കേരളത്തിന് മാത്രം എന്തു പ്രത്യേകത?: നന്ദി പറഞ്ഞ അർജൻ്റീനയെ വിമർശിച്ച് യുപിയിലെ പൊലീസ് ഉദ്യോഗസ്ഥ
ഖത്തർ ലോകകപ്പിൽ കിരീടം നേടിയതിനു പിന്നാലെ ഇന്ത്യയ്ക്കും ബംഗ്ലദേശിനും പാക്കിസ്ഥാനും നന്ദി പറഞ്ഞ കൂട്ടത്തിൽ കേരളത്തെ പ്രത്യേകം പരാമർശിച്ച അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ വിമർശനവുമായി ഉത്തർപ്രദേശിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥ. ഉത്തർപ്രദേശ് പൊലീസിൽ ഡിഎസ്പിയായി സേവനം ചെയ്യുന്ന അഞ്ജലി കട്ടാരിയയാണ്, അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. കേരളം ഒരു പ്രത്യേക സ്ഥലമല്ലെന്നും, ഇന്ത്യയുടെ ഭാഗമാണെന്നുമാണ് അഞ്ജലി കട്ടാരിയയുടെ നിലപാട്. അതേസമയം, ഈ ട്വിറ്റർ അക്കൗണ്ട് ഔദ്യോഗികമാണോയെന്ന് വ്യക്തമല്ല.
‘‘അർജന്റീനയിലെ ഒരു ഔദ്യോഗിക കായിക സംഘടനയിൽനിന്നുള്ള ഈ ട്വീറ്റ്, തീർത്തും അശ്രദ്ധയോടെയായിപ്പോയി എന്നു പറയാതെ വയ്യ.
ബ്രിട്ടിഷ് ഭരണത്തിൽനിന്ന് പുറത്തുവന്ന മൂന്നു രാജ്യങ്ങൾക്കൊപ്പം കേരളത്തെ ഒരു പ്രത്യേക സ്ഥലമായി പരിഗണിക്കുന്നത്, അൽപം അസ്വാരസ്യത്തോടെ മാത്രമേ ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനും വായിക്കാനാകൂ’ – ഇതായിരുന്നു അഞ്ജലി കട്ടാരിയയുടെ ട്വീറ്റ്.
‘കേരളം ഒരു പ്രത്യേക സ്ഥലമല്ല, ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും ദയവു ചെയ്ത് തിരുത്തണമെന്നും’ അർജന്റീന ഫുട്ബോൾ അസോസിയേഷനെ ടാഗ് ചെയ്ത് അഞ്ജലി കട്ടാരിയ ട്വീറ്റ് ചെയ്തിരുന്നതായും ഇതു പിന്നീട് നീക്കം ചെയ്തതായും ആരാധകർ സമൂഹമാധ്യമങ്ങളിൽ വിശദീകരിക്കുന്നുണ്ട്. ഈ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നേരത്തെ, ട്വിറ്റർ ഹാൻഡിലിലൂടെയാണ് കേരളത്തന് ഉൾപ്പെടെ നന്ദിയറിയിച്ച് അർജന്റീന അർജന്റീന ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തിയത്. ബംഗ്ലദേശിലെ ആഘോഷങ്ങളുടെ വിഡിയോയും ബംഗ്ലദേശിനോടുള്ള നന്ദിയും ട്വീറ്റിലുണ്ട്.
Argentina congratulations 🇧🇩🇧🇩🇧🇩🇦🇷🇦🇷 pic.twitter.com/3ayOXA9ac0
— Shakhawat Sakib (@shakhawat_094) December 18, 2022
അർജന്റീനയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ ഞായറാഴ്ച രാത്രി മുഴുവൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ ആഘോഷ പരിപാടികളാണു നടന്നത്. പലയിടത്തും ആരാധകരെ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ പാടുപെട്ടു. പെനല്റ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന 36 വർഷങ്ങൾക്കു ശേഷം ലോകകപ്പ് നേടിയത്. ഷൂട്ടൗട്ടിൽ 4–2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക