നടന്ന് പോകുകയായിരുന്ന പ്രവാസിയെ കാറിടിച്ച് വീഴ്ത്തി കവർച്ച; രണ്ടംഗ സംഘം അറസ്റ്റിൽ – വീഡിയോ
സൗദി അറേബ്യയിലെ ഖത്തീഫിൽ വിദേശിയെ കാറിടിച്ച് വീഴ്‍ത്തി പഴ്‍സും മൊബൈൽ ഫോണും തട്ടിയെടുത്ത കവർച്ചാ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദി കിഴക്കൻ പ്രവിശ്യയിലെ സൈഹാത്തിലാണ് വിദേശി ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടംഗ സംഘത്തെയാണ് ഖത്വീഫ് പൊലീസ് അറസ്റ്റ് ചെയ്തത്. സൗദി യുവാക്കളാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
A foreigner was hit by a car in Saudi Arabia and his wallet and mobile phone were stolen pic.twitter.com/hY0io52SOr
— Malayalam News Desk (@MalayalamDesk) December 23, 2022
പരിക്കേറ്റയാൾ ഇതിനോടകം ആശുപത്രി വിട്ടു. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി വിജനമായ സമയത്ത് സൈഹാത്തിലെ റോഡ് സൈഡിലൂടെ നടന്നു പോകുന്നതിനിടെയാണ് വിദേശിയെ പിന്നിലൂടെ എത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബോണറ്റിനു മുകളിലൂടെ ഉയർന്നുപൊങ്ങിയ വിദേശി നടപ്പാതയിൽ ദേഹമടിച്ചു വീഴുകയായിരുന്നു. സംഭവസ്ഥലത്ത് ഡ്രൈവർ കാർ നിർത്തുകയും സഹയാത്രികനായ കൂട്ടാളി കാറിൽ നിന്ന് ഇറങ്ങി വിദേശിയുടെ ശരീരം പരിശോധിക്കുകയും പഴ്സും മൊബൈൽ ഫോണും കൈക്കലാക്കി തിരികെ കാറില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൾ പ്രചരിച്ചു. ഇതിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞാണ് പൊലീസ് പിടികൂടിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക