പ്രവാസികൾ ശ്രദ്ധിക്കുക.. താസമ നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി 1 മുതൽ പരിശോധന ശക്തമാക്കും

ഫ്ലാറ്റുകളിലേയും വില്ലകളിലേയും അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി നഗരസഭ. ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങളെ താമസിപ്പിക്കുക, ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുക, കുടുംബ താമസ കേന്ദ്രങ്ങളിൽ ബാച്ചിലേഴ്സ് താമസിക്കുക എന്നിവയ്ക്കും വിലക്കുണ്ട്. ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കും. നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

 

ഒരു കുടുംബത്തിന് അനുയോജ്യമായ വിധത്തിലുള്ള വൈദ്യുതി കണക്ഷൻ ഒന്നിലേറെ കുടുംബങ്ങളോ പരിധിയിലേറെ ആളുകളോ ഉപയോഗിക്കുന്നത് അഗ്നിബാധയ്ക്കു കാരണമാകാം. പരസ്പരം ബന്ധമില്ലാത്ത ഒന്നിലേറെ കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്നത് സാമൂഹിക, കുടുംബ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഓർമിപ്പിച്ചു. ജനങ്ങൾക്ക് സുരക്ഷിത താമസ അന്തരീക്ഷം  ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

 

ജനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാകുംവിധം കെട്ടിടത്തിൽ രൂപമാറ്റം വരുത്തി കൂടുതൽ പേരെ താമസിപ്പിക്കുന്നത് കടുത്ത നിയമലംഘനമാണ്. 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കുന്ന കുറ്റമാണിത്. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും.

വർധിച്ചുവരുന്ന വാടകയിൽനിന്നും ജീവിത ചെലവിൽനിന്നും രക്ഷ നേടുന്നതിനായി ഒരു ഫ്ലാറ്റിൽ രണ്ടോ അതിൽ കൂടുതലോ കുടുംബങ്ങൾ താമസിക്കുന്നത് പതിവാണ്. സ്വദേശികളുടെ പേരിലുള്ള വില്ലകൾ എടുത്ത് വലിയ മുറികൾ രണ്ടും മൂന്നും ആക്കി വിഭജിച്ച് വാടകയ്ക്ക് കൊടുക്കുന്നവരും കൂടിയതാണ് പരിശോധന ശക്തമാക്കാൻ കാരണം. നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം എന്ന പേരിൽ ബോധവൽക്കരണ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!