പ്രധാന വനിതാ അംഗങ്ങളുടെ നഗ്നദൃശ്യവും ഫോണിൽ; ഏരിയ കമ്മിറ്റിയംഗത്തിനെതിരെ നടപടി വരും
ആലപ്പുഴ: സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച സിപിഎം ഏരിയ കമ്മിറ്റിയംഗത്തെ ഉടൻ പുറത്താക്കണമെന്ന് പാർട്ടിയുടെ സൗത്ത് ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാർട്ടിക്കു വലിയ നാണക്കേടുണ്ടാക്കിയ സംഭവം ചർച്ച ചെയ്യാൻ ജില്ലാ സെക്രട്ടറി ആർ.നാസർ പങ്കെടുത്ത അടിയന്തര യോഗം ചൊവ്വാഴ്ച വൈകിട്ടാണ് ചേർന്നത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗം അടിയന്തരമായി ചേർന്ന് നടപടിയെടുക്കുമെന്നാണ് വിവരം.
സിപിഎമ്മിന്റെ പ്രധാനപ്പെട്ട വനിതാ പ്രവർത്തകരുടെ ഉൾപ്പെടെ ദൃശ്യങ്ങളാണ് പ്രവർത്തകർ തന്നെ ഏരിയ കമ്മിറ്റിയംഗത്തിന്റെ ഫോണിൽനിന്നു കണ്ടെത്തിയത്. സമാനമായ പരാതികൾ ഇയാൾക്കെതിരെ നേരത്തെയും ഉയർന്നിട്ടുണ്ടെങ്കിലും നേതൃത്വത്തിൽ ചിലർ നടപടിയിൽനിന്നു രക്ഷിക്കുകയായിരുന്നെന്ന പരാതി പ്രവർത്തകർക്കുണ്ട്. ഇപ്പോൾ തെളിവു സഹിതം ബോധ്യപ്പെട്ടതോടെ നടപടിയെടുക്കുകയല്ലാതെ വഴിയില്ലെന്ന അവസ്ഥയിലാണ് നേതൃത്വം.
ഏരിയ കമ്മിറ്റിയിൽ ഇതുവരെ ഈ അംഗത്തെ അനുകൂലിച്ചിരുന്നവർ തന്നെ പരസ്യമായി എതിർത്തതോടെ ആരോപണവിധേയനു വേണ്ടി വാദിക്കാൻ ആളില്ലാതായി. പലരും ക്ഷോഭിച്ചാണ് ഇയാൾക്കെതിരെ സംസാരിച്ചത്. ഒരു മണിക്കൂർ നേരത്തെ നടപടിയെടുത്താൽ അത്രയും നല്ലത് എന്ന വിധത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നു. യോഗം ഒറ്റക്കെട്ടായാണ് നടപടി ആവശ്യപ്പെട്ടത്.
പാർട്ടിയുടെ പ്രധാന പ്രവർത്തകരായ സ്ത്രീകളുടെ ഉൾപ്പെടെ നഗ്നദൃശ്യങ്ങൾ ഏരിയ കമ്മിറ്റിയംഗത്തിന്റെ ഫോണിൽ ഉണ്ടെന്നാണ് സൂചന. ചിലർ ജില്ലാ നേതൃത്വത്തിനു പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ സ്ത്രീകളിൽ ഒരാൾ രണ്ടാഴ്ച മുൻപ് നേരിട്ടു സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. അവിടെനിന്ന് വിവരങ്ങൾ അന്വേഷിച്ചതോടെ ശനിയാഴ്ച ജില്ലാ സെക്രട്ടേറിയറ്റ് ചേർന്ന് അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.മഹീന്ദ്രനും ജി.രാജമ്മയുമാണ് അന്വേഷണ കമ്മിഷൻ. ഇവരുടെ റിപ്പോർട്ട് വേഗം വാങ്ങി നടപടിയെടുക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.
ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗത്തിനെതിരെയാണ് അന്വേഷണം നടക്കുന്നത്. യുവതി കുളിക്കുന്നത് ഒളിഞ്ഞു നോക്കിയപ്പോൾ പാർട്ടിക്കാർ തന്നെ ഇയാളെ പിടികൂടി ‘കൈകാര്യം’ ചെയ്തെന്നും മൊബൈൽ ഫോണിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയോ എന്നു പരിശോധിച്ചപ്പോഴാണ് മുപ്പതിലേറെ സ്ത്രീകളുടെ വിഡിയോ ഫോണിൽ കണ്ടെത്തിയതെന്നും ആരോപണം ഉയർന്നു. എന്നാൽ, ഒളിഞ്ഞുനോക്കിയെന്ന ആരോപണം സത്യമാണോ എന്നറിയില്ലെന്ന് പാർട്ടിയിൽ ഒരു വിഭാഗം പറയുന്നു. നേരത്തെ ഉയർന്ന ആരോപണത്തിന്റെ തുടർച്ചയായാണ് ചിലർ ബലമായി ഫോൺ പരിശോധിച്ചതെന്നും പറയുന്നു.
സ്ത്രീകളുമായുള്ള വിഡിയോ കോളുകൾ റിക്കോർഡ് ചെയ്ത് സൂക്ഷിച്ചതും ഇയാളുടെ ഫോണിൽ കണ്ടെത്തിയെന്ന് പറയുന്നു. ഇതിൽ ഒരു വിഡിയോ ആർക്കോ കൈമാറിയപ്പോൾ അബദ്ധത്തിൽ കുറേയെണ്ണം ഒന്നിച്ച് അയച്ചുപോയെന്നും തുടർന്നാണ് ഫോൺ ബലമായി പരിശോധിച്ചതെന്നും ഒരു വിഭാഗം പറയുന്നു.
സ്ത്രീകളുടെ വിഡിയോ പകർത്തിയതുമായി ബന്ധപ്പെട്ട് ഒന്നര മാസം മുൻപ് ഇയാൾക്കെതിരെ ഒന്നിലേറെ പരാതികൾ പാർട്ടിക്കു മുന്നിൽ എത്തിയിരുന്നു എന്നാണ് വിവരം. അന്നും പാർട്ടിയിൽ ചർച്ചയായെങ്കിലും വിഭാഗീയതയുടെ പേരിൽ ഇയാളെ ചിലർ സംരക്ഷിച്ചെന്ന് വിമർശനമുണ്ട്. പരാതികൾ അതിശയോക്തി കലർന്നതാണെന്നാണ് നേതാക്കൾ പലരും കരുതിയത്. ഇപ്പോൾ തെളിവു സഹിതം ബോധ്യപ്പെട്ടതോടെ അന്വേഷണമല്ലാതെ വഴിയില്ലെന്നു വന്നു.
അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് വാങ്ങുന്നതിനൊപ്പം ജില്ലാ സെക്രട്ടേറിയറ്റ് ആരോപണവിധേയനിൽനിന്ന് വിശദീകരണം തേടുകയും ചെയ്യും. സെക്രട്ടേറിയറ്റിൽ നടപടിയെടുത്ത ശേഷം അത് ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക