‘ജോലി ഒഴിവുകൾ’ അറിയിച്ച് വലയൊരുക്കി ദിവ്യ, ഓഫീസിൽ വെച്ച് ഇൻ്റർവ്യൂ നടത്തും, പിന്നീട് ഹോട്ടലിലേക്ക് വരാൻ പറയും

പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ നടന്ന ജോലി തട്ടിപ്പിൽ ഉദ്യോഗാർഥികളെ കെണിയിൽ വീഴ്ത്തിയതു ടൈറ്റാനിയം ഓഫിസിൽ തന്നെ സംഘടിപ്പിച്ച ഇന്റർവ്യൂ വഴി. കേസിൽ അറസ്റ്റിലായ ദിവ്യജ്യോതിയാണ് (ദിവ്യ നായർ–41) ഒഴിവുകളുണ്ടെന്ന അറിയിപ്പ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ഉദ്യോഗാർഥികൾക്കായി വലയൊരുക്കുന്നതും. ഇതു കണ്ടു വിളിക്കുന്നവരുമായി അവർ തന്നെ സംസാരിക്കും. 15–20 ലക്ഷം രൂപയാണ് ആവശ്യപ്പെടുക. തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽ വച്ചായിരുന്നു പണം കൈമാറലും ചർച്ചകളും.

 

സംശയമുള്ളവരെ, തട്ടിപ്പിനു കൂട്ടുനിന്ന ടൈറ്റാനിയത്തിലെ ഡപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ ആൻഡ് ലീഗൽ) എൻ.ശശികുമാരൻ തമ്പിയുടെ ഓഫിസിൽ വിളിപ്പിച്ച് വ്യാജ അഭിമുഖം നടത്തി. ടൈറ്റാനിയം പരിസരത്ത് എത്തിയാൽ ഉടൻ‌ ഫോൺ ഓഫ് ചെയ്യാൻ ഉദ്യോഗാർഥികളോട് ആവശ്യപ്പെടും. തെളിവു നശിപ്പിക്കാനായിരുന്നു ഇത്. രണ്ടാഴ്ചയ്ക്കകം നിയമന ഉത്തരവ് കിട്ടുമെന്നായിരുന്നു വാഗ്ദാനം. മാസങ്ങൾ കഴിഞ്ഞിട്ടും ഉത്തരവ് ലഭിക്കാതായതോടെയാണു പലരും പരാതിപ്പെടാൻ തുടങ്ങിയത്.

 

ശശികുമാരൻ തമ്പിയെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ദിവ്യ നായരുടെ ഭർത്താവ് രാജേഷ്, പ്രേംകുമാർ, ശ്യാംലാൽ എന്നിവരും സംഘത്തിലുണ്ട്. ദിവ്യ ഒഴികെയുള്ളവർ ഒളിവിലാണ്. ടൈറ്റാനിയം പ്രോഡക്ട്സിൽ 75,000 രൂപ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്തു 15 കോടിയിലേറെ രൂപയുടെ വൻ തട്ടിപ്പാണ് നടത്തിയത്. കെമിസ്റ്റ് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് 29 പേരിൽ നിന്നു പണം വാങ്ങിയതായി ദിവ്യജ്യോതിയുടെ ഡയറി രേഖകളിൽ നിന്നു വ്യക്തമായിട്ടുണ്ട്.

 

തട്ടിപ്പിൽ കൂടുതൽ പേർ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇതുവരെ 4 പരാതികളാണു ലഭിച്ചത്. കൂടുതൽ പരാതി ലഭിച്ചാൽ കേസ് പ്രത്യേക സംഘത്തിനോ ജില്ലാ ക്രൈംബ്രാഞ്ചിനോ കൈമാറുമെന്നു സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ പറഞ്ഞു. ടൈറ്റാനിയം ഓഫിസിലെ ലീഗൽ വിഭാഗത്തിലും പഴ്‌സനൽ വിഭാഗത്തിലും പൊലീസ് പരിശോധന നടത്തി ഏതാനും ഫയലുകൾ ശേഖരിച്ചു. തട്ടിപ്പുകേസിൽ ടൈറ്റാനിയത്തിലെ മറ്റു പലർക്കും പങ്കുണ്ടെന്ന പരാതികൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ശശികുമാരൻ തമ്പിയുടെ ഓഫിസിലുള്ളവരിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

 

ബോഡി ബിൽഡറും പവർ ലിഫ്റ്ററുമായ മണക്കാട് സ്വദേശി ശ്യാംലാലും ശശികുമാരൻ തമ്പിയും സഹപാഠികളാണ്. ഈ സൗഹൃദം ശ്യാംലാലിന് ടൈറ്റാനിയം ഓഫിസിലേയ്ക്കുള്ള പ്രവേശനം സുഗമമാക്കി. അഭിഭാഷകയായ ശ്യാംലാലിന്റെ ഭാര്യ നേരത്തെ ടൈറ്റാനിയത്തിൽ ലീഗൽ വിഭാഗത്തിലെ അന്വേഷണ കമ്മിഷനിലെ പാനൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാൽ ശ്യാംലാലിന് ടൈറ്റാനിയത്തിലുള്ള സ്വാധീനമാണ് ഉദ്യോഗാർഥികളെ തട്ടിപ്പിൽ കുരുക്കാൻ സഹായകമായത്. കർശനമായ സുരക്ഷ ഏർപ്പെടുത്തേണ്ട ടൈറ്റാനിയത്തിനുള്ളിൽ തട്ടിപ്പുകാരും ഉദ്യോഗാർഥികളും നിരന്തരം വിഹരിച്ചിരുന്നത് മറ്റ് ചില ഉദ്യോഗസ്ഥരുടെ കൂടി സഹായം കൊണ്ടാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

 

ദിവ്യ നായരും സംഘവും മുൻപ് കേരളാ ബാങ്കിലും സമാന തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ദിവ്യയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. തുടർന്നുള്ള ചോദ്യം ചെയ്യലിൽ തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ. പ്രതികൾക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സമീപകാലത്ത് ടൈറ്റാനിയത്തിൽ 120 പേരെ നിയമിച്ചിരുന്നു. ഇതിൽ 90 പേരെ ഓപറേറ്റർ തസ്തികയിലാണ് നിയമിച്ചത്. ഇൗ നിയമനത്തിലും ഇൗ സംഘത്തിന്റെ ഇടപെടൽ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി ടൈറ്റാനിയത്തിലെ ചില ട്രേഡ് യൂണിയനുകൾ രംഗത്തു വന്നിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!