താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി
സൗദി അറേബ്യയിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം കോട്ടക്കൽ സ്വദേശി കുനിക്കകത്ത് വീട്ടിൽ മുസ്തഫയുടെ (53) മൃതദേഹം യാംബുവിൽ ബുധനാഴ്ച ഖബറടക്കി. ഡിസംബർ 18ന് സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിലായിരുന്നു മുസ്‍തഫയുടെ നിര്യാണം. ജിദ്ദയിലുള്ള മുസ്തഫയുടെ ബന്ധുക്കളും യാംബുവിലും ജിദ്ദയിലും മറ്റുമുള്ള സുഹൃത്തുക്കളും കമ്പനിയിലെ സഹപ്രവർത്തകരും അടക്കം ധാരാളം ആളുകൾ മയ്യിത്ത് നമസ്‌കാരത്തിലും സംസ്‌കാര ചടങ്ങുകളിലും പങ്കെടുത്തു.
രണ്ടര പതിറ്റാണ്ട് കാലമായി പ്രവാസിയായിരുന്ന മുസ്തഫ, ജോട്ടൻ പെയിന്റ് നിർമാണ കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായി ജോലി ചെയ്യുകയായിരുന്നു. ജിദ്ദയിൽ 18 വർഷവും യാംബുവിൽ 10 വർഷവുമാണ് അദ്ദേഹം ജോലി ചെയ്തതിരുന്നത്. സന്ദർശന വിസയിലെത്തിയ കുടുംബത്തോടൊപ്പം നാട്ടിൽ പോയ മുസ്തഫ, സൗദിയിൽ തിരിച്ചെത്തി ഒരാഴ്‌ച ആയപ്പോഴാണ് മരിച്ചത്. മുസ്തഫയുടെ ആകസ്മിക മരണം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏറെ നൊമ്പരപ്പെടുത്തി.
ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പോയി ചികിത്സ തേടി മരുന്ന് വാങ്ങിയിരുന്ന മുസ്തഫ വൈകീട്ട് ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് അന്ത്യം സംഭവിച്ചത്. അടുത്ത റൂമിലെ സുഹൃത്ത് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മുസ്തഫ ഫ്ലാറ്റിൽ മരിച്ചുകിടക്കുന്നത് കണ്ടത്.
പരേതരായ കുനിക്കകത്ത് കുഞ്ഞിമൊയ്തീൻ – ബീയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ – സാബിറ. മക്കൾ – മുഹമ്മദ് ഷാനിബ്, മുഹമ്മദ് ഷാദിൽ, സഫ്‌വാന യാസ്മിൻ. മരുമകൻ – അബ്ദുൽ അസീസ് മാറാക്കര. സഹോദരങ്ങൾ – കമ്മു, അബ്ദുസ്സലാം, പാത്തു, ആയിഷ, ഖദീജ, മൈമൂന. നടപടികൾ പൂർത്തിയാക്കാൻ മുസ്തഫയുടെ സഹോദരങ്ങളുടെ മക്കളും ജോട്ടൻ കമ്പനി അധികൃതരും യാംബുവിലുള്ള സാമൂഹിക പ്രവർത്തരും രംഗത്തുണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക