ഒടുവില്‍ അതും സംഭവിച്ചു! ആഫ്രിക്കൻ കരുത്തുമായി അത്ഭുതപ്പെടുത്തി മൊറോക്കോ, പോർച്ചുഗലിനെ അട്ടിമറിച്ച് ലോകകപ്പ് സെമിയിൽ

ടുവില്‍ അതും സംഭവിച്ചിരിക്കുന്നു. ആഫ്രിക്കന്‍ കറുത്ത കുതിരകളായ മൊറോക്കോയുടെ കുതിപ്പിന് മുന്നില്‍ പോര്‍ച്ചുഗീസ് കപ്പലും ആടിയുലഞ്ഞ് തകര്‍ന്നു. അപരാജിതക്കുതിപ്പുമായി മൊറോക്കോ ഇതാ 2022 ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക്.

 

ക്വാര്‍ട്ടര്‍ ഫൈനലില്‍ അതിശക്തരായ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് മൊറോക്കോ സെമിയിലേക്ക് കുതിച്ചത്. 42-ാം മിനിറ്റില്‍ കരുത്തുറ്റ ഹെഡ്ഡറിലൂടെ വലകുലുക്കിയ യൂസഫ് എന്‍ നെസിരിയാണ് മൊറോക്കോയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. ഈ വിജയത്തോടെ ഇതുവരെ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ഒരു റെക്കോഡാണ് മൊറോക്കോ ശിഥിലമാക്കിയിരിക്കുന്നത്.

ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം എന്ന അപൂര്‍വമായ റെക്കോഡാണ് മൊറോക്കോ സ്വന്തമാക്കിയിരിക്കുന്നത്. ടൂര്‍ണമെന്റിലുടനീളം അത്ഭുതക്കുതിപ്പ് നടത്തുന്ന മൊറോക്കോ ഇതുവരെ ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ വമ്പന്മാരെ വീഴ്ത്തിക്കഴിഞ്ഞു.

 

പറയത്തക്ക വലിയ ശക്തികേന്ദ്രങ്ങളൊന്നുമില്ലാത്ത മൊറോക്കോയുടെ ഈ അത്ഭുതക്കുതിപ്പിന്റെ പ്രധാന ഉറവിടം അവരുടെ ഒത്തിണക്കം തന്നെയാണ്. യാതൊരു കൂസലുമില്ലാതെ ഏത് ടീമിനെയും നേരിടാനുള്ള ധൈര്യമാണ് മൊറോക്കോയുടെ ആവനാഴിയിലെ പ്രധാന ആയുധം. സെമിയില്‍ ഇംഗ്ലണ്ട്-ഫ്രാന്‍സ് മത്സരത്തിലെ വിജയിയെയാണ് മൊറോക്കോ നേരിടുന്നത്.

Share
error: Content is protected !!