ഫാമിലി വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി, 20 ദിവസത്തിനിടെ അനുവദിച്ചത് 3000 വിസകള്‍

കുവൈത്തില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഫാമിലി വിസകള്‍ അനുവദിച്ചു തുടങ്ങി. ആദ്യ ഇരുപത് ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും കൂടി 3000 വിസകള്‍ റെസിഡന്‍സ് അഫയേഴ്‍സ് വകുപ്പ് അനുവദിച്ചുകഴിഞ്ഞു. കൊവിഡ് കാലത്തിന് ശേഷം ഫാമിലി വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ഇത്തരം വിസകള്‍ക്ക് വേണ്ടി പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വീണ്ടും നിര്‍ത്തിവെയ്ക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ അഞ്ച് വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രധാനമായും വിസ അനുവദിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ, അഞ്ച് വയസില്‍ താഴെ പ്രായമുള്ള മക്കളെ ഇപ്പോള്‍ ഫാമിലി വിസ എടുത്ത് രാജ്യത്തേക്ക് കൊണ്ടുവരാം. മാതാപിതാക്കള്‍ രണ്ട് പേരും കുവൈത്തിലുള്ളവര്‍ക്കാണ് ഇത് ഉപയോഗപ്പെടുത്താനാവുക.

 

കുട്ടികള്‍ക്ക് ഫാമിലി വിസകള്‍ അനുവദിക്കാനുള്ള തീരുമാനം നവംബര്‍ 20നാണ് പ്രഖ്യാപിച്ചത്. വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരുന്നതിനാല്‍ പ്രവാസി ദമ്പതികള്‍ക്ക് ചെറിയ കുട്ടികളെപ്പോലും സ്വന്തം നാട്ടില്‍ നിര്‍ത്തിയിട്ട് വരേണ്ട അവസ്ഥയുണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് കുട്ടികള്‍ക്കായി വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. ഇതുവരെ വിസ ലഭിച്ചവരില്‍ ഭൂരിപക്ഷവും അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്.

 

അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വിസ ലഭിക്കാന്‍ മാതാപിതാക്കള്‍ക്ക് രണ്ട് പേര്‍ക്കും സാധുതയുള്ള താമസ വിസയുണ്ടായിരിക്കുകയും രണ്ട് പേരും കുവൈത്തില്‍ തന്നെ ഉണ്ടായിരിക്കുകയും വേണം. ഇരുവരും ഫാമിലി വിസയ്ക്ക് ആവശ്യമായ ശമ്പള നിബന്ധനകളും പാലിച്ചിരിക്കണം. ഒരു വയസില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരാന്‍ ശമ്പള നിബന്ധനയില്‍ ഇളവ് ലഭിക്കും.

 

അടുത്ത ഘട്ടത്തില്‍ പ്രവാസികളുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് ഫാമിലി വിസകള്‍ അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇവ എന്നു മുതല്‍ അനുവദിച്ചു തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. കുവൈത്തിലേക്ക് വരാനുള്ള സന്ദര്‍ശക വിസകളും നിലവില്‍ അനുവദിക്കുന്നില്ല. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സന്ദര്‍ശക വിസകള്‍ മാത്രമാണ് ഇപ്പോള്‍ അനുവദിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share
error: Content is protected !!