ഗുജറാത്തിൽ വിജയിച്ച എഎപി എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക്?; നേതൃത്വവുമായി ചർച്ച
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും 12.92% വോട്ട് നേടുകയും അഞ്ച് സീറ്റിൽ വിജയിച്ച് സാന്നിധ്യം അറിയിക്കുകയും ചെയ്‌ത ആംആദ്മി പാർട്ടി (എഎപി)ക്ക് വൻ തിരിച്ചടി. പാർട്ടി ടിക്കറ്റിൽ വിജയിച്ച അഞ്ച് എംഎൽഎമാരും നിരന്തരം ബിജെപിയുമായി സമ്പർക്കത്തിലാണെന്നും വൈകാതെ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.
ഇതിൽ ജുനാഗഡ് ജില്ലയിലെ വിശ്വദർ മണ്ഡലത്തിൽനിന്നു കോണ്ഗ്രസിനെ പരാജയപ്പെടുത്തി ജയിച്ച എഎപി എംഎൽഎ ഭൂപത് ഭയാനി ഇന്നുതന്നെ പാർട്ടി ബന്ധം അവസാനിപ്പിച്ച് ബിജെപിയിൽ ചേർന്നേക്കുമെന്നു സൂചനയുണ്ട്. ആം ആദ്‌മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും ഭൂപത് ഭയാനി പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്നായിരുന്നു ഭൂപത് ഭയാനിയുടെ പ്രതികരണം.
അതേസമയം, ബിജെപി സംസ്ഥാന നേതൃത്വം എംഎൽഎമാരുമായി ചർച്ച നടത്തുകയാണെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. ഭൂപത് ഭയാനി ഇന്നുതന്നെ വാർത്താസമ്മേളനം വിളിച്ച് ബിജെപി പ്രവേശനം പ്രഖ്യാപിക്കുമെന്നു സംസ്ഥാന ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യം റിപ്പോർട്ട് ചെയ്‌തു.
ഭൂപത് ഭയാനിക്കു പുറമേ ദെദിയാപദ മണ്ഡലത്തിൽ നിന്ന് ജയിച്ച ചൈതർ വാസവ, ജംജോധ്പുരിൽ നിന്ന് ജയിച്ച ഹേമന്ത് ഖാവ, ബോട്ടാഡ് മണ്ഡലത്തിൽ നിന്ന് ജയിച്ച ഉമേഷ് മകവാന, ഗരിയാധറിൽ നിന്ന് ജയിച്ച സുധീർ വഘാനി എന്നീ നാലു എഎപി എംഎൽഎമാരും ബിജെപിയുമായി നിരന്തരം സമ്പർക്കത്തിലാണെന്നാണ് വിവരം. ഇവരുടെ ബിജെപി പ്രവേശനവും വൈകാതെ ഉണ്ടാകുമെന്നു അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യം റിപ്പോർട്ട് ചെയ്‌തു. ഇതിൽ മൂന്ന് എംഎൽഎമാർ ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് ആം ആദ്‌മി പാർട്ടി ടിക്കറ്റിൽ മത്സരിച്ചത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 156 നിയമസഭാ സീറ്റുകളും കോൺഗ്രസ് 17 സീറ്റുകളും നേടിയപ്പോൾ എഎപി അഞ്ച് സീറ്റുകൾ നേടി. ആം ആദ്മിയുടെ ഈ അഞ്ച് എംഎൽഎ മാരും ബിജെപിയിലേക്ക് പോകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക