മക്ക മേഖലയിൽ ഇന്ന് കനത്ത മഴക്ക് സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
സൌദിയിൽ മക്ക, അൽ ബഹ, അസീർ എന്നീ പ്രദേശങ്ങളിൽ ഇന്ന് (വ്യാഴാഴ്ച) കനത്ത മഴക്കും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഉച്ചക്ക് രണ്ട് മണി മുതൽ പുലർച്ചെ 1 മണിവരെയുള്ള സമയത്തിനിടക്ക് മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പിനെ തുടർന്ന് മക്ക മേഖലയിൽ ഇന്ന് (വ്യാഴാഴ്ച) സായാഹ്ന സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാൽ മദ്രസത്തീ പ്ലാറ്റ് ഫോം വഴി ക്ലാസുകൾ ഓണ്ലൈനായി തുടരും.
മക്ക പ്രവിശ്യയിലെ മക്ക, ജിദ്ദ, റാബിഗ്, തായിഫ്, ജുമൂം, അൽകാമിൽ, ഖുലൈസ്, ബഹ്‌റ, ലൈത്ത്, ഖുൻഫുദ, അർദിയാത്ത്, അദും, മൈസാൻ, അൽഖുർമ, അൽമോയ, റനിയ എന്നിവിടങ്ങളിലെല്ലാം വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴക്കു സാധ്യതയുണ്ട്. മദീന പ്രവിശ്യയിൽ പെട്ട മഹ്ദുദ്ദഹബ്, വാദി അൽഫറഅ് എന്നിവിടങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഴക്കു സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും മഴയും ആലിപ്പഴ വർഷവും ശീതക്കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു. രാജ്യത്ത് പല ഭാഗങ്ങളിലും ശൈത്യം കടുക്കും. ശനിയാഴ്ച വരെ മക്ക, ജിദ്ദ, റാബിഖ്, ത്വാഇഫ്, ജമൂം, അൽ കാമിൽ, ബഹ്‌റ, ഖുലൈസ്, അൽ ലൈത്ത്, ഖുൻഫുദ, അൽ അർദിയാത്, അദം, അൽബാഹ, അസീർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത തോതിൽ തന്നെ മഴയുണ്ടാവും. മദീന പ്രവിശ്യയിലെ അൽ മഹ്ദ്, വാദി അൽ ഫറ, അൽ ഖസീം പ്രവിശ്യയിലെ ബുറൈദ, ഉനൈസ, അൽ റാസ് പ്രദേശങ്ങളിലും ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കുന്നു.
റിയാദ് പ്രവിശ്യയിലെ അൽ ഖർജ്, മുസഹ്മിയ, അൽഖുവയ്യ, മജ്മഅ, സുൽഫി, ശഖ്റ, റൂമ, ദവാദ്മി, അഫീഫ്, അഫ്‌ലാജ്, വാദി ദവാസിർ പ്രദേശങ്ങളിലും നല്ല മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ദമ്മാം, ദഹ്‌റാൻ, അൽ ഖോബാർ, അബ്ഖൈഖ്, അൽ അഹ്‌സ, അൽ ഖത്വീഫ് എന്നിവയുൾപ്പെടെ കിഴക്കൻ പ്രവിശ്യയിൽ മിതമായ മഴക്കാണ് സാധ്യത. ഫറസാൻ, ഫിഫ, അൽ ഖൗബ, അൽ അർദ, എന്നിവയുൾപ്പെടെയുള്ള ജീസാന്‍റെ ഭാഗങ്ങളിലും നജ്‌റാനിലെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴ പ്രതീക്ഷിക്കുന്നു.
കിഴക്കൻ മേഖലയുടെ ചില ഭാഗങ്ങളിലും റിയാദ് മേഖലകളിലും അസീർ, അൽ-ബാഹ, നജ്‌റാൻ, തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, ഹായിൽ, അൽ-ഖാസിം, വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക