അൽ നാസർ ക്ലബ്ബിന് വേണ്ടി കളിക്കും; ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മാസം അവസാനം റിയാദിലെത്തുമെന്ന് റിപ്പോർട്ട്‌

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൌദി ക്ലബ്ബിന് വേണ്ടി കളിക്കുമെന്ന് വീണ്ടും ഉറപ്പിച്ച് കൊണ്ട് സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. റൊണാൾഡോയുമായി അൽ-നാസർ ക്ലബ്ബ് നടത്തിയ ചർച്ചകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളാണ് സ്പാനിഷ് മാധ്യമമായ “മാർക്ക” വെളിപ്പെടുത്തിയത്.

റൊണാൾഡോ ഈ മാസം അവസാനത്തോടെ തലസ്ഥാനമായ റിയാദിലെത്തുമെന്നും,  റൊണാൾഡോയുടെ വരവിനായി അൽ-നാസർ ക്ലബ് കാത്തിരിക്കുകയാണെന്നും “മാർക്ക” റിപ്പോർട്ട് ചെയ്യുന്നു.

അടുത്ത രണ്ടര സീസണുകളിൽ റൊണാൾഡോ അൽ നാസർ ക്ലബ്ബിന് വേണ്ടി കളിക്കുമെന്ന കരാർ ഒപ്പിടാൻ സമ്മതിച്ചതിനാൽ, 2022 അവസാനിക്കുന്നതിന് മുമ്പ് തന്നെ കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അൽ-നാസർ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു.

നിലവിലെ ക്ലബ്ബിന്റെ മാനേജ്‌മെന്റുമായും പരിശീലകനായ എറിക് ടെൻ ഹാഗുമായും ഉണ്ടായ ശക്തമായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു.

ലോകകപ്പിന് ശേഷം റൊണാൾഡോ സൌദിയിലെ അൽ നാസർ ക്ലബ്ബുമായി കരാർ ഒപ്പിടുമെന്ന് നേരത്തെ മാർക്ക റിപ്പോർട്ട് ചെയ്തിരുന്നു. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ തൻ്റെ രാജ്യത്തിന് വേണ്ടി ലോകകപ്പിൽ കളിക്കുക മാത്രമാണ് ലക്ഷ്യമെന്നായിരുന്നു ഇത് സംബന്ധിച്ച് റൊണാൾഡോ വ്യക്തമാക്കിയിരുന്നത്.

 

ഇതിനിടെ കഴിഞ്ഞ ദിവസം സൌദി അൽ നാസർ ക്ലബ്ബ് പ്രതിനിധിയും റൊണാൾഡോയുമായി കരാർ ഉണ്ടാക്കിയതായി അറിയില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയിലാണ് സ്പാനിഷ് പത്രം വീണ്ടും റൊണാഡോ ഈ മാസം റിയാദിലെത്തുമെന്ന് വെളിപ്പെടുത്തിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!