പക്ഷാഘാതം ബാധിച്ച് സൗദിയിലെ ആശുപത്രിയിൽ ഒന്നര വർഷം; മലയാളികൾ ഇടപെട്ട് നാട്ടിലെത്തിച്ചു
പക്ഷാഘാതം ബാധിച്ച് ഒന്നര വർഷം സൗദിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഉത്തർപ്രദേശ് സ്വദേശിയെ മലയാളി സാമൂഹിക പ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിച്ചു. ചെലവായ മൂന്നു ലക്ഷം റിയാൽ ആശുപത്രി അധികൃതർ ഒഴിവാക്കി കൊടുത്തതോടെയാണ് ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഹഫീസ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്. ഏഴു വർഷം മുമ്പാണ് ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഹഫീസ് ടൈലർ ജോലിക്കായി സൗദി വടക്കൻ പ്രവിശ്യയായ ഹായിലിലെത്തിയത്. ഒന്നര വർഷം മുമ്പ് പക്ഷാഘാതം വന്ന് റിയാദ് ശുമൈസിയിലും റുവൈദയിലുമുള്ള ഗവൺമെൻറ് ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
ആശുപത്രി അധികൃതർ സ്‌പോൺസറുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇഖാമയും ഇൻഷുറൻസ് കാലാവധിയും തീർന്നിരുന്നു. ഇന്ത്യക്കാരായ മൂന്നു പേർ ആശുപത്രിയിലുണ്ടെന്ന വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാനും ഇന്ത്യൻ എംബസി വളണ്ടിയറുമായ സിദ്ദീഖ് തുവ്വൂർ റുവൈദയിലെ സാമൂഹ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് രോഗിയുടെ വിവരങ്ങളറിഞ്ഞു. സ്‌പോൺസറുമായി ബന്ധപ്പെട്ടെങ്കിലും ഹാഫിസ് ഒളിച്ചോടി എന്നായിരുന്നു മറുപടി.
ഇഖാമ പരിശോധിച്ചെങ്കിലും ഒളിച്ചോടിയതായി കേസുണ്ടായിരുന്നില്ല. ഇഖാമ കാലാവധി രണ്ടു വർഷമായി തീർന്നിരുന്നു. തുടർന്ന് ആശുപത്രി അധികൃതരുമായി ചർച്ച ചെയ്ത് നാട്ടിലേക്കയക്കാമെന്ന് അറിയിച്ചതിനാൽ ഇന്ത്യൻ എംബസി വഴി എക്‌സിറ്റ് വിസ ലഭിച്ചു. വിസയും ടിക്കറ്റുമായി അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകാൻ ആശുപത്രിയിലെത്തിയെങ്കിലും മൂന്ന് ലക്ഷം റിയാലിെൻറ ബില്ലിെൻറ ഉത്തരവാദിത്തം ഏൽക്കണമെന്നായി. നിരന്തരം ആശുപത്രി അധികൃതരുമായി സംസാരിച്ച് കൊണ്ടിരുന്നു. ഇതിനിടയിൽ ടിക്കറ്റും എക്‌സിറ്റ് വിസയും കാലാവധി തീർന്നു.
നിരന്തരമായി ഇടപെട്ടതിന്‍റെ അടിസ്ഥാനത്തിൽ ആശുപത്രി ബിൽ ഒഴിവാക്കി അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്ത് പുറത്തെത്തിയ ശേഷം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ ആശിഖ്, സാമൂഹ്യ പ്രവർത്തകൻ ചാൻസ റഹ്മാൻ എന്നിവർ വഴി വീണ്ടും എക്‌സിറ്റ് വിസ ലഭിച്ചു.
മരുഭൂമിയിൽ നിന്ന് മോചിപ്പിച്ച രണ്ട് ലക്‌നോ സ്വദേശികളോടൊപ്പം ഇദ്ദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. റുവൈദയിലെ സാമൂഹ്യ പ്രവർത്തകരായ അബ്ദുൽ ജലീൽ, ബാബു, റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് കൺവീനർ ഷിഹാബ് പുത്തേഴത്ത്, ഇർഷാദ് തുവ്വൂർ എന്നിവർ സിദ്ദീഖ് തുവ്വൂരിനൊപ്പം വിവിധ ഘട്ടത്തിൽ സഹായത്തിനുണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക