വീണ്ടും മെസ്സി… മരിയയുടെ ഇടംകാലുകൊണ്ടുള്ള അടി പോസ്റ്റിൻ്റെ വലതുമൂലയില്‍; കലാശപ്പോരിൽ അര്‍ജൻ്റീന മുന്നിൽ (2-0) – ലൈവ്
കളിച്ചും കളിപ്പിച്ചും മെസ്സി… ഫൈനലിലെ തുറുപ്പുചീട്ടായി എയ്ഞ്ജല്‍ ഡി മരിയ… 2022 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെതിരേ അര്‍ജന്റീന രണ്ട് ഗോളുകള്‍ക്ക് മുന്നില്‍. നായകന്‍ ലയണല്‍ മെസ്സിയും എയ്ഞ്ജല്‍ ഡി മരിയയുമാണ് ആല്‍ബിസെലസ്റ്റുകള്‍ക്കായി ഗോള്‍വല കുലുക്കിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. മൂന്നാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് ഗോള്‍ശ്രമം നടത്തിയെങ്കിലും റഫറി ഓഫ്‌സൈഡ് ഫ്‌ലാഗുയര്‍ത്തി. അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയുടെ മാക് അലിസ്റ്ററുടെ ഉഗ്രന്‍ ലോങ്‌റേഞ്ചര്‍ ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് കൈയ്യിലാക്കി. ഒന്‍പതാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍ അര്‍ജന്റീന നേടിയെടുത്തു. പക്ഷേ അത് ഗോളവസരമാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല.
17-ാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് സ്വീകരിച്ച എയ്ഞ്ജല്‍ ഡി മരിയയ്ക്ക് ഓപ്പണ്‍ ചാന്‍സ് ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 20-ാം മിനിറ്റില്‍ ഫ്രാന്‍സിന് സുവര്‍ണാവസരം ലഭിച്ചു. ഗ്രീസ്മാന്റെ മനോഹരമായ ഫ്രീകിക്കിന് ജിറൂഡ് ഉയര്‍ന്നുചാടി ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
ഉപമെക്കാനോയുടെ കാലില്‍ നിന്നും നഷ്ടപ്പെട്ട പന്തില്‍ നിന്നായിരുന്നു രണ്ടാം ഗോളിന്റെ പിറവി. ഉടന്‍ തന്നെ വേഗമേറിയ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ അര്‍ജന്റീന തിരിച്ചടിക്കുകയായിരുന്നു. മെസ്സി ഫ്‌ളിക്ക് ചെയ്ത് നല്‍കിയ പന്തുമായി മുന്നേറിയ മക്കലിസ്റ്റര്‍ ഫ്രഞ്ച് ഡിഫന്‍സീവ് ലൈന്‍ ഭേദിച്ച് ഡി മരിയക്ക് പാസ് ചെയ്യുന്നു. ലോറിസ് തടയാന്‍ മുന്നോട്ടുവന്നെങ്കിലും മരിയയുടെ ഇടംകാലനടി പോസ്റ്റിന്റെ വലതുമൂലയില്‍ തറച്ചു.
മത്സരം തത്സമയം കാണാം
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
21-ാം മിനിറ്റില്‍ ബോക്‌സിനകത്തേക്ക് കുതിച്ച എയ്ഞ്ജല്‍ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്തത് മറ്റാരുമല്ല സൂപ്പര്‍ താരം ലയണല്‍ മെസ്സി. 23-ാം മിനിറ്റില്‍ കിക്കെടുത്ത അര്‍ജന്റീന നായകന് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ കബിളിപ്പിച്ചുകൊണ്ട് മെസ്സി പോസ്റ്റിന്റെ വലതുവശത്തേക്ക് പന്ത് അടിച്ചുകയറ്റിയപ്പോള്‍ ലുസെയ്ല്‍ സ്‌റ്റേഡിയം ആര്‍ത്തുലച്ചു. മെസ്സിയുടെ ടൂര്‍ണമെന്റിലെ ആറാം ഗോള്‍ കൂടിയാണിത്.
ഗോളടിച്ച ശേഷവും അര്‍ജന്റീന ആക്രമിച്ച് തന്നെയാണ് കളിച്ചത്. പ്രതിരോധത്തില്‍ അമിതമായി ശ്രദ്ധചെലുത്താന്‍ മെസ്സിയും സംഘവും ശ്രമിച്ചില്ല. അതിന്റെ ഭാഗമായി 36-ാം മിനിറ്റില്‍ അവര്‍ ലീഡുയര്‍ത്തി.
ഇത്തവണ സൂപ്പര്‍താരം ഏയ്ഞ്ജല്‍ ഡി മരിയയാണ് ടീമിനായി ഗോളടിച്ചത്. ഫൈനലില്‍ ആദ്യ ഇലവനില്‍ ടീമിലിടം നേടിയ ഡി മരിയ എന്തുകൊണ്ട് താന്‍ ഫൈനലുകളില്‍ താരമാകുന്നുവെന്ന് വീണ്ടും തെളിയിച്ചു. മെസ്സി തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.മെസ്സി മറിച്ചുനല്‍കിയ പാസ് സ്വീകരിച്ച അല്‍വാരസ് പന്ത് മാക് അലിസ്റ്റര്‍ക്ക് നല്‍കി. മാക് അലിസ്റ്റര്‍ പന്തുമായി അതിവേഗം മുന്നേറി. ശിഥിലമായിക്കിടന്ന ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് മാക് അലിസ്റ്റര്‍ മുന്നേറുകയും പന്ത് ഡി മരിയയ്ക്ക് നല്‍കുകയും ചെയ്തു. ഗോള്‍കീപ്പര്‍ ലോറിസ് മാത്രമാണ് അപ്പോള്‍ പോസ്റ്റിലുണ്ടായിരുന്നത്. ലോറിസിനെ കാഴ്ചക്കാരനാക്കി ഡി മരിയ ഗോള്‍വല തുളച്ചപ്പോള്‍ അദ്ദേഹം നിറകണ്ണുകളോടെ ആരാധകരെ അഭിസംബോധന ചെയ്തു. മെസ്സിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു.
മുന്നേറ്റനിര താളം തെറ്റുന്നതുകണ്ട ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഔസ്മാനെ ഡെംബലെ, ഒലിവിയര്‍ ജിറൂഡ് എന്നിവരെ തിരിച്ചുവിളിച്ച് പകരം മാര്‍ക്കസ് തുറാം, റന്‍ഡല്‍ കോലോ മുവാനി എന്നിവരെ കളത്തിലിറക്കി. ആദ്യപകുതിയില്‍ ഒരു ഗോള്‍ തിരിച്ചടിക്കാനായി ഫ്രാന്‍സ് പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം അര്‍ജന്റീന പ്രതിരോധം വിഫലമാക്കി.