ശമ്പളം ലഭിക്കാതെ ദുരിതത്തിലായ മലയാളിയെ നോര്‍ക്ക റൂട്ട്‌സ് ഇടപെട്ട് നാട്ടിലെത്തിച്ചു
സൗദി അറേബ്യയിലെ ജിദ്ദയില്‍ ശമ്പളം ലഭിക്കാതെ ദുരിതത്തിലായ കണ്ണൂര്‍ സ്വദേശി ജിജേഷ് കമുകയെ നോര്‍ക്ക റൂട്ട്‌സ് ഇടപെട്ട് നാട്ടിലെത്തിച്ചു. സ്വകാര്യ റിക്രൂട്ടിങ്ങ് ഏജന്‍സി വഴി ഹൗസ് ഡ്രൈവര്‍ തസ്തികയിലാണ് ജിജേഷ് ജിദ്ദയില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ രണ്ടുമാസമായിട്ടും ശമ്പളം നല്‍കിയിരുന്നില്ല. ഒടുവില്‍ ജിജേഷ് ഇന്ത്യന്‍ എംബസിയില്‍ പരാതി അറിയിക്കുകയായിരുന്നു.
എംബസിയില്‍ പരാതി ലഭിച്ചതോടെയാണ് ജികേഷിനെ സൗദിയില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ അധികൃതര്‍ സാധിച്ചത്. വ്യാഴാഴ്ച മുബൈയിലെത്തിയ ജിജേഷിനെ നോര്‍ക്ക റൂട്ട്‌സ് മുംബൈ എന്‍.ആര്‍.കെ ഡെവലപ്‌മെന്റ് ഓഫീസര്‍ ഷെമിന്‍ ഖാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. പിന്നീട് യാത്രാടിക്കറ്റും മറ്റ് അവശ്യസഹായങ്ങളും ലഭ്യമാക്കി വെള്ളിയാഴ്ച നേത്രാവതി എക്‌സ്പ്രസ്സ് ട്രെയിനില്‍ നാട്ടിലേയ്ക്ക് യാത്ര അയച്ചു.
വിദേശത്തേയ്ക്ക് പോകുന്നവര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അംഗീകരിച്ച ഏജന്‍സികള്‍ വഴി മാത്രമേ പോകാവൂ എന്ന് നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അറിയിച്ചു. വിദേശത്ത് ജോലിക്ക് പോകും മുന്‍പ് തൊഴില്‍ദാതാവിനെക്കുറിച്ചും, ഓഫര്‍ ലെറ്റര്‍, ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ചും കൃത്യമായ അറിവുണ്ടായിരിക്കുകയും വേണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക