മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പതിനാറുകാരൻ ദാരുണമായി കൊല്ലപ്പെട്ടു

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പതിനാറുകാരൻ കൊല്ലപ്പെട്ടു. ഇറാഖിലെ കുർദിസ്ഥാനിൽ സുലൈമാനിയയിലെ ഒരു ഗ്രാമത്തിൽ ഇറാഖി ബാലനായ വിസാം മുഹമ്മദാണ് കൊല്ലപ്പട്ടത്. വിസാം മുഹമ്മദ് ഉറങ്ങാൻ പോകുന്നതിന് മുമ്പ് തന്റെ ഫോൺ ചാർജറുമായി ബന്ധിപ്പിച്ച് തലയിണയ്ക്കടിയിൽ വെച്ചിരുന്നു, എന്നാൽ ശനിയാഴ്ച രാത്രി ഫോൺ പൊട്ടിത്തെറിക്കുകയും ശരീരത്തിന്റെ 80% ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.

അപകടത്തെ തുടർന്ന് ചികിത്സയ്ക്കായി സുലൈമാനിയ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റിയയെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ ഞായറാഴ്ച ഉച്ചയോടെ മരിച്ചു.

മൊബൈൽ ചാർജ് ചെയ്യുന്ന സമയത്ത് പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് ഇറാഖി ടെക്‌നോളജി വിദഗ്‌ധനായ മൊഅമൽ അഹമ്മദ് പറഞ്ഞു.

ശ്രദ്ധയില്ലാതെ ഈ രീതിയിൽ ഫോണുകൾ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിലൂടെ അവ പൊട്ടിത്തെറിക്കുന്നതിനും വലിയ  തീപിടുത്തങ്ങൾക്കും പരിക്കുകൾക്കും മരണങ്ങൾക്കും കാരണമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഫോൺ ചാർജ് ചെയ്യുന്നതിനിടയിലുള്ള അപകടസാധ്യത ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു.

1) ചാർജ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ കത്തുന്നതോ ചൂടുള്ളതോ ആയ പ്രതലത്തിൽ വെക്കരുത്. ഇത് ഫോണിന്റെ താപനില കൂടുതൽ വർദ്ധിപ്പിക്കുന്നതിനും അതിലൂടെ പൊട്ടത്തെറിയിലേക്കും നയിക്കും.

2) തീപിടുത്തത്തിനുള്ള സാധ്യത ഏറെയുള്ള സോഫ, കിടക്ക, പേപ്പർ എന്നിവയിൽ വെച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യരുത്.

3) ഇറാഖി ബാലന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ മൊബൈൽ ഫോൺ തലയിണയ്ക്കടിയിൽ വയ്ക്കുന്നത് ഫോണിലെ മർദ്ദം വർധിപ്പിക്കുകയും വായുസഞ്ചാരം തടയുകയും അങ്ങനെ താപനില ഉയർത്തുകയും അത് പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്യും.

4) താരതമ്യേന പഴയതും, കാലാവധി അവസാനിച്ചതുമായ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും, മോശം ക്വാളിറ്റിയിലുള്ളതോ അല്ലെങ്കിൽ ഒറിജിനൽ അല്ലാത്തതോ ആയ ചാർജറുകൾ ഉപയോഗിക്കുന്നതും, ഫോണിൻ്റെ ബാറ്ററികൾക്ക് കേടുപാടുകൾ വരുത്തുകയും അമിതമായി ചൂടാകുകയും ചെയ്യുന്നു. ഇത് മൂലം അപകടത്തിനുള്ള സാധ്യത വളരെ ഏറെയാണ്.

5) ഉറങ്ങുന്ന സ്ഥലത്ത് നിന്നും, വിശ്രമിക്കുന്ന സ്ഥലത്ത് നിന്നും അൽപം ദൂരെ വെച്ച് ചാർജ് ചെയ്യുന്നതാണ് ഏറ്റവും അഭികാമ്യം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!