ചൈനയിലെ കോവിഡ് വകഭേദം ഇന്ത്യയിൽ 4 പേർക്ക് സ്ഥിരീകരിച്ചു; പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

ചൈനയിൽ വ്യാപിക്കുന്ന കോവിഡിന്റെ ബിഎഫ്.7 വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഈ സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന യോഗത്തിൽ, രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും അനുബന്ധ വശങ്ങളും അവലോകനം ചെയ്യും. ജൂലൈ– നവംബർ കാലയളവിൽ ഗുജറാത്തിലും ഒഡീഷയിലും 2 വീതം ബിഎഫ്.7 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുകകയാണെങ്കിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്രം. വിവിധ സംസ്ഥാനങ്ങളിലും ഉന്നതല യോഗം വിളിച്ചു.

ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ച നാല് പേരും ഇപ്പോൾ കോവിഡ് മുക്തരാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അറിയിച്ചു. പുതിയ സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്ന വിമാനയാത്രക്കാരിൽ ചിലരുടെ വീതം സാംപിൾ ശേഖരിച്ചു പരിശോധന നടത്തും (റാൻഡം ചെക്കിങ്). രാജ്യാന്തര യാത്രാ മാർഗരേഖയിൽ തൽക്കാലം മാറ്റമില്ല.

കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചുചേർത്ത കോവിഡ് കർമസമിതി യോഗത്തിലെ പ്രധാന നി‍ർദേശങ്ങൾ:

∙ ആൾക്കൂട്ടത്തിലും പൊതുഇടങ്ങളിലും മാസ്ക് ധരിക്കുക; സുരക്ഷിത അകലം ഉറപ്പാക്കുക. കൂടുതൽ പേർ വാക്സീൻ കരുതൽ ഡോസ് എടുക്കാൻ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണം.

∙ കോവിഡ് ബാധിതർക്കു നൽകുന്ന മരുന്നുകളുടെ കരുതൽശേഖരം ഫാർമസ്യൂട്ടിക്കൽ വകുപ്പ് ഉറപ്പാക്കണം. ആയുഷ് മന്ത്രാലയവും സമാന നടപടി സ്വീകരിക്കണം.

∙ ഉത്സവ സീസൺ ആയതിനാൽ കൂടുതൽ മുൻകരുതൽ വേണം.

∙ പോസിറ്റീവ് സാംപിളുകൾ എല്ലാ ദിവസവും ജനിതക ശ്രേണീകരണത്തിനു കൈമാറണം.

∙ പോസിറ്റീവ് ആകുന്നവരെ വേഗം തിരിച്ചറിയാനും സമ്പർക്കത്തിലുള്ളവരെ ക്വാറന്റീനിലാക്കാനും നേരത്തേ പുറത്തിറക്കിയ മാർഗരേഖ സംസ്ഥാനങ്ങൾ പാലിക്കണം.

കോവിഡ് കർമസമിതി അടുത്തയാഴ്ച വീണ്ടും യോഗം ചേരും.

കേരളത്തിലും മുൻകരുതൽ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് എല്ലാ ജില്ലകൾക്കും കോവിഡ് ജാഗ്രതാനിർദേശം നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ മാസം ഇതുവരെ 1431 കേസുകൾ മാത്രമാണു റിപ്പോർട്ട് ചെയ്തത്. ആശുപത്രികളിലുള്ളവരും കുറവാണെന്നു സംസ്ഥാന കോവിഡ് ദ്രുതപ്രതികരണ ടീമിന്റെ യോഗത്തിനുശേഷം മന്ത്രി പറഞ്ഞു. ലക്ഷണമുള്ള കൂടുതൽ പേരെ പരിശോധിക്കും. ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തും. ആശുപത്രി സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നിർദേശമുണ്ട്.

 

കോവിഡ് പ്രതിരോധം ഊർജിതമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ കോവിഡ് ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കുന്ന നിലയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഊർജിതമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മറ്റു രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യം ഉണ്ടെങ്കിലും സംസ്ഥാനത്തു കേസുകൾ കുറവാണ്.

കോവിഡിൽ പഠിച്ച പാഠങ്ങൾ വീണ്ടും ശീലമാക്കണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കരുത്. ചികിത്സ തേടണം. കോവിഡ് ലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത ഇടപഴകാതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 129 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 3,408 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ മരണം 5,30,677 ആയി.

Share
error: Content is protected !!