കേരളമേ…തലതാഴ്ത്തൂ..; മെഡിക്കൽ കോളജിൽ ബന്ധുക്കൾ ഉപേക്ഷിച്ച് ‘അനാഥരായി’ 42 മനുഷ്യർ
വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ മക്കൾ വരുമെന്ന പ്രതീക്ഷ അസ്തമിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ‘അനാഥരായി’ 42 മനുഷ്യർ. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും മുൻ അഭിഭാഷകരും മുതൽ കൂലിത്തൊഴിലാളികൾ വരെ ഇക്കൂട്ടത്തിലുണ്ട്.
ശരീരം തളർന്നു ശയ്യാവലംബിയായ മുപ്പതുകാരനെയും പ്രായാധിക്യം പാടേ തളർത്തിയ എൺപതുകാരനെയുമെല്ലാം ഇവിടെ കാണാം. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അവർ ആ യാഥാർഥ്യം തിരിച്ചറിഞ്ഞത് – ഞങ്ങളെ ആർക്കും വേണ്ട. വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും ഔന്നത്യം കൊട്ടിഘോഷിക്കുന്ന കേരളത്തെ നാണിപ്പിക്കും ഇവിടത്തെ കാഴ്ചകൾ.
ഞെട്ടലോടെ കേൾക്കാൻ കേരളത്തിലെ ചില കഥകൾ ഇങ്ങനെ:
മക്കൾ 3 പേരുണ്ട്; വളർത്തുമകളെക്കൂടി ചേർത്താൽ നാലായി. തുടയെല്ല് ഒടിഞ്ഞു ശയ്യാവലംബിയായി ആശുപത്രിയിൽ കിടക്കുമ്പോൾ തിരിഞ്ഞുനോക്കാൻ ഒരാൾ പോലും ഉണ്ടായിരുന്നില്ല. ആശുപത്രി വിട്ടാൽ ഇനി എവിടേക്ക് എന്ന ചോദ്യത്തിനും ഈ എഴുപത്തിയാറുകാരന് ഉത്തരമില്ല (പേരും വിലാസവും കൊടുക്കരുതേ എന്ന് അദ്ദേഹം നിറകണ്ണുകളോടെ പറയുന്നു. മക്കളോടുള്ള കരുതൽ അച്ഛൻ മറന്നിട്ടില്ല).
ഉള്ള സമ്പാദ്യം വീതിച്ചു കൊടുത്തു മക്കൾക്കു നിറമുള്ള ജീവിതം നൽകിയ പലരും ഇവിടെയുണ്ട്. സ്വത്തു കണക്കിൽ തർക്കമുണ്ടായി പേരക്കുട്ടിയുടെ ഭർത്താവ് കാലു തല്ലിയൊടിച്ച വേദന പങ്കിടുമ്പോഴും മുത്തച്ഛന്റെ ജാഗ്രത താൻ മൂലം ആർക്കും അപമാനം ഉണ്ടാകരുതെന്നാണ്. അഞ്ചു മക്കളുള്ള മറ്റൊരാളും ഇവിടെയുണ്ട്; അതിലൊരാൾ പോലും അച്ഛനെ തേടിയെത്തിയിട്ടില്ല. ഓർത്തോ വിഭാഗത്തിൽ മാത്രം 16 പേരാണ് ഇത്തരത്തിൽ ബന്ധുക്കൾ ഉപേക്ഷിച്ച നിലയിലുള്ളത്.
കുറച്ചുപേരെ ജോലിസ്ഥലത്ത് അപകടം പറ്റി സഹപ്രവർത്തകർ കൊണ്ടുവന്നതാണ്. പരുക്കേറ്റ് വഴിയിൽ കിടക്കുമ്പോൾ ആശുപത്രിയിൽ ആരെങ്കിലും എത്തിച്ചവരുമുണ്ട്. വിലാസം കണ്ടുപിടിച്ച് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയിട്ടില്ല.
വരാന്തയിൽ പോലും രോഗികൾ നിറഞ്ഞു കഷ്ടപ്പെടുമ്പോൾ, ‘ബന്ധുക്കൾക്കു വേണ്ടാത്തവരുടെ’ പട്ടികയിൽപ്പെട്ടവരെ എത്ര നാൾ കിടത്തി പരിചരിക്കാൻ കഴിയും? എങ്കിലും 10 നഴ്സിങ് സ്റ്റാഫിനെ ഇവരുടെ മാത്രം പരിചരണത്തിനായി നിയോഗിച്ച് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ മാതൃക കാട്ടുകയാണ്. ഡോക്ടർമാരും നഴ്സുമാരും മാറിമാറി ആഹാരവും എത്തിച്ചുനൽകുന്നു.
ആശ്രയയിലേക്ക് 18 പേർ
കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ വരില്ലെന്ന് ഉറപ്പായപ്പോൾ എല്ലാ പ്രധാന അനാഥാലയങ്ങൾക്കും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എ.നിസാറുദ്ദീൻ കത്തയച്ചു. കൊട്ടാരക്കരയിലെ ആശ്രയ ട്രസ്റ്റ് മാത്രം അനുകൂലമായി പ്രതികരിച്ചു. 18 പേരെ കൂട്ടിക്കൊണ്ടുപോകാമെന്ന് ആശ്രയ ഡയറക്ടർ കലയപുരം ജോസ് അറിയിച്ചു. ഇതിൽ 8 പേർ കിടപ്പുരോഗികളാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക