കേരളം പിടിച്ച് കെട്ടാൻ ബിജെപിയുടെ പുതിയ പദ്ധതി; ലക്ഷം യുവാക്കളുടെ പ്രത്യേക “മോദി വാരിയേഴ്സ്” ടീം, 50% വനിതകൾ, വൻ ആസൂത്രണം
പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ ലേബലില്ലാതെ, കേന്ദ്രത്തിന്റെ വികസന–ക്ഷേമ–യുവജന പദ്ധതികളുടെ പ്രചാരണത്തിന് മോദിപ്പട (മോദി വാരിയേഴ്സ്) വരുന്നു. ലക്ഷം യുവാക്കളുടെ കൂട്ടായ്മയാണ് സംസ്ഥാന ബിജെപി ലക്ഷ്യമിടുന്നത്. പാർട്ടിയുമായി ബന്ധമില്ലാത്തവരെയും, കേന്ദ്ര പദ്ധതികളെ മികവിന്റെ അടിസ്ഥാനത്തിൽ തുണയ്ക്കുന്നവരെയും അംഗങ്ങളാക്കാനാണ് തീരുമാനം. പ്ലസ്ടു മുതലുളള വിദ്യാർഥികൾ, ഗവേഷകർ, ഐടി, മാർക്കറ്റിങ്, മാനേജ്മെന്റ്, ഇതര പ്രഫഷനൽ സ്ഥാപനങ്ങളിലും മേഖലയിലുള്ളവർക്കും മുൻഗണന നൽകി ഒാൺലൈൻ വഴിയായിരിക്കും തിരഞ്ഞെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുഭാവവും താൽപര്യവുമുളള യുവാക്കളെ ഒരു വേദിയിലെത്തിക്കാനാണ് ശ്രമം. ക്യാംപസിൽനിന്നു കുറഞ്ഞത് 50 പേർ എന്നാണ് ലക്ഷ്യം. വാരിയേഴ്സിൽ 50% വനിതകൾ വേണമെന്നാണ് കൊച്ചിയിൽ ചേർന്ന സംസ്ഥാന സമിതിയുടെ നിർദേശം. പടയെ മോദിയുടെ മികവിന്റെ പൊതുപ്രചാരകരും പിന്തുണക്കാരുമായി ചേർത്തുനിർത്തി പിന്നീട് പാർട്ടിയുമായി ബന്ധപ്പെടുത്തും. സമൂഹമാധ്യമ മേഖലയിലാണ് ഇവരെ ആദ്യം ഉപയോഗപ്പെടുത്തുക. ഏപ്രിലിൽ കൊച്ചിയിൽ നടത്തുന്ന വാരിയേഴ്സ് സംഗമത്തിൽ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്.
സംവാദത്തിന് കേന്ദ്രമന്ത്രിമാരെയും പ്രഫഷനലുകളെയും കൊണ്ടുവരാനും ധാരണയായി. യുവാക്കൾ വലിയതോതിൽ പ്രധാനമന്ത്രിയുടെ നടപടികളെ തുണയ്ക്കുന്നുണ്ടെങ്കിലും അതു രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ സംഘടനയ്ക്ക് കഴിയുന്നില്ലെന്ന് നേതൃത്വത്തിൽ വിമർശനമുയർന്നിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിനാണ് മോദി വാരിയേഴ്സിന്റെ ചുമതല. റജിസ്ട്രേഷൻ അടക്കമുള്ള പ്രവർത്തനങ്ങൾക്ക്, സംസ്ഥാനതല ഉപസമിതി അടുത്തദിവസം അന്തിമരൂപം നൽകും.
കുടുംബശ്രീ, തൊഴിലുറപ്പ്, ആശാ വർക്കേഴ്സ്, അങ്കണവാടി പ്രവർത്തകർ, രാഷ്ട്രീയേതര വനിതാ സംഘടനാ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി തൃശൂരിൽ നടത്തുന്ന വനിതാസംഗമത്തിൽ രണ്ടുലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ശ്രമം. മോദി സർക്കാർ നടപ്പാക്കിയ വൺറാങ്ക്, വൺപെൻഷൻ ഉൾപ്പെടെ സൈനികർക്കുള്ള ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോടാണു വിമുക്തഭടന്മാരുടെ സംസ്ഥാന സംഗമം. കേന്ദ്രപദ്ധതികൾ സംസ്ഥാനത്തിന്റേതാക്കി പ്രചരിപ്പിക്കുന്ന ഇടതു സർക്കാരിന്റെ രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്താനും പദ്ധതികൾ കുടുംബങ്ങളിലെത്തിക്കാനും നടത്തുന്ന ‘നന്ദി മോദി’ ക്യാംപെയ്ൻ മാർച്ച് 31 വരെ തുടരാനും തീരുമാനിച്ചു.
ഒരു ബൂത്ത് ഇൻചാർജ് ശരാശരി 250–300 വീടുകൾ സന്ദർശിക്കും. ഗുണഭോക്താക്കളുടെ ചെറിയ വിഡിയോ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലും മോദി ആപ്പിലും അപ്ലോഡ് ചെയ്യും. ക്യാംപെയ്‌ന്റെ പുരോഗതി 10 ദിവസം കൂടുമ്പോൾ സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ. ഈ മാസം 15 മുതൽ 25 വരെ ബൂത്തുതല ഭാരവാഹികളുടെ ഡേറ്റാ പരിശോധന നടക്കും.
പാർട്ടി ഫണ്ട് ശേഖരണത്തിന് ചുമതലപ്പെട്ടവർ, മതിയായ കാരണമില്ലാതെ പ്രവർത്തനത്തിന് ഇറങ്ങിയിട്ടില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കും. 25,000 പേരെ പങ്കെടുപ്പിക്കുന്ന വിധത്തിലുള്ള പരിപാടികൾ, മേയിൽ നടക്കുന്ന സംസ്ഥാന പ്രസിഡന്റിന്റെ പദയാത്രയുടെ ഭാഗമായി ലോക്സഭാ മണ്ഡലങ്ങളിൽ സംഘടിപ്പിക്കാനാണ് ശ്രമം. 20 ലോക്സഭാ മണ്ഡലങ്ങളിലും പദയാത്ര എത്തും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273