വിമാന യാത്രക്കിടെ യാത്രക്കാരൻ്റെ ലാപ്ടോപ്പ് ബാറ്ററിയിൽ നിന്ന് തീ പടർന്നു, നാല് പേർക്ക് പരിക്ക്; വിമാനം തിരിച്ചിറക്കി
യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ തീ പടർന്ന് നാല് പേർക്ക് പരിക്കേറ്റു.ചൊവ്വാഴ്ച സാൻ ഡീഗോയിൽ നിന്ന് നെവാർക്കിലേക്ക് പുറപ്പെട്ട യുണൈറ്റഡ് ഫ്ലൈറ്റ് 2664 വിമാനത്തിലാണ് തീ പിടിച്ചത്. അപകടത്തെ തുടർന്ന് സാൻ ഡീഗോയിൽ വിമാനം തിരിച്ചിറക്കി. ഒരു യാത്രക്കാരൻ്റെ ലാപ്ടോപ്പ് ബാറ്ററിൽ നിന്നാണ തീ പടർന്നതെന്ന് അധികൃതർ വിശദീകരിച്ചു. പരിക്കേറ്റ നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേർ ചികിത്സ നിഷേധിച്ചതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
തീ പടരുന്നതായി യാത്രക്കാർ അറിയിച്ച ഉടൻ തന്നെ ഫ്ളൈറ്റ് ക്രൂ അടിയന്തിരമായി ഇടപെട്ടതിനാൽ കൂടുതൽ പടരുന്നത് തടയാൻ സാധിച്ചു. അപകടത്തിൽ ഇവർക്കും പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ കണ്ട്രോൾ വിഭാഗം സാൻ ഡിയാഗോയിൽ തിരിച്ചിറക്കാൻ പൈലറ്റ്മാർക്ക് നിർദേശം നൽകി.
വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ എമർജൻസി ഉദ്യോഗസ്ഥർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ബോയിംഗ് 737 MAX 8 എന്ന വിമാനം പസഫിക് സമയം രാവിലെ 7:07 ന് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് 7:51 ന് സാൻ ഡിയാഗോയിൽ തിരിച്ചെിറക്കിയതായി ഫ്ലൈറ്റ്അവെയർ ഡാറ്റ വ്യക്തമാക്കുന്നു.
അഗ്നിശമന സേനാംഗങ്ങൾ എല്ലാ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിച്ചു, നാല് പേരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേർ തുടർ ചികിത്സ നിരസിച്ചതായി സാൻ ഡിയാഗോ ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ ട്വീറ്റിൽ പറയുന്നു.
ലാപ്‌ടോപ്പ് ബാറ്ററിയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് എഫ്എഎ വക്താവ് ഇയാൻ ഗ്രിഗർ സിഎൻഎന്നിനോട് പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കിയ ഫ്ലൈറ്റ് അറ്റൻഡന്റുമാരും ആശുപത്രിയിലേക്ക് കൊണ്ടുപോയവരിൽ ഉൾപ്പെടുന്നുവെന്ന് എയർലൈൻ അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിൽ ഞങ്ങളുടെ ജീവനക്കാരുടെ പെട്ടെന്നുള്ള പ്രവർത്തനങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നുവെന്നും, ഞങ്ങളുടെ ഉപഭോക്താക്കളെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരികയാണെന്നും എയർലൈൻ അധികൃതർ വിശദീകരിച്ചു.