സ്വകാര്യബസ് കയറ്റത്തില്‍നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഇറങ്ങിപ്പോയി; പിന്നോട്ടുരുണ്ടു, തടഞ്ഞു നിർത്തി അപകടത്തിൽ നിന്ന് രക്ഷിച്ചത് KSRTC ബസ്

ചെറുതോണി: സ്വകാര്യ ബസ് കയറ്റത്തില്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഇറങ്ങിപ്പോയി. പിന്നോട്ടുരുണ്ട ബസ് പിന്നാലെ വന്ന കെ.എസ്.ആര്‍.ടി.സി.ബസ് തടഞ്ഞു നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. വെള്ളിയാഴ്ച വൈകീട്ട് 6.30-ന് ചെറുതോണി ടൗണിലാണ് സംഭവം.

തൊടുപുഴയില്‍ നിന്നും തോപ്രാംകുടിക്ക് പോയ പ്രകാശ് ബസാണ് കയറ്റത്ത് നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് പിറകോട്ടുരുണ്ടത്. തൊട്ടുപിന്നാലെ വന്ന കെ.എസ്.ആര്‍.ടി.സി.ബസില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. കട്ടപ്പനയില്‍നിന്ന് കോഴിക്കോടിന് പോയ കെ.എസ്.ആര്‍.ടി.സി.ബസ് അപ്പോള്‍ എത്തിയില്ലായിരുന്നെങ്കില്‍ വന്‍ അപകടം ഉണ്ടാകുമായിരുന്നു. ക്രിസ്മസ് പ്രമാണിച്ച് ചെറുതോണി ടൗണില്‍ ജനത്തിരക്കുള്ള സമയത്താണ് സംഭവം നടക്കുന്നത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബസ് നിര്‍ത്തിയതിനെതിരേ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. എന്നാല്‍ തര്‍ക്കത്തിന് നില്ക്കാതെ കെ.എസ്.ആര്‍.ടി.സി. യാത്ര തുടര്‍ന്നു. ബസ് തിരികെ എത്തിയാല്‍ ഉടനെ ആര്‍.ടി.ഒ.യ്ക്ക് പരാതി നല്‍കുമെന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പറഞ്ഞു. ചെറുതോണിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബസ് നിര്‍ത്തിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ആര്‍.ടി.ഒ. ആര്‍.രമണന്‍ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!