തുർക്കി, സിറിയ ഭൂകമ്പം: മരണം 11,400; ഒരു ഇന്ത്യക്കാരനെ കാണാതായി, പത്തോളം ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 11,400 കവിഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് 11,416 പേരാണു മരിച്ചത്. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയ ആയിരങ്ങൾക്കായി കടുത്ത തണുപ്പിനെ അവഗണിച്ചും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ആകെ മരണം 20,000 കടന്നേക്കാമെന്നാണു ലോകാരോഗ്യ സംഘടനയുടെ നിഗമനം. മേഖലയിൽ 1999ൽ ഉണ്ടായ സമാനമായ ഭൂകമ്പത്തിൽ 17,000 പേർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു. തുർക്കിയിൽ 8,754 പേർ മരിച്ചതായി പ്രസിഡന്റ് തയിപ് എർദോഗൻ പറഞ്ഞു. ‌തെക്കൻ തുർക്കിയിലെ ഭൂകമ്പബാധിത പ്രദേശമായ കഹറാമൻമറാഷ് എർദോഗൻ സന്ദർശിച്ചു. ദുരന്തമുണ്ടായ ആദ്യ ദിവസം രക്ഷാപ്രവർത്തനത്തിൽ ചില പ്രശ്നമുണ്ടായിരുന്നെന്നും നിലവിൽ കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും എർദോഗൻ വ്യക്തമാക്കി.

 

 

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. റോഡുകൾ തകർന്നതിനാൽ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താൻ വൈകുന്നതായി പരാതിയുണ്ട്. രക്ഷാപ്രവർത്തനം വൈകുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ പ്രതിഷേധിച്ചു. ‘പ്രകോപിതരെ’ അവഗണിക്കാനും ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരാനും ജനം ശ്രദ്ധിക്കണമെന്ന് എർദോഗൻ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച അതിശക്തമായ 3 ഭൂചലനങ്ങളാണുണ്ടായത്. ഇതിനു പുറമേ 285 തുടർചലനങ്ങളും ഉണ്ടായെന്നു തുർക്കി അറിയിച്ചു. ഇരുരാജ്യങ്ങളിലുമായി 2.3 കോടി പേർ ദുരിതബാധിതരായെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതിൽ 14 ലക്ഷം കുട്ടികളും ഉൾപ്പെടുന്നു. തുർക്കിയിലെ 10 പ്രവിശ്യകൾ ദുരിതബാധിതമായി പ്രഖ്യാപിച്ചു.

ഇതിനിടെ തുർക്കി ഭൂകമ്പത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായതായി ഇന്ത്യൻ ഗവൺമെൻ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പത്തോളം ഇന്ത്യക്കാർ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടതായും സർക്കാർ വ്യക്തമാക്കി.

അതേസമയം, ദക്ഷിണ തുർക്കിയും അയലത്തെ സിറിയൻ പ്രദേശങ്ങളും ഇനിയും നടുക്കത്തിൽനിന്ന് മോചിതമല്ല. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽനിന്ന് ആളുകളെ പുറത്തെടുക്കാൻ പാടുപെടുകയാണ് രക്ഷാസംഘങ്ങൾ.

അതിശൈത്യവും മഴയും തകർന്ന റോഡുകളും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഭൂകമ്പബാധിത പ്രദേശമായ ഗാസിയാൻതെപിൽ തിങ്കളാഴ്ച രാത്രി താപനില മൈനസ് അഞ്ച് ഡിഗ്രി വരെയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!