ലഗേജിൽ ഉണക്ക ചെമ്മീനും പച്ചക്കറികൾക്കുമൊപ്പം കഞ്ചാവ്; വിമാനത്താവളത്തിൽ പിടിയിലായ പ്രവാസി യുവതിക്ക് 15 വര്‍ഷം തടവ്
ലഗേജില്‍ ഒളിപ്പിച്ച കഞ്ചാവുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായ 25 വയസുകാരിക്ക് 15 വര്‍ഷം തടവ്. ഏകദേശം 60,000 ബഹ്റൈനി ദിനാര്‍ (1.3 കോടിയിലധികം ഇന്ത്യന്‍ രൂപ) വില വരുന്ന കഞ്ചാവാണ് ഇവര്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതെന്ന് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി രേഖകള്‍ വ്യക്തമാക്കുന്നു. തടവിന് പുറമെ 5000 ദിനാര്‍ (10 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും യുവതി അടയ്ക്കണം ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്തും.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പത്തിനാണ് യുവതി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. പെരുമാറ്റത്തിലെ അസ്വഭാവിക ശ്രദ്ധയില്‍പെട്ട ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗ് പരിശോധിച്ചു. ഉണക്ക ചെമ്മീനും ചില പച്ചക്കറികളും നിറച്ച ഒരു കവറില്‍ അതിനോടൊപ്പമാണ് കഞ്ചാവും ഒളിപ്പിച്ചിരുന്നത്. വിമാനത്താവളത്തിലെ എക്സ്റേ പരിശോധയില്‍ തന്നെ കള്ളക്കടത്ത് ശ്രമം കണ്ടെത്തിയെന്ന് കേസ് രേഖകള്‍ പറയുന്നു. തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ വെച്ചുതന്നെ അറസ്റ്റ് ചെയ്‍തു.
ചോദ്യം ചെയ്‍തപ്പോള്‍ ആദ്യ ഘട്ടത്തില്‍ ഇവര്‍ കുറ്റം നിഷേധിച്ചു. നാട്ടില്‍വെച്ച് ഒരു സുഹൃത്ത് തന്നുവിട്ട ഉണക്ക ചെമ്മീനും പച്ചക്കറികളുമായിരുന്നു ഇവയെന്നും ബഹ്റൈനില്‍ എത്തിയ ശേഷം മറ്റൊരാള്‍ക്ക് കൈമാറണമെന്നാണ് പറഞ്ഞിരുന്നതെന്നും ഇവര്‍ മൊഴി നല്‍കി. ലഗേജില്‍ മയക്കുമരുന്ന് ഉണ്ടായിരുന്നെന്ന കാര്യ തനിക്ക് അറിയില്ലായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി ഇവ കണ്ടെടുക്കുകയായിരുന്നുവെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് തന്റെ കഴുത്ത് വേദനയ്‍ക്ക് ആശ്വാസം ലഭിക്കുന്നതിനായി ഉപയോഗിച്ചിരുന്നതാണ് ഇവയെന്ന് യുവതി മൊഴിമാറ്റി. കേസില്‍ കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക