കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ഭാഗം ഒഴിവാക്കി ടാറിങ്; സൗദിയില്‍ കരാറുകാരനെ കൊണ്ട് വീണ്ടും റോഡ് മുഴുവനായും ടാര്‍ ചെയ്യിച്ചു
സൗദി അറേബ്യയില്‍ റോഡ് ടാറിങ് ജോലികളില്‍ കൃത്രിമം കാണിച്ച കരാറുകാരനെതിരെ നടപടിയെടുത്ത് നഗരസഭ. ജിദ്ദയിലെ ഹയ്യുല്‍ ശാഥിയിലായിരുന്നു ഇത്തരമൊരു സംഭവം നടന്നതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. കൃത്രിമം കാണിച്ച കരാറുകാരനെക്കൊണ്ട് റോഡ് വീണ്ടും പൂര്‍ണമായി ടാര്‍ ചെയ്യിക്കുകയായിരുന്നു.
ഹയ്യുല്‍ ശാഥിയിയിലെ ഒരു റോഡില്‍ ഡിസംബര്‍ 15ന് നടന്ന ടാറിങ് ജോലികളാണ് നടപടിയില്‍ കലാശിച്ചത്. റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാര്‍ അവിടെ നിന്ന് നീക്കാതെ അത്രയും ഭാഗം ഒഴിച്ചിട്ട് ടാറിങ് ജോലികള്‍ കരാറുകാരന്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.
ഈ മാസം 15ന് പുലര്‍ച്ചെയായിരുന്നു പണി നടന്നത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പെട്ട അധികൃതര്‍ നിര്‍മാണം പൂര്‍ത്തിയായെന്ന് അംഗീകരിക്കാതെ, കരാറുകാരനെക്കൊണ്ട് തൊട്ടടുത്ത ദിവസം തന്നെ 100 മീറ്റര്‍ റോഡ് പൂര്‍ണമായും വീണ്ടും ടാര്‍ ചെയ്യിപ്പിച്ചു.
റോഡരികില്‍ പാര്‍ക്ക് ചെയ്‍തിരുന്ന കാറിനെതിരെ ട്രാഫിക് നിയമലംഘനത്തിന് നടപടിയും സ്വീകരിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തില്‍ വീഴ്‍ച വരുത്തിയ കരാറുകാരനെതിരെ നടപടി തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ജിദ്ദ മുനിസിപ്പാലിറ്റി ട്വീറ്റ് ചെയ്‍തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക