‘തൂക്കുകയറിൽ നിന്നും അങ്ങ് നൽകിയ രണ്ടാം ജന്മം’; ബെക്സ് കൃഷ്ണയുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞ് എം.എ യൂസുഫലി
തൂക്കുകയറിൽ നിന്നും തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച മനുഷ്യന് നന്ദി പറഞ്ഞ ബെക്സ് കൃഷ്ണയുടെ വാക്കുകൾ കേട്ടപ്പോൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ കണ്ണുകളും ഈറനണിഞ്ഞു. 2012 ൽ അബുദാബിയിൽ വച്ചു നടന്ന ഒരു കാർ അപകടത്തിൽ സുഡാൻ വംശജനായ കുട്ടി മരിക്കുകയും കേസിൽ മലയാളിയായും ഡ്രൈവറുമായ തൃശൂർ പുത്തൻചിറ ബെക്സ് കൃഷ്ണനെ യുഎഇ സുപ്രിം കോടതി വധശിക്ഷക്കു വിധിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും ബെക്സിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത് യൂസഫലിയാണ്.
അമ്മയും ഭാര്യയും മകനുമുള്ള ബെക്സ് കൃഷ്ണന്റെ നിർധന കുടുംബത്തെ രക്ഷിക്കാൻ എം.എ. യൂസഫലിയുടെ നിരന്തര പരിശ്രമത്തിനൊടുവിൽ മരിച്ച കുട്ടിയുടെ കുടുംബത്തിന് ഒരു കോടിയോളം രൂപ നൽകിയാണ് വധശിക്ഷയിൽ നിന്ന് മോചിപ്പിച്ചത്. പിന്നീട് ബെക്സിനെ തൂക്കു കയറിൽ നിന്നു നാട്ടിലേക്ക് എത്തിക്കുന്നത് വരെ ലുലുഗ്രൂപ്പ് മേധാവിയുടെ ഇടപെടലുണ്ടായിരുന്നു. തനിക്ക് രണ്ടാമത് ജീവിതം സമ്മാനിച്ച യൂസഫലിയെ നേരിട്ട് കാണമെന്ന ബെസ്കിന്റെ ആഗ്രഹമാണ് നിറവേറിയത്. കൊച്ചിയിൽ ഒരു ചടങ്ങിനിടെയായിരുന്നു ഇരുവരും നേരിൽ കണ്ടുമുട്ടിയത്.
‘എന്നെ ദൈവത്തെ പോലെ വന്ന് രക്ഷപ്പെടുത്തി’… എന്നു പറഞ്ഞു മുഴുമിപ്പിക്കും മുമ്പ് ബെക്സിനെ കെട്ടിപ്പിടിച്ച് യൂസഫലി പറഞ്ഞു: ‘ഒരിക്കലും അങ്ങനെ പറയരുത്, ഞാൻ ദൈവം നിയോഗിച്ച ഒരു ദൂതൻ മാത്രമാണ്’. ‘ജാതിയും മതവും ഒന്നുമല്ല മനുഷ്യ സ്നേഹമാണ് ഏറ്റവും വലുത്. ഞാൻ അതിലെ ഒരു നിമിത്തമാണെന്നും’ അദ്ദേഹം കൂട്ടി ചേർത്തു. എം.എ.യൂസഫലിയെ കണ്ട സന്തോഷത്തിൽ ബെക്സിന്റെ വാക്കുകൾ ഇടറിയപ്പോൾ കണ്ടുനിന്ന വേദിയും സദസും ഈറനണിഞ്ഞു.
വേദന നിറഞ്ഞ വർഷങ്ങളിലെ ദിനങ്ങളിൽ ഓരോന്നും തന്നെ രക്ഷിക്കാൻ “അള്ളാ.. ഒരു മെസഞ്ചറേ അയക്കണമെന്ന്” ജയിലിനുള്ളിലെ മസ്ജിദിൽ പ്രാർഥിക്കുമായിരുന്നുവെന്ന് ബെക്സ് കൃഷ്ണൻ പറഞ്ഞു. ആ പ്രാർഥനയ്ക്ക് ഉത്തരമായാണ് യൂസഫലി സാർ എത്തിയതെന്നും ബെക്സ് കൃഷ്ണ പറഞ്ഞു. ബെക്സ് കൃഷ്ണന്റെ ഭാര്യ വീണ, മകൻ അദ്വൈത്, ഇളയമകളായ ഈശ്വര്യ എന്നിവരും യൂസഫലിയെ കണ്ടു നന്ദി അറിയിക്കാൻ എത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക