അച്ഛനൊപ്പം അമ്പലത്തില്‍ പോകുമ്പോള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; ഉച്ചയോടെ കല്യാണം, വമ്പൻ ട്വിസ്റ്റ് -വിഡിയോ

തെലങ്കാനയിൽ  പുലര്‍ച്ചെ അച്ഛനൊപ്പം ക്ഷേത്രത്തിലേക്കു നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ കാറിലെത്തിയ അജ്ഞാത സംഘം വാപൊത്തി തട്ടിക്കൊണ്ടുപോയി. തെലങ്കാനയിലെ രാജണ്ണ സിര്‍സിലെ മൂടപ്പള്ളിയിലാണ് സംഭവം. ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ജില്ലാ അതിര്‍ത്തി അടച്ചു പൊലീസ് വ്യാപക തിരച്ചില്‍ തുടരുന്നതിനിടെ വൈകിട്ടോടെ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റുണ്ടായി.

മൂടപ്പള്ളിയെന്ന സ്ഥലത്തു പുലര്‍ച്ചെയാണു സംഭവം. അച്ഛനൊപ്പം ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു ഗൊളി ശാലിനി. എതിര്‍ദിശയില്‍ വന്ന കാറില്‍ നിന്നു മുഖം മൂടിധാരികളായ രണ്ടുപേര്‍ ചാടിയിറങ്ങുന്നതും ശാലിനിയുടെ വാ പൊത്തിപ്പിടിച്ചു കാറിലേക്ക് എടുത്തുകൊണ്ടുപോയതും മിന്നായം പോലെ കാണാനേ അച്ഛനു കഴിഞ്ഞുള്ളു. അതിവേഗത്തില്‍ കുതിച്ച കാറിന്റെ പിന്നാലെ ഓടിയെങ്കിലും മകളെ രക്ഷിക്കാനായില്ല.

സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക തിരച്ചില്‍ തുടങ്ങി. കര്‍ശന നടപടിയെന്നു സിര്‍സില്ല എസ്.പി. സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യപിച്ചു. കാടിളക്കിയുള്ള തിരച്ചില്‍ തുടരുന്നതിനിടെ കഥയിലെ ട്വിസ്റ്റെത്തി. ദളിതനായ കാമുകന്‍ കാര്‍ക്കുറി ജ്ഞാനേശ്വറെ കുടുംബം അംഗീകരിച്ചിരുന്നില്ല. 18 തികഞ്ഞതോടെ ശാലിനിക്കു കുടുംബം കല്യാണം ആലോചിച്ചു. ഇക്കാര്യം കാമുകന്‍ അറിഞ്ഞതോടെയാണു തട്ടിക്കൊണ്ടുപോകലുണ്ടായത്.

ഒപ്പമുണ്ടായിരുന്ന അച്ഛനെ മർദിച്ചശേഷമാണു കാറിലെത്തിയ സംഘം പെൺകുട്ടിയുമായി കടന്നത്. തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് കാമുകനും സംഘവുമാണെന്നും ഇരുവരും നേരത്തെ വിവാഹിതരായിരുന്നെന്നും പൊലീസ് പറഞ്ഞു.

 

 

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ: പെൺകുട്ടിയും യുവാവും തമ്മിൽ 4 വർഷമായി പ്രണയത്തിലായിരുന്നു. ഇവർ 10 മാസം മുൻപ് വിവാഹം കഴിച്ചെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ 24 കാരനായ യുവാവിനെതിരെ കേസെടുത്തിരുന്നു. തന്നെ കൂട്ടിക്കൊണ്ടു പോകണമെന്ന് കാമുകനോട് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചു പെൺകുട്ടിക്കും അറിവുണ്ടായിരുന്നില്ലെന്നാണു പൊലീസ് പറയുന്നത്. കാറിൽ കയറിയപ്പോഴാണ് കാമുകനും സംഘവുമാണു തട്ടിക്കൊണ്ടുപോയതെന്നു പെൺകുട്ടിക്കു മനസ്സിലായത്.

 

പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ ഇവർ അമ്പലത്തിൽ വച്ച് വിവാഹിതരാകുകയായിരുന്നു. വിവാഹ വസ്ത്രങ്ങൾ അണിഞ്ഞ യുവതിയുടെ വിഡിയോ ലഭിച്ചു. ഇതരമതസ്ഥരായതിനാൽ പെൺകുട്ടിയുടെ പിതാവ് വിവാഹത്തിനു സമ്മതിച്ചില്ല. ഇതോടെയാണു യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!