പെനാല്‍റ്റി പാഴാക്കി ഹാരി കെയ്ന്‍, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍
സ്വപ്നവിജയം സ്വന്തമാക്കിയ മൊറക്കോ കരുതിയിരിക്കുക. കന്നി ലോകകപ്പ് സെമിയില്‍ നിങ്ങള്‍ക്ക് നേരിടാനുള്ളത് വീഞ്ഞിനേക്കാള്‍ വീര്യമുള്ള ഫ്രഞ്ച് പടയെ. നിലവിലെ ചാമ്പ്യനെ. നായകന്‍ ഹാരി കെയ്ന്‍ പെനാല്‍റ്റി പാഴാക്കി വില്ലനായി മാറിയ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.
84ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി നായകന്‍ ഹാരി കെയ്ന്‍ പുറത്തേക്കടിച്ചത് ഇംഗ്ലണ്ട് താരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ അവിശ്വസനീയമായിരുന്നു. ഇംഗ്ലീഷ് താരം മേസണ്‍ മൗണ്ടിനെ തിയോ ഹെര്‍ണാന്‍ഡസ് ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍ അവസരം ഇംഗ്ലണ്ടിന് മുതലാക്കാനായില്ല.
ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ഇംഗ്ലണ്ടിനെ 54ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഹാരി കെയ്ന്‍ തന്നെയാണ് ഒപ്പമെത്തിച്ചത്. 78ാം മനിറ്റില്‍ ഇംഗ്ലണ്ടിനെ പിന്നിലാക്കി വീണ്ടും ഫ്രാന്‍സ് മുന്നിലെത്തി. ഒളിവര്‍ ജിറൂഡിന്റെ തകര്‍പ്പന്‍ ഹെഡറാണ് ഫ്രഞ്ച് പടയെ വീണ്ടും മുന്നിലെത്തിച്ചത്.
17ാം മിനിറ്റില്‍ ഒറേലിയന്‍ ചൗമെനി നേടിയ ഗോളിലാണ് ഫ്രാന്‍സ് ആദ്യം മുന്നിലെത്തിയത്. നിരവധി ഗോളവസരങ്ങള്‍ ത്രീ ലയണ്‍സിന് ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ പലപ്പോഴും തിരിച്ചടിയായി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക