നവംബറിൽ മാത്രം 37 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകൾ വാട്സാപ്പിൽ നിരോധിച്ചു; നടപടി തുടരും
മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് നവംബറിൽ മാത്രം ഇന്ത്യയിൽ നിരോധിച്ചത് 37,16,000 അക്കൗണ്ടുകൾ. പുതിയ ഐടി നിയമങ്ങൾ അനുസരിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്. ഒക്ടോബറിൽ നിരോധിച്ചതിനേക്കാൾ 60 ശതമാനം കൂടുതലാണ് നവംബറിൽ നിരോധിച്ചത്. രാജ്യത്ത് ഏകദേശം 50 കോടി ഉപയോക്താക്കളാണ് വാട്സാപ്പിലുള്ളത്. നവംബറിൽ ഇന്ത്യയിൽ നിന്ന് 946 പരാതികൾ ലഭിക്കുകയും ഇതിൽ 74 കേസിൽ നടപടി സ്വീകരിക്കുകയും ചെയ്തു.
നവംബറിൽ വാട്സാപ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം ഒക്ടോബറിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതലാണ്. ഒക്ടോബറിൽ 23.24 ലക്ഷം അക്കൗണ്ടുകളാണ് നീക്കം ചെയ്തിരുന്നത്. പുതുക്കിയ ഐടി നിയമങ്ങൾ പ്രകാരം, 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള പ്രധാന ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രതിമാസ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം എന്നാണ്. നവംബർ 1 മുതൽ 30 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ഏറ്റവും പുതിയ റിപ്പോർട്ടിൽ ഉൾപ്പെടുന്നത്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സ്ഥിരീകരിക്കാത്ത സന്ദേശം ഒന്നിലധികം കോൺടാക്‌റ്റുകളിലേക്ക് ഫോർവേഡ് ചെയ്താലും വാട്സാപ് അക്കൗണ്ടുകൾ നിരോധിക്കും. ജൂലൈയിലും 23 ലക്ഷവും ജൂണിൽ 22.1 ലക്ഷവും അക്കൗണ്ടുകൾ രാജ്യത്തും ലോകമെമ്പാടും വ്യാജ വാർത്തകളും വിദ്വേഷ പോസ്റ്റുകളും പ്രചരിപ്പിച്ചതിന് നീക്കം ചെയ്തിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക