പ്രവാസികള്‍ക്കായുള്ള സൗജന്യ സംരംഭകത്വ പരിശീലന പരിപാടി ഡിസംബര്‍ 23ന്
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന പരിശീലന പരിപാടി ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം തമ്പാനൂരിലെ കെ.ടി.ഡി.സി ഗ്രാന്റ് ചൈത്രം ഹോട്ടലില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിശീലന പരിപാടി. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ഡിസംബര്‍ പതിനഞ്ചിനകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പ്രവാസി സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിലാണ് സംരംഭക പരിശീലന പരിപാടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായാണ് സംരംഭകത്വ പരിശീലനം. https://forms.gle/C4ML3cngv9omJnBJ6 എന്ന ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യാം.
രജിസ്റ്റര്‍ ചെയ്യുന്നതിനും, വിശദാംശങ്ങള്‍ക്കും 0471-2770-534, +91-8592 958 677 എന്നീ നമ്പറുകളിലോ nbfc.norka@kerala.gov.in, nbfc.coordinator@gmail.com എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടുക. നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭക സഹായ പദ്ധതികള്‍, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുള്ള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി ലഭിക്കും.
അതേസമയം നോര്‍ക്ക റൂട്ട്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി തിരിച്ചെത്തിയ പ്രവാസികള്‍ക്കായി ഡിസംബര്‍ 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് വായ്പാ മേള. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിലേക്ക് മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. കോഴിക്കോട് എസ്.ബി.ഐ റീജിയണല്‍ ബിസിനസ് ഓഫീസിലും മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിന്‍ ബ്രാഞ്ചുകളിലുമാണ് വായ്പാ മേള നടക്കുക.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക