ആരാധകരേ മാപ്പ്….ലോകകപ്പ് സെമിക്ക് ഇക്കുറിയും ബ്രസീലില്ല
ചുണ്ടിനോടടുത്തെത്തിയ വിജയം ഷൂട്ടൗട്ടില്‍ തട്ടിത്തെറിച്ച് ക്വാര്‍ട്ടറില്‍ മടങ്ങിയിരിക്കുകയാണ് മുന്‍ ലോകചാമ്പ്യന്മാര്‍. രണ്ടിനെതിരേ നാലു ഗോളിന് മഞ്ഞപ്പടയെ മടക്കിയ ക്രൊയേഷ്യ തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പിന്റെ അവസാന നാലിലെത്തി.
റോഡ്രിഗോയുടെ കിക്ക് ക്രൊയേഷ്യയുടെ സൂപ്പര്‍മാന്‍ ഗോളി ലിവാകോവിച്ച് തടുത്തിട്ടപ്പോള്‍ മാര്‍ക്വിനോസിന്റെ കിക്ക് പോസ്റ്റിന് ഇടിച്ചു മടങ്ങി. ക്രൊയേഷ്യക്കുവേണ്ടി വ്‌ളാസിച്ച്, മേജര്‍, മോഡ്രിച്ച്, ഓര്‍സിച്ച് എന്നിവര്‍ ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. ബ്രസീലിനുവേണ്ടി കാസെമീരോ, പെഡ്രോ എന്നിവര്‍ മാത്രമാണ് ലക്ഷ്യം കണ്ടത്.
അധികസമയത്തും ഇരുടീമുകളും ഒരോ ഗോള്‍ നേടി സമനിലയിലായതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. നൂറ്റിയഞ്ചാം മിനിറ്റില്‍ നെയ്മര്‍ നേടിയ ഗോളില്‍ ബ്രസീല്‍ ഏതാണ്ട് സെമി ഉറപ്പിച്ചിരുന്നു. എന്നാല്‍, നൂറ്റിപതിനാറാം മിനിറ്റില്‍ പെറ്റ്‌കോവിച്ച് ബ്രസലിനെ ഞെട്ടിച്ചുകൊണ്ട് സമനില നേടി. ഇതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.
ഇരുകൂട്ടരും അവസരങ്ങള്‍ ഒരുപോലെ തുലച്ചശേഷമാണ് മത്സരം എക്‌സ്ട്രാ ടൈമില്‍ അവസാനിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ആക്രമണങ്ങള്‍ നടത്തിയത് ബ്രസീല്‍ തന്നെ. അവസരങ്ങള്‍ തുലയ്ക്കുന്നതില്‍ ധാരാളിത്തം കാട്ടിയതും അവര്‍ തന്നെ. ക്രൊയേഷ്യന്‍ ഗോളി ലിവാകോച്ചിന്റ മിടുക്കായിരുന്നു അവരുടെ മുന്നിലെ പ്രധാന വെല്ലുവിളി.