കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; വിമാനത്താവളത്തിൽ യാത്രക്കാരുടെ ബഹളം
കരിപ്പൂരിൽ നിന്ന് ബഹറൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. രാവിലെ 8.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാണ് വിമാനം വൈകാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
പുലർച്ചെ അഞ്ച് മണിക്കെത്തിയ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള യാത്രക്കാർ വിമാനം എപ്പോൾ പുറപ്പെടുമെന്നറിയാതെ പ്രയാസപ്പെടുകയാണ്. ബോർഡിംഗ് പാസ് നേടിയ യാത്രക്കാരോട് നേരിട്ട് സംസാരിക്കാൻ പോലും അധികൃതർ തയ്യാറാവാതിരുന്നത് വിമാനത്താവളത്തിനുള്ളിൽ യാത്രക്കാർ ബഹളം വെക്കാൻ കാരണമായി.
യാത്രക്കാർ ഫോണിലൂടെ അധികൃതരുമായി സംസാരിച്ചു. 8.20ന് പുറപ്പെടേണ്ട വിമാനം 9.40ന് പുറപ്പെടുമെന്ന് ആദ്യം അറിയിപ്പുണ്ടായി. പിന്നീട് 11 മണിക്ക് പുറപ്പെടുമെന്ന് വീണ്ടും അറിയിപ്പ് വന്നു. എന്നാൽ ആ സമയത്തും വിമാനം പുറപ്പെട്ടില്ല. സാങ്കേതിക തകരാർ പരിഹരിച്ച് ഉച്ചക്ക് 1.50 പുറപ്പെടുമെന്നാണ് അവസാനം അറിയിച്ചിരിക്കുന്നത്. എന്നാൽ അക്കാര്യത്തിലും ഇപ്പോഴും എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ ഉറപ്പ് നൽകുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ മണിക്കൂറുകളായി വിമാനത്താവളത്തിനകത്ത് കുടുങ്ങി കിടക്കുകയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക