ഒറ്റയ്ക്ക് താമസിച്ച 22കാരി യുട്യൂബറെ കൊന്ന് പിതാവ്; ഇറാഖിൽ പ്രതിഷേധം പടരുന്നു
ഇറാഖിൽ 22 വയസ്സുകാരിയായ യുട്യൂബറെ പിതാവ് കൊലപ്പെടുത്തിയതിനു പിന്നാലെ രാജ്യത്താകെ പ്രതിഷേധം കനക്കുന്നു. ദക്ഷിണ പ്രവിശ്യയായ ദിവാനിയയിൽ ജനുവരി 31നാണ് ടിബ അൽ–അലി എന്ന യുവതിയെ പിതാവ് കൊലപ്പെടുത്തിയത്. സംഭവം ദുരഭിമാനക്കൊലയാണെന്നാണ് ആരോപണം. കുടുംബം വിട്ട് തുർക്കിയിൽ ഒറ്റയ്ക്കു താമസിക്കാനുള്ള ടിബയുടെ തീരുമാനത്തിലുള്ള എതിർപ്പിനെ തുടർന്നാണ് പിതാവിന്റെ ക്രൂരകൃത്യം. യുട്യൂബറായ ടിബ, തുർക്കിയിലുള്ള തന്റെ ജീവിതത്തെക്കുറിച്ച് നിരന്തരം വിഡിയോകൾ പങ്കുവച്ചിരുന്നു. മിക്ക വിഡിയോകളിലും ടിബയുടെ പ്രതിശ്രുത വരനും പ്രത്യക്ഷപ്പെട്ടിരുന്നു.
2017ൽ കുടുംബത്തോടൊപ്പമാണ് ടിബ അൽ–അലി തുർക്കിയിലേക്കു പോയത്. മാതാപിതാക്കൾ ഇറാഖിലേക്കു മടങ്ങിയെങ്കിലും ടിബ അവിടെത്തെന്നെ തങ്ങുകയായിരുന്നു. ഇതിൽ ബന്ധുക്കൾക്ക് കടുത്ത എതിർപ്പുണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അന്നു മുതൽ ബന്ധുക്കളുമായി ടിബ അകൽച്ചയിലായിരുന്നു. ടിബ ഇടയ്ക്ക് ഇറാഖിൽ വരികയും മാതാപിതാക്കളെ സന്ദർശിക്കുകയും ചെയ്യുമായിരുന്നു. തർക്കം പരിഹിക്കുന്നതിന് പൊലീസ് ഉൾപ്പെടെ മധ്യസ്ഥത വഹിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ തർക്കത്തിനിടെ ടിബയെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. ആദ്യ ചോദ്യംചെയ്യലിൽ തന്നെ പിതാവ് കുറ്റസമ്മതം നടത്തിയതായും പൊലീസ് അറിയിച്ചു.
അതേസമയം, കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. സഹോദരൻ ലൈംഗികമായി പീഡിപ്പിച്ചതിനു പിന്നാലെയാണ് ടിബ കുടുംബം ഉപേക്ഷിച്ചതെന്നും റിപ്പോർട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തക ഹനാ എഡ്വറാണ് ചില വോയ്സ് ക്ലിപ്പുകൾ പങ്കുവച്ച് ഇക്കാര്യം വാർത്താ ഏജൻസിയായ എഎഫ്പിയോട് വെളിപ്പെടുത്തിയത്. എന്നാൽ ക്ലിപ്പുകളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
ടിബയുടെ കൊലപാതകത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ടിബയ്ക്കു നീതി തേടി ഇറാഖ് തലസ്ഥനായ ബഗ്ദാദിൽ ഞായറാഴ്ച വൻ പ്രതിഷേധ കൂട്ടായ്മ നടന്നു. നിയമ തടസ്സങ്ങളും സർക്കാർ നടപടികളുടെ അഭാവവും മൂലം നമ്മുടെ സമൂഹത്തിലെ സ്ത്രീകൾ ഇപ്പോഴും ചില ദുരാചാരങ്ങളിൽ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്ന് മുതിർന്ന വനിതാ നേതാവായ അല തലബാനി ട്വിറ്ററിൽ കുറിച്ചു.
രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനലും കൊലപാതകത്തിനെതിരെ രംഗത്തെത്തി. ഇറാഖിലെ നിയമങ്ങൾ ഇപ്പോഴും ആക്രമണവും കൊലപാതകവും പോലുള്ള ക്രൂരകൃത്യങ്ങൾക്ക് തക്കതായ ശിക്ഷ നൽകുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി. സ്ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കാൻ ഇറാഖ് അധികൃതർ ശക്തമായ നിയമനിർമാണം നടത്തുന്നതു വരെ ഇത്തരം കൊലപാതകങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും ആംനസ്റ്റി ഇന്റർനാഷനലിന്റെ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക ഡപ്യൂട്ടി ഡയറക്ടറായ ആയ മജ്സൂബ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273