സൗദിയിലെ അൽ മറായ് കമ്പനിയുടെ പേരിൽ തൊഴിൽ തട്ടിപ്പ്‌; സന്ദർശക വിസ തിരുത്തി, മലയാളി യുവാക്കൾ ഷാർജയിൽ ദുരിതത്തിൽ

പുതിയ  രീതിയിലുള്ള വീസ-തൊഴിൽ തട്ടിപ്പിന് ഇരയായ നാല് മലയാളി യുവാക്കൾ ഷാർജയിൽ ദുരിതത്തിൽ. സൗദിയിലെ പ്രമുഖ പാൽ ഉൽപന്ന കമ്പനിയുടെ പേരിൽ എംപ്ലോയ്മെന്റ് വീസയെന്ന് തിരുത്തിയ ഒരു മാസത്തെ സന്ദർശക വീസയും യുഎഇ ഗവ.ലോഗോ പതിച്ച വ്യാജ തൊഴിൽ കരാറും നൽകിയാണ് നാല് യുവാക്കളെ വയനാട് കൽപറ്റ കമ്പളക്കാട് സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ഇഖ്ബാൽ എന്നയാൾ വഞ്ചിച്ചത്. ഇവരിൽ നിന്ന് 90,000 രൂപ വീതം 3,60,000 രൂപയും ഇയാൾ കൈക്കലാക്കി. ഇവരെപ്പോലെ ഒട്ടേറെ പേർ ഇയാളുടെ ചതിക്കുഴിയിൽ വീണിട്ടുണ്ടെന്നാണ് കരുതുന്നത്.

 

വയനാട് നീലഗിരി പൊട്ടവയൽ സ്വദേശികളായ സന്തോഷ് മാത്യു (24), ലൈജു ഷാജി (23), ജിൻസ് റെജി (22), മാനന്തവാടി സ്വദേശി അജിത് എന്നിവരാണ് ചതിയിൽപ്പെട്ടത്.  ‍നവംബർ 18ന് യുഎഇയിലെത്തിയ ഇവർ ഷാർജ റോളയിലെ ചെറിയമുറിയിൽ ഭക്ഷണം പോലും കഴിക്കാനില്ലാതെ പ്രതിസന്ധിയിൽ  കഴിയുകയാണ്. ആദ്യമായി ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്ത് എത്തിയ ഇവരെല്ലാവരും എന്തു ചെയ്യണമെന്നറിയാതെ നാളുകൾ എണ്ണിക്കഴിയുന്നു.

 

ഈ മാസം 27ന് ഇവരുടെ വീസ കാലാവധി കഴിയുമെന്നതിനാൽ എന്താണ് തങ്ങളുടെ ഭാവി എന്നു പോലും അറിയാതെ കടുത്ത ആശങ്കയിലുമാണ്. പണം വാങ്ങിയ ഏജന്റ് ഇഖ്ബാലും ഇയാളുടെ ഭാര്യ എന്ന് പരിചയപ്പെടുത്തിയ ഷമീറ എന്ന സ്ത്രീയും വയനാട്ടിൽ നിന്ന് മുങ്ങിയതിനാൽ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ദുബായ് വിമാനത്താവളത്തിൽ നിന്ന് റോളയിലെ മുറിയിലെത്തിച്ച ഏജന്റിന്റെ ആളെന്ന് പറഞ്ഞ ഹിന്ദി സംസാരിക്കുന്നയാൾ ഇവരെ പിന്നീട് തിരിഞ്ഞുനോക്കിയിട്ടുമില്ല. ഇയാളുടെ മൊബൈൽ നമ്പരോ മറ്റോ ഇല്ലാത്തത് ഇവരെ പിടികൂടുന്നത് പ്രയാസമാക്കി.

 

 

 

വാടക വീടെടുത്ത് നാട്ടുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്

വീസ ഏജന്റുമാരുടെ തട്ടിപ്പിന് ഗൾഫ് പ്രവാസത്തോളം പഴക്കമുണ്ട്. അധികൃതർ മുന്നറിയിപ്പും ജാഗ്രതാ നിർദേശവും നൽകിയിട്ടും പലരും ഇവരുടെ വലയിൽ വീണുകൊണ്ടിരിക്കുന്നു. അതേസമയം, പലരും തട്ടിപ്പിന് പുതിയ രീതികൾ കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു. വയനാട്ടിലെ യുവാക്കളിൽ നിന്ന് പണം തട്ടിയെടുക്കാൻ ഏറ്റവും പുതിയ രീതിയാണ് സംഘം അവലംബിച്ചിരിക്കുന്നത്. വയനാട്ടിൽ വാടക വീടെടുത്ത് അവിടെ സ്ത്രീകളെയും കുട്ടികളെയും താമസിപ്പിച്ച് സത്യസന്ധരായ കുടുംബമാണെന്ന് വിശ്വസിപ്പിച്ചതാണ് അതിൽ പ്രധാനം.

 

കുവൈത്തിലെ കമ്പനിയിലേക്കുള്ള വീസ എന്ന് പറഞ്ഞാണ് ഇവർ ആദ്യം തൊഴിലന്വേഷകരെ  ക്ഷണിച്ചത്, കൽപറ്റയിലെ ഒരു ട്രാവൽ ഏജൻസിയുടെ പേരുപറഞ്ഞായിരുന്നു ഇത്. മികച്ച മാസശമ്പളം, താമസ സൗകര്യം, ഭക്ഷണം എന്നിവ വാഗ്ദാനം ചെയ്തു ഒട്ടേറെ പേരിൽ നിന്ന് 30,000 രൂപ വീതം കൈക്കലാക്കി. എന്നാൽ, കുവൈത്തിലെ തൊഴിൽ സംബന്ധമായ ചില രേഖകൾ ശരിയാകുന്നില്ലെന്ന് പറഞ്ഞ് മൂന്ന് മാസത്തോളം ഇവരെ പിന്നാലെ നടത്തിച്ചു. തുടർന്ന് യുഎഇയിലെ അൽ മറായി എൽഎൽസി എന്ന കമ്പനിയിൽ ജോലി ശരിയാക്കാമെന്ന് അറിയിക്കുകയായിരുന്നു.

യുഎഇയിലടക്കമുള്ള സൗദിയിലെ പ്രമുഖ പാൽ ഉത്പന്ന കമ്പനിയാണ് അൽ മറായി. രണ്ട് മാസത്തിന് ശേഷം യുഎഇ സർക്കാരിന്റെ ഔദ്യോഗിക ലോഗോ പതിച്ച പേപ്പറിലാണ് ഇവർക്ക് അൽ മറായിയുടെ തൊഴിൽ കരാർ നൽകിയത്. ഇത് വിശ്വസിച്ച യുവാക്കൾ 30,000 രൂപ വീതം ഇഖ്ബാലിന്റെ ബാങ്ക് അക്കൗണ്ടിൽ ഡെപോസിറ്റ് ചെയ്തു. ബാക്കി തുക വീസ ലഭിക്കുമ്പോൾ തന്റെ വീട്ടിൽ നേരിട്ട് ഏൽപിച്ചാൽ മതിയെന്നായിരുന്നു ഇഖ്ബാലിന്റെ അറിയിപ്പ്.

 

തുടർന്ന് നടന്ന കാര്യങ്ങൾ തട്ടിപ്പിനിരയായ സന്തോഷ് മാത്യു വിശദീകരിക്കുന്നു:

 

എംപ്ലോയ്മെൻ്റ് വീസയാക്കി തിരുത്തിയ സന്തോഷ് മാത്യുവിൻ്റെ സന്ദർശക വീസ

 

അഞ്ച് മാസത്തിന് ശേഷം ”എംപ്ലോയ്മെന്റ്” വീസയുടെ കോപ്പി ലഭിച്ചപ്പോൾ ഏറെ സന്തോഷമായി. ഭാവി ജീവിതം ശുഭകരമാകാൻ പോകുന്നു എന്ന പ്രതീക്ഷയിൽ ബാക്കി തുക നൽകാനായി ഒരേ നാട്ടുകാരായ ഞങ്ങൾ മൂന്ന് പേരും ഇഖ്ബാലിന്റെ കൽപറ്റയിലെ വീട്ടിലെത്തി.  അവിടെ ഷമീറ എന്ന സ്ത്രീയും മറ്റൊരു സ്ത്രീയും കുട്ടികളുമുണ്ടായിരുന്നു. വളരെ മാന്യമായ പെരുമാറ്റമായിരുന്നു എല്ലാവരുടെയും. നാല് പേരും ബാക്കി തുകയായ 60,000 രൂപ വീതം ഷമീറയെ ഏൽപിച്ചു. സ്വന്തം വീട്ടിൽ കുടുംബത്തോടെ താമസിക്കുന്ന ഒരാൾ ഒരിക്കലും തട്ടിപ്പ് നടത്തുമെന്ന് കരുതിയിരുന്നില്ലെന്ന് സന്തോഷ് മാത്യു പറയുന്നു. എംപ്ലോയ്മെന്റ് വീസയെന്ന് തിരുത്തിയ സന്ദർശക വീസയുടെ പകർപ്പുമായി  നവംബർ 18ന് കോഴിക്കോട് നിന്ന് ഇവർ വിമാനം കയറി. എമിഗ്രേഷനിൽ വീസയുടെ നമ്പർ മാത്രമേ ശ്രദ്ധിക്കുകയുള്ളൂ എന്നതിനാലാണ് ഇവർക്ക് തടസ്സമൊന്നുമില്ലാതെ ഇവിടെയെത്താൻ സാധിച്ചതെന്ന് സ്മാർട് ട്രാവൽസ് എംഡി അഫി അഹമ്മദ് പറയുന്നു. ദുബായ് വിമാനത്താവളത്തിൽ ഉച്ചയ്ക്ക് ഒന്നിന് എത്തിയെങ്കിലും ഇവരെ രാത്രി 12നാണ് ഹിന്ദിക്കാരൻ വന്ന് കൂട്ടിയത്. ഷാർജ റോളയിലെ മുറിയിൽ കൊണ്ടാക്കിയ ശേഷം  ഇയാളെ കണ്ടിട്ടില്ലെന്നും ബന്ധപ്പെടാനുള്ള ഫോൺ നമ്പർ പോലുമില്ലെന്നും ലൈജു ഷാജി പറഞ്ഞു.

 

ട്രാവൽ ഏജൻസിയിൽ ചെന്നപ്പോൾ

തട്ടിപ്പുവീരൻ ഇഖ്ബാലിന്റേതെന്ന് പറഞ്ഞ വീട്ടിൽ  ഇരകളിലൊരാളായ അജിത്തിന്റെ ബന്ധുക്കൾ ചെന്നപ്പോൾ അവിടെ ആരുമില്ലായിരുന്നു. തുടരന്വേഷണത്തിൽ അതൊരു വാടകവീടായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. ഇഖ്ബാൽ തന്റേതെന്ന്  പരിചയപ്പെടുത്തിയ കൽപറ്റയിലെ  ട്രാവൽ ഏജൻസിയിൽ അന്വേഷിച്ചപ്പോൾ, അയാളുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു അവിടെയുണ്ടായിരുന്നവർ അറിയിച്ചത്. ഇതോടെ തങ്ങൾ വഞ്ചിക്കപ്പെട്ടതായും പണം നഷ്ടപ്പെട്ടതായും ഇവർ തിരിച്ചറിയുകയായിരുന്നു.

 

മികച്ച ശമ്പളം, ഓവർടൈം…; ഗവ.ലോഗോ ഉപയോഗിച്ച് തൊഴിൽ കരാർ

30,000 ഇന്ത്യൻ രൂപ പ്രതിമാസ ശമ്പളം, താത്പര്യമുണ്ടെങ്കിൽ ഒാവർടൈം, ട്രാവൽ ഇൻഷുറൻസ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ്, സൗജന്യ ഭക്ഷണം, 2 വർഷത്തിന് ശേഷം അവധിക്ക് നാട്ടിൽ പോയി വരാൻ വിമാന ടിക്കറ്റ്.. ആരെയും വീഴ്ത്തുന്ന പ്രലോഭനങ്ങളാണ് തട്ടിപ്പുകാർ യുവാക്കൾക്ക് നൽകിയത്. ഇതെല്ലാം രേഖപ്പെടുത്തി യുഎഇയുടെ ഔദ്യോഗിക ലോഗോ പതിച്ച പേപ്പറിലാണ് തൊഴിൽ കരാർ നൽകിയിട്ടുള്ളത്. നേരത്തെ നടന്ന വീസ തട്ടിപ്പുകളിൽ നിന്ന് വളരെ ഗൗരവമായി കാണേണ്ട തട്ടിപ്പ് ആണ് ഇതെന്ന് സാമൂഹിക പ്രവർത്തകര്‍ പറയുന്നു.

നാട്ടിലെ തട്ടിപ്പുവീരന്മാരെ പിടികൂടി ഇവിടെയുള്ള അവരുടെ പങ്കാളികളെ വലയിലാക്കിയാൽ ഗവൺമെന്റിനെ പോലും വഞ്ചിക്കുന്നവരെ പിടികൂടി ശിക്ഷിക്കാൻ സാധിച്ചേക്കും. അതോടൊപ്പം ഇവരുടെ ചതിക്കുഴിയിൽ വീണുപോയേക്കാവുന്ന ഒട്ടേറെ യുവാക്കളെ രക്ഷിക്കാനും സാധിച്ചേക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നവീൻ സുബൈർ മനോരമ ഒാൺലൈനോട് പറഞ്ഞു. യുവാക്കളില്‍ നിന്ന് വിവരം ശേഖരിച്ച് ഇവിടുത്തെ സംഘാംഗങ്ങളെക്കുറിച്ച് അന്വേഷണം നടത്തേണ്ടതാണ്.

 

ഇരകൾ വിദ്യാസമ്പന്നർ; എന്നിട്ടും..

മലയാളികളടക്കമുള്ള, വിദ്യാസമ്പന്നരായ യുവതി യുവാക്കൾ വീസ–തൊഴിൽത്തട്ടിപ്പിൽപ്പെടുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഷാർജ, അജ്മാൻ എമിറേറ്റുകളിലാണ് ഇത്തരം മാഫിയകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രമുഖ കമ്പനികളിൽ ജോലിക്കെന്ന് പറഞ്ഞാണ് യുവാക്കളെ കൊണ്ടുവന്ന് ചതിയിൽപ്പെടുത്തുന്നത്. വീട്ടുജോലിക്കെന്ന് പറഞ്ഞു യുവതികളെ കൊണ്ടുവന്ന് അനാശാസ്യത്തിനും മറ്റും പ്രേരിപ്പിക്കുന്നവരിൽ മുൻനിരയിൽ നിൽക്കുന്നത് സ്ത്രീകൾ തന്നെയാണ്. ഇവരിൽ നിന്ന് പണം വാങ്ങി എല്ലാത്തിനും ഒത്താശ ചെയ്തു കൊടുക്കുന്ന ഇന്ത്യൻ സംഘടനകളുമുണ്ട്.

 

ഇപ്പോൾ തട്ടിപ്പിൽപ്പെട്ട് ഷാർജയിൽ ദുരിതത്തിലായ യുവാക്കളെല്ലാവരും വിദ്യാസമ്പന്നരാണ്. ഇവരിൽ ലൈജു ഷാജി ബിബിഎക്കാരൻ. സന്തോഷ് മാത്യു, ജിൻസ് റെജി, അജിത് എന്നിവർ ബിഎ, ബികോം ബിരുദക്കാരും. വീസ തട്ടിപ്പിനെ കുറിച്ച് അറിമായിരുന്നെങ്കിലും, തട്ടിപ്പുകാരുടെ പെരുമാറ്റ രീതിയിൽ ആകൃഷ്ടരായതും നാട്ടുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചതും തങ്ങൾക്ക് വിനയായെന്ന് ഇവർ പറയുന്നു. ഇഖ്ബാലിന്റെ കൽപറ്റ കമ്പളക്കാട്ടെ  വീട്ടിൽ പണം കൈമാറാൻ ചെന്നപ്പോൾ നല്ല രീതിയിൽ കുടുംബവുമായി ജീവിക്കുന്നയാളാണെന്ന് തെറ്റിദ്ധരിച്ചുപോയെന്ന് സന്തോഷ് മാത്യു പറഞ്ഞു. നാട്ടിൽ നിന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം കടം വാങ്ങിയാണ് വീസയ്ക്കും വിമാന ടിക്കറ്റിനും പണം നൽകിയത്. വെറുംകൈയോടെ തിരിച്ചുപോയാൽ ഇവരുടെ കടം വീട്ടാനാവില്ല. സ്വർണം ബാങ്കിൽ പണയം വച്ച് വന്നവരുമുണ്ട്. തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത കണക്കാക്കി എന്തെങ്കിലും ജോലി തരാൻ ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് ഇൗ യുവാക്കൾ.

 

 

 

ജോലി ലഭിക്കാൻ പണം നൽകേണ്ടതില്ല

യുഎഇയിൽ ജോലി ലഭിക്കാൻ ആരും പണം നൽകേണ്ടതില്ലെന്ന് പൊലീസ് വിദേശികളെ ഉപദേശിക്കുന്നു. വെബ് സൈറ്റ് വഴിയും മറ്റും തൊഴിൽ അപേക്ഷ നൽകുമ്പോൾ കമ്പനിയെക്കുറിച്ച് കൃത്യമായി മനസിലാക്കിയിരിക്കണം. എത്രകാലമായി പ്രവർത്തിക്കുന്ന കമ്പനിയാണെന്നും മറ്റുമുള്ള വിവരം യുഎഇയിലുള്ള ബന്ധുക്കളോടോ സുഹൃത്തുക്കളോടോ അന്വേഷിപ്പിച്ചുവേണം വിമാനം കയറാൻ.

 

ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക

1980കളിൽ തുടങ്ങിയ വീസ–ജോലി തട്ടിപ്പിന്റെ ആധുനിക രൂപമാണ് ഇപ്പോഴുള്ളത്. മുൻപ് ഏജന്റുമാർ നേരിട്ടായിരുന്നു തട്ടിപ്പ് നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ വെബ് സൈറ്റ് വഴിയാണ് വല വീശുന്നത്. കോവിഡ് കാലത്ത് ഇത് വളരെ വർധിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതി യുവാക്കളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക(http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് പലരും ചെയ്യുന്നത്. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഇൗടാക്കുകയില്ലെന്നും ഒാർമിപ്പിക്കുന്നു.

 

ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ ഏറെ വികസിച്ച ഇക്കാലത്ത് വലിയ ബുദ്ധിമുട്ടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാവൂ. ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്.

 

വ്യാജ തൊഴിൽ കരാർ: യുഎഇ പറയുന്നത് 

വ്യാജ തൊഴിൽ കരാറും ഓഫർ ലെറ്ററുകളും കാണിച്ച് പണം തട്ടുന്ന സംഭവം ഏറെയാണ്. യുഎഇ യിലേക്ക് വീസയിൽ വരുന്നതിനു മുൻപ് പ്രാഥമിക പടിയായി ഓഫർ ലെറ്റർ നൽകും . ലഭിക്കാൻ പോകുന്ന തൊഴിൽ സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ ഈ പത്രികയും തൊഴിൽ കരാറും കാണിച്ചാണ് ചില സംഘം വിദേശത്തുള്ള ഉദ്യോഗാർഥികളെ കബളിപ്പിച്ച് പണം തട്ടുന്നത്. മോഹിപ്പിക്കുന്ന ശമ്പളവും തൊഴിൽ ആനുകൂല്യങ്ങളുമാണ് കരാറിൽ കാണിക്കുക.

യുഎഇ വീസ ലഭിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിക്കേണ്ടത് തൊഴിലുടമയാണ്. അതു കൊണ്ട് വീസ ലഭിക്കാൻ ആർക്കും പണം കൈമാറരുതെന്ന് അധികൃതർ വ്യക്തമാക്കുന്നു. തൊഴിൽ കരാറിന്റെ പേരിൽ ചെക്കിലോ മറ്റു രേഖകളിലോ ഒപ്പിട്ട് നൽകാനും പാടില്ല. ഔദ്യോഗിക സ്ഥാപനങ്ങളുമായല്ലാതെ കരാറുകൾ രൂപപ്പെടുത്തരുത്. തൊഴിൽ പരസ്യങ്ങൾ പത്രമാധ്യമങ്ങളിലോ മറ്റോ ഔദ്യോഗികമായി പ്രദ്ധിദ്ധപ്പെടുത്തുന്നതോ മാത്രം അവലംബിക്കുക. ഏതെങ്കിലും വ്യക്തികളെയോ അടിസ്ഥാനമില്ലാത്ത വെബ് സൈറ്റുകളെയോ അവലംബിച്ച് വീസയ്ക്കായി ഇടപാടുകൾ നടത്തരുത്. തൊഴിൽ ഓഫർ ലഭിച്ചാൽ ഏജൻസികൾ വഴിയോ മറ്റോ സ്ഥാപനങ്ങളുടെ സ്ഥിരതയും സത്യസന്ധതയും ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.

(മനോരമ പ്രസിദ്ധീകരിച്ചത്)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!