ബസുകളിലും കാമറ ഘടിപ്പിക്കാൻ കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഫെബ്രുവരി 28ന് എല്ലാ ബസുകളിലും തീരുമാനം നടപ്പിലാക്കിയിരിക്കണം.

മുൻഭാഗത്തെ റോഡും ബസിന്റെ അകവും കാണാനാവുന്ന രീതിയിലാകണം കാമറ ഘടിപ്പിക്കേണ്ടത്. ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷ അതോറിറ്റി വഹിക്കും. കെ.എസ്.ആർ.ടി സി.ബസുകളിലും കാമറ ഘടിപ്പിക്കും. കാമറയിലെ ദൃശ്യങ്ങൾ ആരാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമാകാൻ സഹായിക്കുമെന്ന് യോഗം വിലയിരുത്തി. കൂടാതെ ബസുകളുടെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതനായി പ്രത്യേക നടപടികളും സ്വീകരിക്കും.

നിയമവിധേയമായാണോ ഓരോ ബസും ഓടുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കും. ഇതിനായി ഓരോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്യും. ഏതെങ്കിലും ബസുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തിയാൽ അതിൽ പ്രസ്തുത ഉദ്യോഗസ്തനും ഉത്തരവാദിയായിരിക്കും.

ബസ് ഡ്രൈവർമാരുടെ ലൈസൻസ് കോപ്പി അടക്കമുള്ള വിവരങ്ങൾ ബസുടമകൾ ഗതാഗത വകുപ്പിനെ അറിയിക്കണം. ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കും. ബസ് ജീവനക്കാർക്ക് ആറ് മാസത്തിലൊരിക്കൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നൽകാനും തീരുമാനമുണ്ട്.

ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച പ്രശ്നങ്ങൾ പരിശോധിക്കാനാണ് ഗതാഗത മന്ത്രി യോഗം വിളിച്ചത്. ബസുകളുടെ മരണപ്പാച്ചിലിനെ ഹൈകോടതി നിശിതമായി വിമർശിച്ച് കഴിഞ്ഞ ദിവസം രംഗത്തുവന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു യോഗം.

മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകള്‍, തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.

സൗദി വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!