ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍: തുര്‍ക്കി-സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് കേരളം 10 കോടി നല്‍കും, നികുതി വർധന കുറക്കില്ല

ഭൂകമ്പം നാശംവിതച്ച തുര്‍ക്കിക്കും സിറിയയ്ക്കും ദുരിതാശ്വാസ സഹായമായി കേരളം 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് ശേഷമുള്ള മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇതിനുപുറമേ ബജറ്റില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പ്രഖ്യാപനങ്ങളും മന്ത്രി നടത്തി. എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 10 കോടിയും അരൂര്‍ മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 5 കോടിയും അനുവദിച്ചു. അഷ്ടമുടിക്കായല്‍ ശുചീകരണത്തിന് അഞ്ചു കോടി വകയിരുത്തി. കരമന-കളിയിക്കാവിള റോഡ് വികസനത്തിനുള്ള നടപടികള്‍ അതിവേഗത്തില്‍ സ്വീകരിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.

പട്ടയം മിഷന്‍ നടപ്പിലാക്കാന്‍ രണ്ട് കോടി, കണ്ണൂര്‍ വിമാനത്താവളത്തിന് ഒരുകോടി, സ്‌കൂളുകളില്‍ കായിക പരിശീലനത്തിനായി മൂന്ന് കോടി, ഭിന്നശേഷി കുട്ടികളുടെ കലാമേളയായ സമ്മോഹനം പരിപാടിക്ക് 20 ലക്ഷം, തലശ്ശേരി മണ്ഡലത്തിലെ മയ്യഴി വിനോദ സഞ്ചാര പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി എന്നിങ്ങനെയും തുക അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

അതേസമയം ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യം ധനമന്ത്രി തള്ളി. ഇന്ധന സെസ് അടക്കം പിന്‍വലിക്കില്ലെന്ന വ്യക്തമാക്കികൊണ്ടാണ് ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി മറുപടി നല്‍കിയത്. ഇന്ധന സെസില്‍ ഒരു രൂപ കുറയ്ക്കുമെന്ന മാധ്യമ വാര്‍ത്തകള്‍ കണ്ടാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയതെന്നും ധനമന്ത്രി പരിഹസിച്ചു.

വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവ് ചുരുക്കല്‍. പദ്ധതികളില്‍ പ്രായോഗികവും ശാസ്ത്രീയവുമായ രീതികള്‍ കൊണ്ടുവന്നാണ് ചെലവ് ചുരുക്കുന്നതെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

ബജറ്റിലെ നികുതി വര്‍ധനവുകളെ ന്യായീകരിച്ച് കൊണ്ടാണ് ഇന്ന് ധനമന്ത്രി സംസാരിച്ചത്. വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ശമിപ്പിക്കാന്‍ ബജറ്റ് ചര്‍ച്ചയിലെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. ഇന്ധന സെസ് അടക്കം നികുതി വര്‍ധനവില്ലാതെ മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ബാലഗോപാല്‍ നിയമസഭയില്‍ അക്കമിട്ട് വിശദീകരിച്ചു.

  • പഞ്ചായത്തുകളില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നികുതിയാണ് വാങ്ങിക്കുന്നത്. കാലോചിതമായ മാറ്റമാണ് ഇതില്‍ വരുത്തിയിട്ടുള്ളത്. വര്‍ഷങ്ങളായി പഞ്ചായത്തുകളില്‍ നികുതി വര്‍ധിപ്പിച്ചിട്ട്. അത് സംസ്ഥാന സര്‍ക്കാരിന് കിട്ടുന്നതല്ല.
  • കോടതി ഫീകളിലും കാലോചിതമായ മാറ്റമാണ് വരുത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ തന്നെ ഇത് പലതവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.
  • വാഹനങ്ങളുടെ നികുതിയില്‍ അയല്‍ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിശോധിച്ചിട്ടാണ് വര്‍ധന വരുത്തിയിട്ടുള്ളത്. കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും നികുതികള്‍ ഇത്തരത്തില്‍ പരിശോധിച്ചിട്ടുണ്ട്.
  • സ്വകാര്യ ബസ് നികുതി പത്ത് ശതമാനം കുറച്ചത് ആ മേഖലയെ സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടാണ്. സ്വകാര്യ ബസുകള്‍ നിരത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
  • മദ്യത്തിന് കഴിഞ്ഞ രണ്ടു വര്‍ഷമായി നികുതി വര്‍ധിപ്പിച്ചിട്ടില്ല. അരിക്കും ചായയ്ക്കും പാലിനും കൂടുന്നത് പോലെ മദ്യത്തിന് വില കൂടാറില്ല. അതിന് വില കൂടണമെങ്കില്‍ സര്‍ക്കാര്‍ തീരുമാനിക്കുക തന്നെ വേണം. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിനേ വില വര്‍ധിപ്പിച്ചിട്ടുള്ളൂ. വില്‍ക്കുന്നത മദ്യത്തിന്റെ നല്ലൊരു ഭാഗവും 500 രൂപയ്ക്ക് താഴെയാണ്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യം വില്‍ക്കുന്നത് എട്ട് ശതമാനം മാത്രമേയുള്ളൂ.
  • പെട്രോള്‍, ഡീസല്‍, മദ്യം എന്നത് സംസ്ഥാനത്തിന്റെ വിഷയങ്ങളാണ്. ഇതില്‍ എക്‌സൈസ് നികുതി കേന്ദ്രത്തിന് പിരിക്കാം. എന്നാല്‍ സെസും സര്‍ചാര്‍ജും പിരിക്കാന്‍പാടില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഒരു ലിറ്ററിന് ഇത്തരത്തില്‍ 20 രൂപ വെച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുകൊണ്ടുപോകുന്നത്. വര്‍ഷത്തില്‍ 7500 കോടിയിലധികം രൂപയാണ് ഇങ്ങനെ കേന്ദ്രം പിരിച്ചെടുക്കുന്നത്. അതിലൊന്നും പ്രതിപക്ഷത്തിന് ഒന്നും തോന്നിയില്ല.

ഈ നികുതി അസാമാന്യ ഭാരമുള്ള ഒന്നല്ല. 60 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന പെന്‍ഷന്‍ ഞങ്ങള്‍ നിര്‍ത്തിവെക്കണോ. കേരളത്തിന്റെ വികസനവുമായി മുന്നോട്ട് പോകണോ എന്ന് പറയണം. നികുതി ഏര്‍പ്പെടുത്താതെ മുന്നോട്ട് പോകാന്‍ കഴിയില്ല. ഇതൊരു വലിയ നികുതിയില്ല. പത്രങ്ങളില്‍ ഒരു രൂപ കുറയ്ക്കുമെന്ന് വന്നതാണ് ആകെ യുഡിഎഫിനുണ്ടായ വിഷമം. എന്നാല്‍ പിന്നിട് ഞങ്ങള്‍ പറഞ്ഞിട്ടാണ് കുറയ്ക്കുന്നതെന്ന് വരുത്തി തീര്‍ക്കാനാണ് അവര്‍ സമരം ചെയ്തത്. ബജറ്റില്‍ പ്രഖ്യാപിച്ച കാര്യം അങ്ങനെ കുറയ്ക്കാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!