സൈബർ തട്ടിപ്പുകാർ പണവും ജോലിയും കവർന്നു; രണ്ടു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് മലയാളി നാട്ടിലേക്ക് മടങ്ങുന്നു
സൈബർ ചതിക്കുഴിയിൽ പണവും ജോലിയും സമാധാനവും നഷ്ടമായ മലയാളി രണ്ടു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ചു നാട്ടിലേക്ക്. ഇ-വോലറ്റ് തട്ടിപ്പിനിരയായ വയനാട് സ്വദേശി ഹർഷൽ ഇബ്രാഹിം പിന്നിട്ട ദുരിത വഴിയെക്കുറിച്ചു പറയുന്നു– ഇനി മറ്റാരും വഞ്ചിക്കപ്പെടാതിരിക്കാൻ.
ഹർഷൽ ഇബ്രാഹിമിന്റെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു തുറന്ന പേ ഇറ്റ് ഇ–വോലറ്റിലൂടെ ഫുജൈറ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നു പാക്കിസ്ഥാനിലെ മറ്റൊരാളുടെ അക്കൗണ്ടിലേക്കു 29,000 ദിർഹം (6.53 ലക്ഷം രൂപ) കൈമാറി എന്നതാണു കേസ്. കുറ്റാരോപിതനായ ഹർഷൽ ഇബ്രാഹിമിനു 2.5 ലക്ഷം ദിർഹം (56.3 ലക്ഷം രൂപ) പിഴയും നാടുകടത്തലുമായിരുന്നു കോടതി വിധിച്ച ശിക്ഷ.അബുദാബി എമിറേറ്റ്സ് ഡ്രൈവിങ് കമ്പനിയിൽ ഡ്രൈവിങ് പരിശീലകനായി ജോലി ചെയ്തുവരികയായിരുന്നു ഹർഷൽ ഇബ്രാഹിം.
2020 ജൂലൈ 16ന് സെൻട്രൽ ബാങ്കിൽ നിന്നാണെന്നു പരിചയപ്പെടുത്തിയ ആൾ ഫോണിൽ വിളിക്കുന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. കോവിഡ് കാലം ആയതിനാൽ സ്പർശനം ഇല്ലാതെ ബാങ്ക് ഇടപാടുകൾക്കു വൈഫൈ കാർഡ് ഇഷ്യൂ ചെയ്യാനാണെന്നു പറഞ്ഞ് വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചു. പിന്നീട് നാട്ടിലേക്കു പണമയയ്ക്കുന്നതിനായി പേ ഇറ്റ് ഇ–വോലെറ്റിനുള്ള ഒടിപി ആവശ്യപ്പെട്ടതനുസരിച്ച് അതും നൽകി. കടുത്ത കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന സമയമായതിനാൽ സത്യമാകുമെന്നു കരുതിയാണ് വിവരം നൽകിയത്.
പിന്നീട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചപ്പോൾ സംശയം തോന്നി ഫോൺ വിഛേദിക്കുകയായിരുന്നുവെന്നു ഹർഷൽ ഇബ്രാഹിം പറയുന്നു.’നിങ്ങളുടെ പേ ഇറ്റ് ഇ വോലെറ്റിൽ നിന്ന് 5000 ദിർഹം ട്രാൻസ്ഫർ ചെയ്തു’ എന്ന എസ്.എം.എസ് സന്ദേശം ഒരാഴ്ചയ്ക്കുശേഷം ലഭിച്ചതോടെയാണു തട്ടിപ്പിനിരയായ വിവരം അറിയുന്നത്. തന്റെ ആവശ്യപ്രകാരം പേ ഇറ്റ് ഇ–വോലെറ്റ് അക്കൗണ്ട് മരവിപ്പിച്ചു. അപ്പോഴേക്കും 29,000 ദിർഹത്തിന്റെ ഇടപാട് അക്കൗണ്ട് വഴി നടത്തിയ സന്ദേശം ലഭിച്ചിരുന്നു.
പൊലീസിൽ പരാതിപ്പെട്ടപ്പോൾ വ്യക്തിപരമായി സാമ്പത്തിക നഷ്ടം ഇല്ലാത്തതിനാൽ കേസ് എടുക്കാനാവില്ലെന്നും അക്കൗണ്ടും കാർഡും മരവിപ്പിച്ചതിനാൽ സുരക്ഷിതനാണെന്നും പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നുവെന്ന് ഹർഷൽ പറയുന്നു.പിന്നീട് ഫുജൈറ സിഐഡി വകുപ്പിൽ ഹാജരാകണമെന്ന് അറിയിച്ച് ഫോൺ ലഭിച്ചപ്പോൾ അക്കാര്യം പൊലീസിൽ അറിയിച്ചു. തനിക്കെതിരെ പരാതിയൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലെന്നും അതും വ്യാജ സിഐഡി ചമഞ്ഞ് വിളിച്ചതായിരിക്കുമെന്ന് അറിയിച്ച് തിരിച്ചയച്ചതോടെ ഹാജരായില്ല.ഒരു മാസത്തിനുശേഷം ഫുജൈറ സിഐഡിയിൽ നിന്ന് വീണ്ടും വിളിച്ചപ്പോഴാണ് കേസും യാത്രാവിലക്കും ഉണ്ടെന്നറിയുന്നത്.
തുടർന്നു രേഖകൾ സഹിതം ഫുജൈറ സിഐഡിയിൽ ഹാജരായി ബോധിപ്പിച്ചു. തട്ടിപ്പിനായി വിളിച്ച ആദ്യ നമ്പറൊഴികെ മറ്റെല്ലാ തെളിവുകളും ഹർഷൽ സമർപ്പിച്ചു. നിരപരാധിത്വം ബോധ്യമായതിനാൽ പാസ്പോർട്ട് പിടിച്ചുവച്ചു ഹർഷലിനെ വിട്ടയച്ചു. അന്വേഷണത്തിന്റെ ഭാഗമായി അഭിഭാഷകൻ വിളിച്ചപ്പോഴും ഇക്കാര്യം വിശദീകരിച്ചു. ഒരാഴ്ച കഴിഞ്ഞ് കോടതിയിൽ നിന്ന് ഫോൺ വന്നെങ്കിലും അറ്റൻഡ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതായി സന്ദേശം ലഭിക്കുകയായിരുന്നു.
കോടതി വിധി പരിശോധിച്ചപ്പോൾ രണ്ടര ലക്ഷം ദിർഹം പിഴയും നാടുകടത്തലുമാണു ശിക്ഷ. തുടർന്ന് ദുബായിലെ ഒരു മലയാളി വക്കീൽ മുഖേന അപ്പീൽ നൽകി ജാമ്യം വാങ്ങി. സെഷൻ കോടതിയിൽ ഹാജരാകേണ്ട ദിവസം ആ വക്കീൽ ഹാജരാകാത്തതിനാൽ സെഷൻ കോടതി മുൻ കോടതി വിധി അംഗീകരിക്കുകയായിരുന്നു. തുടർന്ന് അബുദാബിയിൽ അഡ്വ. അൻസാരി മുഖേന ഹൈക്കോടതിയിൽ അപ്പീൽ നൽകി ഭാര്യയുടെ പാസ്പോർട്ടിൽ ജാമ്യത്തിൽ ഇറങ്ങി.
അതിനിടെ പൊലീസ് ക്ലിയറൻസ് ലഭിക്കാത്തതിനാൽ 2022 മാർച്ചിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതു ദുരിതം കൂട്ടി. ജീവിതച്ചെലവും കേസിന്റെ ചെലവും താങ്ങാനാകാതെ പ്രയാസപ്പെട്ടു. തന്റെയും ഭാര്യയുടെയും പാസ്പോർട്ട് കോടതിയിലായതിനാൽ മറ്റൊരു ജോലിക്കോ നാട്ടിലേക്കോ പോകാൻ സാധിച്ചില്ലെന്ന് ഹർഷൽ പറഞ്ഞു. തന്റെ ഐപി അഡ്രസിൽ നിന്ന് ഇത്തരമൊരു ഇടപാടുകൾ നടന്നിട്ടില്ലെന്നും പണം കൈമാറിയതിൽ ഹർഷലിനു ബന്ധമില്ലെന്നും അന്വേഷണ കമ്മിഷന്റെ കണ്ടെത്തലും വഴിത്തിരിവായി.
ഇതോടെ ഹർഷൽ കുറ്റക്കാരനല്ലെന്നും കേസിൽനിന്ന് ഒഴിവാക്കുന്നതായും നവംബറിൽ ഹൈക്കോടതി വിധിച്ചു. തുടർന്ന് യാത്രാവിലക്കു നീക്കി പാസ്പോർട്ട് തിരിച്ചു ലഭിച്ച ഹർഷൽ നാളെ നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിലാണ്.
ശ്രദ്ധിക്കാൻ, അറിയാൻ
∙ അപരിചിതരിൽ നിന്നുള്ള ഫോൺ കോൾ, എസ്എംഎസ്, ഇമെയിൽ എന്നിവ അവഗണിക്കുക.
∙ വ്യക്തിഗത/ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കാതിരിക്കുക.
∙ ഒടിപി ഒരു കാരണവശാലും മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കരുത്.
∙ സംശയാസ്പദ വെബ്സൈറ്റ് ഉപയോഗിക്കരുത്.
∙ പാസ്‌വേഡ് ഇടയ്ക്കിടെ മാറ്റുക.
ശിക്ഷ
സൈബർ കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാൽ 2 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും തടവും നാടുകടത്തലുമാണ് ശിക്ഷ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക