ചൈനയും, യുഎസും കോവിഡ് ഭീതിയിൽ; ഇന്ത്യയിൽ ജാഗ്രത നിർദേശം, ഏതു സാഹചര്യത്തെയും നേരിടാൻ തയാറാവണമെന്ന് കേന്ദ്രം

ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ് വ്യാപനം തുടരുകയും യുഎസിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഏതു സാഹചര്യത്തെയും നേരിടാൻ തയാറായി ഇരിക്കാൻ കേന്ദ്ര നിർദേശം. പോസിറ്റീവ് കേസുകളുടെ ജീനോം സ്വീക്വൻസിങ് വർധിപ്പിക്കാൻ ആരോഗ്യമന്ത്രാലയം എല്ലാ സം‌സ്ഥാനങ്ങൾക്കും കത്തെഴുതി.

 

‘‘യുഎസ്, ജപ്പാൻ, കൊറിയ, ബ്രസീൽ, ചൈന എന്നിവിടങ്ങളിൽ പൊടുന്നനെ കോവിഡ് കേസുകളിൽ വർധന ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പോസിറ്റീവ് കേസുകളുടെ ജീനോം സീക്വൻസിങ് വർധിപ്പിക്കണം. ഇവ ഇന്ത്യൻ സാർസ്–കോവ്2 ജീനോമിക്സ് കൺസോർഷ്യം (ഇൻസാകോഗ് – INSACOG) വഴി നിരീക്ഷിക്കണം. അതുവഴി രാജ്യത്തു പുതിയ വകഭേദങ്ങൾ വരുന്നുണ്ടോയെന്ന് അറിയാനാകും. ആവശ്യമെങ്കിൽ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കാൻ ഇവ ഉതകും’’ – ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൻ കത്തിൽ പറയുന്നു.

 

ഇൻസാകോഗ് എന്നത് ഇന്ത്യയിലെ 50ൽ അധികം ലബോറട്ടറികളുടെ ഒരു ശൃംഖലയാണ്. കോവിഡ് കേസുകളിൽ ജനിതക വ്യതിയാനം നിരീക്ഷിക്കുകയാണ് ഇവർ ചെയ്യുന്നത്. പുതിയ വൈറസ് വകഭേദത്തിന്റെ സവിശേഷതകൾ തിരിച്ചറിയാൻ ജീനോം സീക്വൻസിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. എല്ലാ പോസിറ്റീവ് കേസുകളുടെയും സാംപിളുകൾ‍ ഇൻ‍സാകോഗിലേക്ക് അയയ്ക്കണമെന്നും കേന്ദ്രം നിർദേശിക്കുന്നു.

 

ആഗോള തലത്തിൽ ആഴ്ചയിൽ 35 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇന്ന് രാവിലെ ഇന്ത്യയിൽ 112 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആക്ടീവ് കേസുകളുടെ എണ്ണം 3,490 ആണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കിൽ പറയുന്നു.

 

 

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെ ചൈനയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധനയാണുണ്ടായത്. മൂന്നു മാസത്തിനിടയില്‍ ചൈനയിലെ 60 ശതമാനം ജനങ്ങളെയും ആഗോളതലത്തില്‍ 10 ശതമാനം ജനങ്ങളെയും കോവിഡ് ബാധിച്ചേക്കാമെന്നും, ദശലക്ഷകണക്കിന് പേർ മരിക്കുമെന്നുമാണ് വിദഗ്ധർ നല്‍കുന്ന മുന്നറിയിപ്പ്.

‘കോവിഡ് രോഗികളെ സംസ്കരിക്കുന്ന ബെയ്ജിങ്ങിലെ ശമ്ശാനം മൃതദേഹങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചൈനീസ് തലസ്ഥാനത്ത് വൈറസ് പടർന്നുപിടിക്കുന്നു. ഇതു രാജ്യത്തെ പകർച്ചവ്യാധി നിയന്ത്രണങ്ങൾ പെട്ടെന്ന് അഴിച്ചുവിട്ടതിനു കൊടുക്കേണ്ടിവരുന്ന വിലയുടെ സൂചനയാണ്.’’– വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു.

 

ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളേയും വൈറസ് വകഭേദങ്ങളേയും തുടര്‍ച്ചയായി നിരീക്ഷിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇതുകൂടി വായിക്കുക..

ചൈനയിലെ കോവിഡ് വ്യാപനം ആശങ്കാജനകം; ‘ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നു’ – വീഡിയോ

 

Share

One thought on “ചൈനയും, യുഎസും കോവിഡ് ഭീതിയിൽ; ഇന്ത്യയിൽ ജാഗ്രത നിർദേശം, ഏതു സാഹചര്യത്തെയും നേരിടാൻ തയാറാവണമെന്ന് കേന്ദ്രം

Comments are closed.

error: Content is protected !!