ദേശീയ ദിനം; ഖത്തറില്‍ ഇന്ന് പൊതു അവധി, രാജ്യമെങ്ങും ആഘോഷം, നിരവധി തടവുകാർക്ക് മോചനം

ഖത്തറിന്റെ ദേശീയ ദിനം പ്രമാണിച്ച് രാജ്യമെങ്ങും ആഘോഷം. പരേഡുകള്‍, എയര്‍ ഷോകള്‍, വെടിക്കെട്ട് പ്രദര്‍ശനം എന്നിങ്ങനെ വിവിധ പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്. ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പ്രധാന എയര്‍ ഷോ ഇന്ന് ഉച്ചയ്ക്ക് 3.15 മുതല്‍ 3.35 വരെ ലുസെയ്ല്‍ ബൗലെവാര്‍ഡിന്റെ ആകാശത്ത് നടക്കും.

ആധുനിക ഖത്തറിന്റെ ശില്‍പ്പിയായ ശൈഷ് ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി 1878 ഡിസംബര്‍ 18ന് അധികാരമേറ്റതിന്റെയും ഐക്യരാഷ്ട്രമായുള്ള ഖത്തറിന്റെ ഏകീകരണത്തിന്റെയും ഓര്‍മ്മ പുതുക്കുന്ന ദിനമാണ് ഡിസംബര്‍ 18. ദേശീയ ദിനത്തിന്റെ ഭാഗമായി നിരവധി തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിട്ടു.

ലോകകപ്പിന്റെ ഫൈനല്‍ ദിനം കൂടിയാണ് ഇന്ന്. അതുകൊണ്ട് തന്നെ ഇത്തവണ ദേശീയ ദിനാഘോഷത്തിന് മാറ്റു കൂടും. അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ജേതാക്കളുമായി ലുസെയ്ല്‍ ബൗലെവാര്‍ഡില്‍ പരേഡും നടക്കും. ദേശീയ ദിനാഘോഷങ്ങളുടെ ഔദ്യോഗിക വേദിയായ ഉംസലാല്‍ മുഹമ്മദിലെ ദര്‍ബ് അല്‍ സായിയിലെ ആഘോഷങ്ങളും ഇന്ന് സമാപിക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!