കോഴിക്കോട് എട്ടാംക്ലാസുകാരിക്ക് മയക്കുമരുന്ന് നല്‍കിയ സംഭവം; പ്രതിക്കെതിരെ തെളിവില്ലെന്ന് പോലീസ്
കോഴിക്കോട്: അഴിയൂരില്‍ പെണ്‍കുട്ടിയെ ലഹരി കാരിയറാക്കി എന്ന പരാതിയില്‍ പ്രതി ചേര്‍ത്തയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യവും റിപ്പോര്‍ട്ടിലുണ്ട്. കുട്ടി ചെന്നു എന്നുപറയുന്ന തലശ്ശേരിയിലെ മാളിലെ സിസിടിവി ദൃശ്യമടക്കം പരിശോധിച്ചിട്ടും തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് വടകര റൂറല്‍ എസ്പി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
കുട്ടി ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. ആശുപത്രിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനാ ഫലങ്ങള്‍ ലഭിച്ചിട്ടില്ല എന്നും പോലീസ് റിപ്പോര്‍ട്ട് നല്‍കി
നവംബര്‍ 24-നാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് മയക്കുമരുന്ന് നല്‍കിയെന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നത്. അന്ന് സ്‌കൂളിലെ ശൗചാലയത്തില്‍ പൂര്‍ണമായും നനഞ്ഞൊലിച്ച് കുട്ടി നില്‍ക്കുന്നത് അധ്യാപിക കണ്ടിരുന്നു. ഇത് വീട്ടുകാരെ അറിയിച്ചു. വീട്ടിലെത്തിയശേഷമാണ് ഒരു ചേച്ചി തനിക്ക് ബിസ്‌കറ്റ് തരാറുണ്ടെന്നും മയക്കത്തില്‍ ആകാറുണ്ടെന്നും കുട്ടി പറഞ്ഞത്.
പെണ്‍കുട്ടിയ്ക്ക് മയക്കുമരുന്ന് നല്‍കി ഭീഷണിപ്പെടുത്തി ലഹരിക്കടത്തിന് ഉപയോഗിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കൗണ്‍സിലിങ്ങിലൂടെയാണ് കുട്ടിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക