അടിവസ്ത്രത്തില്‍ സ്വര്‍ണം: പ്രതിഫലം 60,000; 19കാരിയുടെ ദുബായ് യാത്ര ഇൻ്റർവ്യൂവിനെന്ന പേരിൽ

കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ. ദുബായിൽ ആറു ദിവസത്തെ ഇന്റർവ്യൂവിൽ പങ്കെടുക്കാനുണ്ടെന്നാണ് കാസർകോട് സ്വദേശിയായ ഷഹല വീട്ടുകാരോടു പറഞ്ഞിരുന്നത്. സ്വര്‍ണക്കടത്ത് സംഘം അറുപതിനായിരം രൂപ ഷഹലയ്ക്കു പ്രതിഫലമായി നല്‍കിയെന്നും പൊലീസ് പറഞ്ഞു.

ഷഹല ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് ലഭിച്ചവിവരം. കാസര്‍കോട് സ്വദേശിയായ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് സ്വര്‍ണം കടത്തിയതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും നല്‍കും.

1886 ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി ഉൾവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്താണ് ഷഹല വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ഉൾവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കൈമാറിയതും സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ് പറഞ്ഞു. മൂന്നു ഭാഗങ്ങളാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചത്.

ഞായറാഴ്ച രാത്രി ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഷഹല കരിപ്പൂരിലെത്തിയത്. യുവതി സ്വര്‍ണം കടത്തുന്നതായി മലപ്പുറം എസ്പി എസ്.സുജിത് ദാസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 11 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയശേഷമാണ് ഷഹല പൊലീസിന്റെ പിടിയിലായത്. 87–ാം തവണയാണ് കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരില്‍നിന്നു പൊലീസ് സ്വർണം പിടിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇതുംകൂടി വായിക്കുക..

ആദ്യമായാണ് സ്വര്‍ണം കടത്തുന്നത്, ഭര്‍ത്താവിൻ്റെ നിര്‍ബന്ധപ്രകാരമെന്ന് മൊഴി; കരിപ്പൂരില്‍ പോലീസിൻ്റെ 87-ാമത്തെ സ്വർണവേട്ട

 

 

Share

One thought on “അടിവസ്ത്രത്തില്‍ സ്വര്‍ണം: പ്രതിഫലം 60,000; 19കാരിയുടെ ദുബായ് യാത്ര ഇൻ്റർവ്യൂവിനെന്ന പേരിൽ

Comments are closed.

error: Content is protected !!