ആരോപണത്തിന് പിന്നാലെ ഇ.പിയും പി.ജയരാജനും തമ്മില്‍ കണ്ടു; കൂടിക്കാഴ്ച ലീഗ് നേതാവിൻ്റെ വീട്ടില്‍
ഇ.പിക്കെതിരായ ആരോപണം; കുഞ്ഞാലിക്കുട്ടിയെ തള്ളി കെപിഎ മജീദ്: ‘ഈ അനീതിക്കെതിരെ മിണ്ടിയെ തീരൂ’
കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആരോപണം ഉന്നയിച്ച പി.ജയരാജനെ കണ്ടു. പാനൂര്‍ കടവത്തൂരില്‍ വെച്ച് മുസ്ലിം ലീഗ് നേതാവ് പൊട്ടന്‍കണ്ടി അബ്ദുള്ളയുടെ വീട്ടിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അബ്ദുള്ളയുടെ മകന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഇരുവരും. പി.ജയരാജന്‍ ആരോപണം ഉന്നയിച്ചതായി മാധ്യമങ്ങള്‍ പുറത്തുവിട്ട ശനിയാഴ്ച തന്നെയാണ് ഇരുവരും നേരില്‍ കണ്ടത്.
അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളി മുസ്ലിം ലീഗ് എംഎല്‍എയും പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി.എ.മജീദ്. ‘ഈ അനീതിക്കെതിരെ മിണ്ടിയെ തീരൂവെന്ന് മജീദ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സി.പി.എം. മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയും സംസ്ഥാനകമ്മിറ്റിയംഗവുമായ പി. ജയരാജന്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഉന്നയിച്ച ആരോപണം.
പി.ജയരാജന്‍ ഉന്നയിച്ച ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്നും മുസ്ലിംലീഗ് അതില്‍ അഭിപ്രായം പറയുന്നില്ലെന്നും ഇടപെടില്ലെന്നുമായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. തൊട്ടുപിന്നാലെയാണ് റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.എ.മജീദ് രംഗത്തെത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തില്‍ ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക