ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് യാത്ര തിയതികൾ പ്രഖ്യാപിച്ചു; ആദ്യ സംഘം മെയ് 21 ന് പുറപ്പെടും
ഇന്ത്യയിൽ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഹജ്ജ് യാത്ര മേയ് 21 മുതൽ ജൂൺ 22 വരെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് ഇന്ത്യൻ ഹാജിമാരുടെ യാത്ര ക്രമീകരിച്ചിട്ടുള്ളത്.
ആദ്യഘട്ടത്തിൽ യാത്ര ചെയ്യുന്നവർ മദീനയിലേക്കാണ് പുറപ്പെടുക. മദീന സന്ദർശനം പൂർത്തിയാക്കി ഇവർ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് മക്കയിലെത്തും. ഹജ്ജിന് ശേഷം ജിദ്ദയിൽ നിന്നായിരിക്കും ഇവർ നാട്ടിലേക്ക് മടങ്ങുക.
രണ്ടാംഘട്ടത്തിൽ യാത്ര പുറപ്പെടുന്നവർ ജിദ്ദ വിമാനത്താവളത്തിലിറങ്ങി മക്കയിലേക്ക് പുറപ്പെടും. ഹജ്ജിന് ശേഷമായിരിക്കും ഇവർ മദീനയിലെത്തുക. മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇവർ മദീനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങും.
തീർഥാടകർ യാത്ര പുറപ്പെടുന്നതിന് അഞ്ചു മണിക്കൂർ മുമ്പ് ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിൽ എത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങളിൽ പറയുന്നു.
ഹജ്ജിന് ശേഷം തീർഥാടകരുടെ മടക്കയാത്ര ജൂലൈ മൂന്നുമുതൽ ആഗസ്റ്റ് രണ്ടുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 30 മുതൽ 40 വരെ ദിവസമായിരിക്കും ഹജ്ജ് യാത്രയുടെ സമയപരിധി.