ആർഎസ്എസുമായി ചർച്ച നടത്തിയതായി ജമാഅത്തെ ഇസ്‌ലാമി; മുൻകയ്യെടുത്തത് മുൻ തിര. കമ്മിഷണർ ഖുറേഷി

ന്യൂഡൽഹി: നിർണായകമായ രാഷ്ട്രീയ നീക്കത്തിൽ, ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്‍ലാമി. ജനുവരി 14ന് ന്യൂഡൽഹിയിൽ വച്ച് ചർച്ച നടന്നതായി ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി ടി.ആരിഫ് അലി വ്യക്തമാക്കി. കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നവരെന്ന നിലയിലാണ് ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയതെന്നും ‘ദ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ ആരിഫ് അലി വ്യക്തമാക്കി.

മുൻ ഇലക്ഷൻ കമ്മിഷണർ എസ്.വൈ.ഖുറേഷി, ഡൽഹി മുൻ ലഫ്റ്റ്നന്റ് ഗവർണർ നജീബ് ജങ്, ഷാഹിസ് സിദ്ധിഖി, സയീദ് ഷെർവാണി എന്നിവർ 2022 ഓഗസ്റ്റിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജമാഅത്തെ ഇസ്‌ലാമി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയതെന്ന് ആരിഫ് അലി വിശദീകരിച്ചു. ചർച്ചയ്ക്കായി ക്ഷണിച്ചത് ഖുറേഷിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ചർച്ചകൾ ഇനിയും തുടരുമെന്ന് അറിയിച്ച അദ്ദേഹം, നിലവിൽ ചർച്ചകളിൽ പങ്കെടുത്തത് രണ്ടാം നിര നേതാക്കളാണെന്നു പ്രധാന നേതാക്കൾ അടുത്ത ഘട്ട ചർച്ചകളിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി.

‘‘സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖുറേഷിയാണ് ഞങ്ങളെ ബന്ധപ്പെട്ടത്. മറ്റ് മുസ്‍ലിം സംഘടനകളുമായും അദ്ദേഹം ഇക്കാര്യം സംസാരിച്ചിരുന്നു. ചർച്ചയിൽ ഇരു കൂട്ടവർക്കും തുല്യ പങ്കാളിത്തവും ചർച്ചയ്ക്ക് കൃത്യമായ രൂപവും വേണമെന്ന് ഞങ്ങൾ ആദ്യമേ ആവശ്യപ്പെട്ടിരുന്നു. ചർച്ച സുതാര്യമായിരിക്കണമെന്നും നിർദ്ദേശിച്ചു. ഞങ്ങളുടെ ആവശ്യങ്ങളെല്ലാം ഖുറേഷി അംഗീകരിച്ചതോടെയാണ് ചർച്ച  യാഥാർഥ്യമായത്’ – ആരിഫ് അലി പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ ഉൾപ്പെടെ ചർച്ചയ്ക്കിടെ ആർഎസ്എസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരിൽ നടക്കുന്ന ബുൾഡോസർ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതും ആർഎസ്എസ് നേതൃത്വത്തിനു മുന്നിൽ അവതരിപ്പിച്ചു. കാശിയിലും മഥുരയിലും ഉൾപ്പെടെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങൾ ആർഎസ്എസ് നേതൃത്വവും ചർച്ചയിൽ ഉന്നയിച്ചതായി അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമെന്ന് കരുതന്നില്ലെന്നും ആരിഫ് അലി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കൃത്യമായ നിലപാടുകളുമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. ആർഎസ്എസുമായുള്ള ചർച്ചയിൽ സ്വീകരിക്കേണ്ട നിലപാടുകൾ മുൻപേ തന്നെ ചർച്ച ചെയ്ത് തീരുമാനിച്ചതാണ്. പ്രസ്ഥാനത്തിലുള്ളവരെയെല്ലാം ഇക്കാര്യം ആദ്യമേ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിനെ നയിക്കുന്ന സംഘടനയുമായി ചർച്ചയ്ക്കില്ലെന്ന് മുൻവിധികളോടെ തീരുമാനിക്കുന്നത് ശരിയായ നീക്കമല്ലെന്നും ആരിഫ് അലി ചൂണ്ടിക്കാട്ടി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!