മിന്നൽ പ്രളയം: സൗദിയിൽ കനത്ത നാശം വിതച്ചു, ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

സൗദിയിൽ പൊടുന്നനെയുണ്ടായ കനത്തമഴയിൽ നൂറിലേറെ വാഹനങ്ങളും മാലിന്യത്തൊട്ടികളും കടകളിൽ ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാധനങ്ങളും മൃഗങ്ങളും ഒലിച്ചുപോയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം ജിദ്ദയിലുണ്ടായ പ്രളയത്തിലും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ആളപായമോ പരുക്കോ ഇന്നലെ രാത്രി വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് സിവിൽ ഡിഫൻസ് വിഭാഗം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയത് അപകടം കുറക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കൂടാതെ വെള്ളിയാഴ്ച രാവിലെ പൊതുവെ ആളുകൾ പുറത്തിറങ്ങാത്ത സമയത്തായിരുന്നു അതിശക്തമായ മഴ വർഷിച്ചതും മഴവെള്ളപ്പാച്ചിലുണ്ടായതും. ഇതും അപകടത്തിൻ്റെ തോത് കുറക്കാൻ കാരണമായി.

മഴമൂലം ഉണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കാൻ പ്രത്യേക കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുണ്ടായവർക്ക് അപേക്ഷ നൽകാമെന്നും നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം മഴയിൽ തിരക്കു കുറഞ്ഞെങ്കിലും ഉംറ തീർഥാടനം തുടർന്നു. മക്ക ഹറം പള്ളി ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലെ വെള്ളക്കെട്ട് നീക്കിയെങ്കിലും ചില പ്രദേശങ്ങൾ ഇപ്പോഴും ഗതാഗത യോഗ്യമായിട്ടില്ല.

ജിദ്ദ, മക്ക പ്രദേശങ്ങളിൽ മഴയ്ക്കു ശമനം ഉണ്ടെങ്കിലും ജിസാൻ, അസീർ, തബൂക് മേഖലകളിൽ ഇന്നലെയും മഴ പെയ്തു. മക്ക, മദീന, ബാഹ, ജിസാൻ, അസീർ, ജൗഫ്, തബൂക്, ഹായിൽ, ഖാസിം മേഖലകളിൽ മഴ തുടരുമെന്നും, ചില സ്ഥലങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും, ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

റിയാദ്, വടക്കു, കിഴക്ക്, മധ്യ മേഖലകളിൽ താപനില ഗണ്യമായി കുറയും. മണിക്കൂറിൽ 15–35 കി.മീ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ജിദ്ദയുൾപ്പെടെ പല സ്ഥലങ്ങളിലും തണുപ്പ് കാലാവസ്ഥയിലേക്ക് മാറി കഴിഞ്ഞു.

വിവിധ നഗരങ്ങളിൽ പ്രതീക്ഷിക്കുന്ന താപനില: മക്ക 16/26 ഡിഗ്രി, മദീന 11/21 ഡിഗ്രി, റിയാദിൽ 11/20 ഡിഗ്രി, ദമാമിൽ 14/23 ഡിഗ്രി, ജിദ്ദയിൽ 19/27 ഡിഗ്രി, അബഹയിൽ 9/15 ഡിഗ്രി സെൽഷ്യസ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!