വ്യക്തിഗത ഉംറ വിസക്ക് ഒരു വർഷം വരെ കാലാവധി; രാജ്യത്തെവിടെയും തങ്ങാം, കൂടുതൽ നേട്ടങ്ങൾ വിശദീകരിച്ച് മന്ത്രാലയം

റിയാദ്: സൌദി അറേബ്യയിലേക്ക് വ്യക്തിഗത ഉംറ വിസയിൽ വരുന്ന വിദേശികൾക്കുള്ള കൂടുതൽ നേട്ടങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. സൗദി പൗരൻമാർക്ക് വിദേശികളായ സുഹൃത്തുക്കളേയോ കുടുംബങ്ങളെയോ ഉംറ വിസയിൽ കൊണ്ടുവരുന്നതിനുള്ള സംവിധാനമാണ് വ്യക്തിഗത ഉംറ വിസ പദ്ധതി.

 

ഒരു സ്വദേശി പൗരന് എത്ര ആളുകളേയും ഒരേ സമയം അതിഥികളായി ഉംറ വിസയിൽ കൊണ്ടുവരാനാകും. സിങ്കിൾ എൻട്രി വിസക്ക് 90 ദിവസമാണ് കാലാവധി. എന്നാൽ മൾട്ടിപ്പിൾ എൻട്രി വിസയിലെത്തുന്നവർക്ക് ഒരു വർഷം (365 ദിവസം) വരെ രാജ്യത്ത് തങ്ങാൻ അനുവാദമുണ്ട്. ഈ കാലയളവിനിടയിൽ എത്ര തവണ വേണമെങ്കിലും രാജ്യത്തിന് പുറത്ത് പോകുവാനും തിരിച്ചുവരുവാനും അനുവാദമുണ്ട്. എന്നാൽ മൾട്ടിപ്പിൾ എൻട്രി വസയിലെത്തുവർ 90 ദിവസത്തിലൊരിക്കൽ രാജ്യത്തിന് പുറത്ത് പോയി തരിച്ച് വരേണ്ടതാണ്.

 

ഉംറ കർമങ്ങൾ നിർവഹിക്കുന്നതിന് പുറമെ, പ്രവാചകന്റെ മസ്ജിദ്, മതപരമായ സ്ഥലങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവ സന്ദർശിക്കുന്നതിനും, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും വിനോദസഞ്ചാര യാത്രകൾ നടത്തുന്നതിനും, രാജ്യത്തെവിടെയും സ്വതന്ത്രമയി സഞ്ചരിക്കുന്നതിനും താമസിക്കുന്നതിനും വ്യക്തിഗത ഉംറ വിസയിലെത്തുന്ന അതിഥികൾക്ക് അനുവാദമുണ്ടാകും.

നേരത്തെ സൌദിയിൽ ജോലി ചെയ്തിരുന്നവരും, ഇപ്പോൾ നാട്ടിലേക്ക് ഫൈനൽ എക്സിറ്റിൽ പോയവരുമായ പ്രവാസികൾക്കും പരിചയക്കാരായ സ്വദേശികളുടെ വിസയിൽ ഒരു വർഷം വരെ രാജ്യത്ത് തങ്ങുവാൻ ഈ പുതിയ വിസ ഉപയോഗിക്കാം. നേരത്തെ റീ എൻട്രിയിൽ പോയി തിരിച്ച് വരാനാകാതെ മൂന്ന് വർഷം തികയാൻ കാത്തിരിക്കുന്നവർക്കും, ഉംറ വിസയിൽ രാജ്യത്തേക്ക് വരാൻ തടസ്സങ്ങളില്ല. കൂടാതെ ആവശ്യമായ പ്രൊഫഷൻ ഇല്ലാത്തതിൻ്റെ പേരിൽ കുടുംബത്തെ സൌദിയിലേക്ക് കൊണ്ടുവരുവാൻ സന്ദർശന വിസ ലഭിക്കാത്ത പ്രവാസികൾക്കും സ്വദേശികളുടെ സഹായത്തോടെ ഈ ഉംറ വിസയിൽ കുടുംബത്തെ കൊണ്ടുവരാവുന്നതാണ്.

പുതിയ വിസക്ക് അപേക്ഷിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!