ഉടമ അറിയാതെ കാര്‍ എടുത്തുകൊണ്ടുപോയ സുഹൃത്ത് വരുത്തിവെച്ചത് 13 ലക്ഷത്തിൻ്റെ ട്രാഫിക് പിഴ
തന്റെ കാറോടിച്ച് വന്‍ തുക ട്രാഫിക് ഫൈന്‍ വരുത്തിവെച്ച സുഹൃത്തിനെതിരെ പരാതിയുമായി യുവാവ് കോടതിയില്‍. യുഎഇയിലെ അല്‍ഐനിലാണ് സംഭവം. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് 62,300 ദിര്‍ഹം (13 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആണ് തന്റെ വാഹനത്തിന് പിഴ ലഭിച്ചതെന്ന് 28 വയസുകാരനായ പരാതിക്കാരന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം കേസ് അല്‍ ഐന്‍ പ്രാഥമിക കോടതിയുടെ പരിഗണനയ്ക്ക് വന്നു. തന്റെ 2014 മോഡല്‍ റേഞ്ച് റോവര്‍ വാഹനം, അനുമതിയില്ലാതെയാണ് സുഹൃത്ത് എടുത്തുകൊണ്ടു പോയത്. പിന്നീട് വാഹനത്തിനും മറ്റ് ആളുകളുടെ വസ്‍തുവകകള്‍ക്കും നാശനഷ്ടങ്ങളുണ്ടാക്കി. അശ്രദ്ധമായ ഡ്രൈവിങിന് 55,000 ദിര്‍ഹത്തിന്റെ ട്രാഫ് ഫൈന്‍ പല സമയത്തായി ലഭിച്ചു. ഇതിന് പുറമെ മറ്റ് നിയമലംഘനങ്ങളും വാഹനത്തിന്റെ പേരില് രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
ആകെ 62,300 ദിര്‍ഹത്തിന്റെ ബാധ്യത സുഹൃത്ത് കാരണം വാഹനത്തിന് ഉണ്ടായെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഈ പണം സുഹൃത്ത് തന്നെ നല്‍കണമെന്നതാണ് പരാതിക്കാരന്റെ ആവശ്യം. കേസ് കഴിഞ്ഞ ദിവസം വിചാരണയ്‍ക്കെടുത്തപ്പോള്‍ ആരോപണ വിധേയന്‍ കോടതിയില്‍ ഹാജരായില്ല. കേസ് സംബന്ധിച്ച് ഇയാള്‍ക്ക് ടെക്സ്റ്റ് മെസേജുകളിലൂടെയും മറ്റും സന്ദേശം അയച്ചെങ്കിലും കോടതിയില്‍ ഹാജരാവാതെ വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കേസിന്റെ വിചാരണ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക