5 മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ–യുഎഇ‌ ധാരണ

ഇന്ത്യ–യുഎഇ‌ തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നു. ആരോഗ്യം, സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷൻ, സമ്പദ്‌വ്യവസ്ഥ, വ്യാപാരം എന്നീ മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകാനാണ് ധാരണ. ഇതര മേഖലകളിലും സഹകരണം ശക്തമാക്കും.

 

യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും അബുദാബിയിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ഇരു രാജ്യങ്ങളും ഈ വർഷം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവച്ചിരുന്നു. ഏറ്റവും പുതിയ പ്രാദേശിക, രാജ്യാന്തര സംഭവ വികാസങ്ങളും ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള ഒട്ടേറെ വിഷയങ്ങളും ചർച്ച ചെയ്തു.

 

ജി–20 അധ്യക്ഷ സ്ഥാനത്തുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും അതിഥി രാജ്യമായ യുഎഇയുടെ പങ്കാളിത്തവും ചർച്ചയായി. സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെ ഒട്ടേറെ സുപ്രധാന മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി നേടുന്ന ഇന്ത്യയ്ക്ക് യുഎഇ പിന്തുണ അറിയിച്ചു.സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും സുസ്ഥിര വികസനം ത്വരിതപ്പെടുത്താനും രാജ്യാന്തര സഹകരണവും സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ശക്തമാക്കണമെന്ന് ഷെയ്ഖ് അബ്ദുല്ല ആവശ്യപ്പെട്ടു.

 

ഇന്ത്യ, ഇസ്രയേൽ, യുഎസ്, യുഎഇ ഉൾപ്പെടുന്ന ഐ2യു2 ഗ്രൂപ്പ് പോലെ കൂടുതൽ ബഹുരാഷ്ട്ര ഗ്രൂപ്പുകളുടെയും സംഘടനകളുടെയും സഹകരണം ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബ്രിക്‌സ്, ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ എന്നിവയുമായി ഭാവി സഹകരണ സാധ്യതകളും പ്രയോജനപ്പെടുത്തണമെന്നും പറഞ്ഞു. ഇരു രാജ്യങ്ങളുടെ വികസനത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും സഹകരണത്തിന്റെ പുതുചക്രവാളങ്ങളിലേക്ക് ഉയരണമെന്നും ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!