കോവിഡ് വ്യാപനം: ഇന്ത്യയിൽ ഇപ്പോൾ കടുത്ത നിയന്ത്രണങ്ങളില്ല, മാസ്ക് ഉപയോഗിക്കാൻ പ്രേരിപ്പിക്കും. പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കും – പ്രധാനമന്ത്രി

ചൈനയിൽ കോവിഡ് കേസുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. രാജ്യത്ത് കോവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോണ് ബി.എഫ് 7 ൻ്റെ  നാല് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അടിയന്തിര യോഗം വിളിച്ചത്. 

രാജ്യത്ത് ഇപ്പോൾ മാസ് നിർബന്ധമാക്കില്ലെന്നും എന്നാൽ മാസ്ക് ഉപയോഗിക്കാൻ പ്രേരിപ്പിക്കുമെന്നും യോഗ ശേഷം അദ്ദേഹം പറഞ്ഞു.  ജീനോം സീക്വൻസിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും, കോവിഡ് പരിശോധനകൾ കൂടുതലായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ചൈനയിൽ നാശം വിതയ്ക്കുന്ന വൈറസ് വകഭേദത്തിന്റെ നാല് കേസുകൾ ഇന്ത്യയിൽ കണ്ടെത്തിയതിൽ ആശങ്കയുണ്ട്. കേസുകളിൽ ഒന്ന് ജൂലൈയിലും മറ്റുള്ളവ സെപ്റ്റംബർ, നവംബർ മാസങ്ങളിലുമാണ് റിപ്പോർട്ട് ചെയ്തത്. ഇവർ വീടുകളിലെ ചികിത്സയിലൂടെ തന്നെ സുഖം പ്രാപിച്ചതായും, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചു.

എങ്കിലും തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെ, പ്രത്യേകിച്ച് വരാനിരിക്കുന്ന ഉത്സവങ്ങൾ കണക്കിലെടുത്ത് എല്ലാ സമയത്തും കൊവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരാൻ പ്രധാനമന്ത്രി മോദി എല്ലാവരോടും യോഗത്തിൽ ആവശ്യപ്പെട്ടു. അവശ്യ മരുന്നുകളുടെ ലഭ്യതയും വിലയും പതിവായി നിരീക്ഷിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഓക്‌സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ, സ്റ്റാഫുകൾ എന്നിവയുൾപ്പെടെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തന സന്നദ്ധത ഉറപ്പാക്കാൻ സംസ്ഥാനങ്ങളെ ഉപദേശിക്കുകയും ചെയ്തു. 

 

അതേ സമയം ചൈനയിൽ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും ഉടൻ നിർത്തണമെന്ന് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തിനിടയിൽ, കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യത്ത് നിന്നും വരുന്ന വിമാനങ്ങൾ തടയാൻ കേന്ദ്ര സർക്കാർ ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ‘ഞങ്ങൾക്ക് ചൈനയിൽ നിന്ന് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് ചൈനയിലേക്കോ നേരിട്ടുള്ള വിമാനങ്ങളൊന്നുമില്ല, എന്നാൽ ചൈനയിൽ നിന്നും മറ്റു രാജ്യങ്ങൾ വഴി എത്തുന്ന ഇന്ത്യയിലേക്കുള്ള കണക്ഷൻ വിമാനങ്ങൾ നിർത്തലാക്കാനുള്ള ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. സിവിൽ ഏവിയേഷൻ മന്ത്രാലയം (MoCA) ഒരു നിർവ്വഹണ മന്ത്രാലയമാണ്, അന്തിമ തീരുമാനം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ നിന്നായിരിക്കും (MoHFW),” സർക്കാർ വൃത്തങ്ങൾ ANI യോട് പറഞ്ഞു.

പല രാജ്യങ്ങളിലും COVID-19 കേസുകളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ 2 ശതമാനം റാൻഡം സാമ്പിൾ പരിശോധന ഇന്ത്യ ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ എല്ലാവർക്കും ഇത് നിർബന്ധമാക്കുന്നത് പരിഗണിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഏറ്റവും പുതിയ COVID-19 സാഹചര്യത്തെക്കുറിച്ചും ഇന്ത്യയുടെ തയ്യാറെടുപ്പിനെക്കുറിച്ചും രാജ്യസഭയിൽ നടത്തിയ പ്രസ്താവനയ്ക്ക് ശേഷം ചില പ്രതിപക്ഷ എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എല്ലാ ഓക്‌സിജൻ പ്ലാന്റുകളും പ്രവർത്തിക്കുന്നുണ്ടെന്നും മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടെന്നും മന്ത്രി  ഉറപ്പ് നൽകി.  ആവശ്യമായ മരുന്നുകളും വാക്സിനുകളും നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!